‘ദുബൈ തുടങ്ങിയിട്ടേയുള്ളൂ’; ലോകോത്തര മികവിനായി ശൈഖ് മുഹമ്മദിന്റെ പ്രതിജ്ഞ
ദുബൈ എകണോമിക് അജണ്ട പ്രഖ്യാപിച്ചു
ദുബൈ: ഒന്നിലധികം ആഗോള സൂചികകളില്‍ ദുബൈ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാവും പകലും അവസാനിക്കുന്നില്ലെന്നും ദുബൈ അതിന്റെ മല്‍സര യജ്ഞം തുടങ്ങിയിട്ടേയുള്ളൂവെന്നും ദുബൈ സാമ്പത്തിക അജണ്ട ‘ഡി 33’ പ്രഖ്യാപിക്കുന്നതിനിടെ ശൈഖ് മുഹമ്മദ് പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.
10 വര്‍ഷത്തിനകം എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും 32 ട്രില്യണ്‍ ദിര്‍ഹമിന്റെ സംയോജിത സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യക്തമാക്കാനും അജണ്ട ലക്ഷ്യമിടുന്നു.
ദുബൈ നേടിയതെല്ലാം പട്ടികപ്പെടുത്തിയാണ് വീഡിയോ തുറക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ നഗരം, അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും വികസിതമായ നഗരം, ലോകത്തിലെ ഏറ്റവും സുരക്ഷിതവും സംരക്ഷണമുള്ളതുമായ ഇടം, അതിവേഗം വളരുന്ന വിദേശ വ്യാപാരം എന്നിങ്ങനെയാണ് ദുബൈയെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
”ദുബൈ ആരംഭിച്ചു കഴിഞ്ഞു. എന്നാലും, ഞങ്ങളുടെ അഭിലാഷം ഇപ്പോഴും അതിന്റെ പ്രാരംഭത്തില്‍ തന്നെയാണ്” -അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
ആധുനിക ദുബൈക്ക് 200 വയസ് തികയുന്നത് 2033ലാണ്. ഡി33 സാമ്പത്തിക പ്രയാണം മികവിലേക്ക് പിന്നെയും കുതിക്കാനുള്ളതാണ്.
അജണ്ടയുടെ ലക്ഷ്യങ്ങളും ദുബൈ ഭരണാധികാരി വ്യക്തമാക്കി. പുതിയ സാമ്പത്തിക മേഖലകളില്‍ ആഗോള യൂണികോണ്‍ ആവാനുള്ള 30 കമ്പനികള്‍ക്കുള്ള സ്‌കെയില്‍ അപ് പ്രോഗ്രാം ഉള്‍പ്പെടെ 100 പദ്ധതികള്‍ ഡി33യില്‍ ഉള്‍പ്പെടുന്നു. എമിറേറ്റിലുടനീളമുള്ള എല്ലാ കമ്പനികള്‍ക്കും ഒരു സവിശേഷ വാണിജ്യ ഐഡന്റിറ്റി എന്ന നിലയില്‍ ഏകീകൃത ലൈസന്‍സും ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെ ആകര്‍ഷിക്കാനുള്ള പ്രോഗ്രാമും ഉണ്ടാകും.