BusinessTechnologyUAE

വേള്‍ഡ് ഓഫ് കോഫി 2023 ജനു.11 മുതല്‍ ദുബൈയില്‍

ദുബൈ: ജനുവരി 11 മുതല്‍ 13 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ത്രിദിന വേള്‍ഡ് ഓഫ് കോഫി ദുബൈ 2023ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍  അറിയിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡിഡബ്‌ള്യുടിസി) സംയോജിത ഇവന്റ് മാനേജ്‌മെന്റും എക്‌സ്പീരിയന്‍ഷ്യല്‍ ഏജന്‍സിയുമായ ഡിഎക്‌സ്ബി ലൈവ് ആണ് കോഫി വ്യാപാരികളെയും വ്യവസായ വിദഗ്ധരെയും സ്വാഗതം ചെയ്യുന്ന വേള്‍ഡ് ഓഫ് കോഫി 2023 ഒരുക്കുന്നത്.
1,500ലധികം അന്തര്‍ദേശീയ, പ്രാദേശിക കമ്പനികളും ബ്രാന്‍ഡുകളും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍, പരിപാടിയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷനുമായി സഹകരിച്ച് ഡിഎക്‌സ്ബി ലൈവ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഡിഡബ്‌ള്യുടിസിയിലെ സാബീല്‍ ഹാളുകള്‍ 5ലും 6ലുമാണ് നടക്കുക.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ പരിപാടിക്ക് ദുബൈ ആതിഥേയത്വം വഹിക്കുന്നത്. ഈ വര്‍ഷത്തെ എഡിഷനില്‍ കര്‍ഷകര്‍, വ്യാപാരികള്‍, വിതരണക്കാര്‍, എസ്എംഇകള്‍, കഫേ ഉടമകള്‍, ബ്രൂവറികള്‍, ഹോട്ടലുകള്‍, ബാരിസ്റ്റുകള്‍, കോഫി പ്രേമികള്‍, എന്നിവരുള്‍പ്പെടെ വ്യവസായ പ്രമുഖരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ്. ഈ മേഖലയിലെ ലോകമെമ്പാടുമുള്ള  പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള ശ്രമമാണിത്. അമേരിക്കക്കും യൂറോപ്പിനും പുറത്ത് കോഫി ഫെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ നഗരമാണ് ദുബൈ.
ലോകത്തിലെ പ്രധാന ആഗോള കോഫി വ്യവസായ പരിപാടികളിലൊന്നാണിത്. എമിറേറ്റിന്റെ നിലവാരമുയര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് ഡിഎക്‌സ്ബി ലൈവ് സീനിയര്‍ വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ ഹമ്മാദി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയുടെ ഇരട്ടി സ്ഥലത്ത് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ കോഫി പ്രേമികള്‍ക്ക് സവിശേഷമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
ബ്രസീല്‍, ഗ്രീസ്, ഫ്രാന്‍സ്, കൊളംബിയ, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, സ്‌പെയിന്‍, റൊമാനിയ, സിംഗപ്പൂര്‍, ഖത്തര്‍, പനാമ, എന്നീ രാജ്യങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഒമാന്‍, മെക്‌സിക്കോ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഇന്ത്യ, ജോര്‍ജിയ, ഡെന്‍മാര്‍ക്, ചെക്ക് റിപ്പബ്‌ളിക്, ബൊളീവിയ, ബെല്‍ജിയം, ഓസ്ട്രിയ, ചൈന, യുക്രെയ്ന്‍, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖ അന്തര്‍ദേശീയ, പ്രാദേശിക ബ്രാന്‍ഡുകള്‍ വേള്‍ഡ് ഓഫ് കോഫി ദുബൈ 2023ല്‍ പങ്കെടുക്കും.
വേള്‍ഡ് ഓഫ് കോഫി ദുബൈ 2023ലെ സന്ദര്‍ശകര്‍ക്ക് കപ്പിംഗ് റൂം, ബ്രൂ ബാര്‍, റോസ്റ്റേഴ്‌സ് വില്ലേജ് എന്നിവയുള്‍പ്പെടെ നിരവധി സവിശേഷ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ അവസരമുണ്ട്. വര്‍ക്‌ഷോപ്പുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പുറമെ, യുഎഇ നാഷണല്‍ ബാരിസ്റ്റ ചാമ്പ്യന്‍ഷിപ്, കോഫി ഡിസൈന്‍ അവാര്‍ഡ്, മികച്ച പുതിയ ഉല്‍പന്ന മത്സരം തുടങ്ങി നിരവധി പരിപാടികളുമുണ്ടാകും.
ഇവന്റിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിലൊന്നായി സജ്ജീകരിച്ച റോസ്റ്റേഴ്‌സ് വില്ലേജ് സന്ദര്‍ശകര്‍ക്ക് മൈക്രോ റോസ്റ്ററുകളുമായി സംവദിക്കാനുള്ള അവസരം നല്‍കും. ഇവന്റ് സെഗ്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് കോഫി സോഴ്‌സിംഗ്, ഹാന്‍ഡ്‌ലിംഗ്, റോസ്റ്റിംഗ്, ബ്രൂവിംഗ് എന്നിവയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്ച് അറിയാനുള്ള അവസരം ഒരുക്കുമെന്നും കോഫി ആസ്വാദകര്‍ക്ക് ലോകമെമ്പാടുമുള്ള പാനീയങ്ങള്‍ സാമ്പിള്‍ ചെയ്യാനാകുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
ജനുവരി 11, 12 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയും 13ന് രാവിലെ 9 മുതല്‍ 4 വരെയുമായിരിക്കും പ്രദര്‍ശനം.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.