പുതുവര്‍ഷത്തില്‍ റാസല്‍ഖൈമക്ക് രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍
റാസല്‍ഖൈമ: പുതുവര്‍ഷത്തില്‍ കരിമരുന്ന് പ്രകടനങ്ങള്‍ നടത്തി റാസല്‍ഖൈമ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി. കരിമരുന്ന് പ്രകടനങ്ങളുടെ പേരില്‍ ഒട്ടേറെ ലോക റെക്കോര്‍ഡുകള്‍ നിലവില്‍ സ്വന്തമായുള്ള റാസല്‍ഖൈമ 673 ഡ്രോണുകള്‍ കൊണ്ട് 12 മിനിറ്റില്‍ നിലം കുലുക്കുന്ന ശബ്ദവും മാനം നിറയെ വര്‍ണ വെളിച്ചവും വിതറിയാണ് പൈറോ മ്യൂസിക്കല്‍ ഷോയിലൂടെ 2023നെ വരവേറ്റ് രണ്ട് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റിലുകള്‍ക്കുടമയായത്. 4.7 കിലോമീറ്റര്‍ നീളത്തില്‍, 1100 മീറ്റര്‍ ഉയരത്തില്‍, 458 ഡ്രോണുകളാല്‍ നിലവിലുണ്ടായരുന്ന മുന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ഈ നേട്ടത്തിലേക്ക് എത്തിയത്
2023ല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമെന്ന നിലയില്‍ റാസല്‍ഖൈമയെ അടയാളപ്പെടുത്തുക കൂടി ഈ സംരംഭത്തിന്റെ ലക്ഷ്യമായിരുന്നു. അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വരെ കരിമരുന്ന് പ്രകടനം കാണാനായിരുന്നു. ഇവിടത്തെ ഹോട്ടലുകളില്‍ നിന്നും വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
എമിറേറ്റിലുടനീളമുള്ള 30,000 സന്ദര്‍ശകര്‍ ഹോട്ടലുകള്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തിരുന്നുവെന്ന് റാസല്‍ഖൈമ ടൂറിസം അഥോറിറ്റി അറിയിച്ചു. ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ഷോയായി ഇത് മാറിക്കഴിഞ്ഞു.