ദുബൈ എകണോമിക് അജണ്ട ജനങ്ങളോടുള്ള പ്രതിബദ്ധത: ഡോ. ആസാദ് മൂപ്പന്‍
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദുബെ എകണോമിക് അജണ്ട (ഡി33) രാജ്യത്തെ ജനങ്ങളോടും അതിന്റെ വളര്‍ച്ചയോടുമുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.
10 വര്‍ഷത്തിനുള്ളില്‍ ദുബൈയെ ഏറ്റവും മികച്ച നാല് ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറ്റാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് ശരിക്കും പ്രചോദനമേകുകയും, ലോകമെമ്പാടും അവരുടെ സംരംഭങ്ങളെ വികസിപ്പിക്കാന്‍ പ്രാദേശിക സംരംഭകരെ പ്രാപ്തരാക്കുകയും ചെയ്യും. ദുബൈ ഇതിനകം തന്നെ ഒരു മുന്‍നിര സാമ്പത്തിക കേന്ദ്രമാണ്. ഡി33യുടെ പരിവര്‍ത്തന പദ്ധതികള്‍ നിക്ഷേപത്തിന്റെ കൂടുതല്‍ ഇടനാഴികള്‍ തുറക്കുകയും ചെയ്യും. ഇത് ഡിജിറ്റല്‍ പരിവര്‍ത്തന സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ഈ സജീവമായ നഗരത്തില്‍ അനന്തമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
യുഎഇ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ മുന്‍നിരയില്‍ നില്‍ക്കാനും യുഎഇയിലെ ദീര്‍ഘ വീക്ഷണം നിറഞ്ഞ ഭരണാധികള്‍ മികച്ച സമീപനമാണ് സ്വീകരിച്ചു വരുന്നത്. 2022ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഗോള വ്യാപാര വളര്‍ച്ചയില്‍ യുഎഇ അസാധാരണമായ 19% ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന നേട്ടമാണ് സൃഷ്ടിച്ചത്.