വ്യക്തിഗത സേവനം: ക്യുസിസി യോഗ്യതാ സര്‍ട്ടിഫികറ്റ് വിതരണമാരംഭിച്ചു
അബുദാബി: അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോമിറ്റി കൗണ്‍സില്‍ (ക്യുസിസി) തങ്ങളുടെ സേവനങ്ങളെ വിന്യസിക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത സേവനങ്ങള്‍ക്കായി നിര്‍ദിഷ്ട ടെസ്റ്റിംഗ് സെന്ററുകള്‍ വഴി അനുയോജ്യമായ സര്‍ട്ടിഫികറ്റുകളുടെ വിതരണമാരംഭിച്ചു. അബുദാബി ഡിജിറ്റല്‍ അഥോറിറ്റി നടപ്പാക്കിയ ‘ആയാസ രഹിതമായ ഉപയോക്തൃ അനുഭവം 2022’ന്റെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത്തിന്റെ ഭാഗമായാണിത്.
നടപടികളുടെ എണ്ണം, രേഖകള്‍, സര്‍ട്ടിഫികറ്റ് ലഭിക്കാനെടുക്കുന്ന സമയം എന്നിവ കുറക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നും ഇത് ഉപയോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുമെന്നും കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഹിലാല്‍ ഹുമൈദ് അല്‍ കഅബി പറഞ്ഞു.
നിയുക്ത ടെസ്റ്റിംഗ് സെന്ററുകള്‍ വഴി ഈ യോഗ്യതാ സര്‍ട്ടിഫികറ്റ് നല്‍കുന്ന സേവനം ഉപയോക്താക്കള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ചുരുക്കി പ്രോഗ്രാമിന്റെ ആവശ്യകതകള്‍ നിറവേറ്റും. മതിയായ ടെസ്റ്റുകള്‍ വിജയിക്കാനായി ഏകജാലക പ്രവേശന പോസ്റ്റ് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബുദാബിയില്‍ വൈദ്യുതി, കെട്ടിടം, നിര്‍മാണം, സ്‌കൂള്‍ ഗതാഗതം, പൊതുഗതാഗതം തുടങ്ങി വിവിധ തലങ്ങളില്‍ വ്യക്തിഗത സേവനങ്ങള്‍ വിലയിരുത്താന്‍ സ്ഥലത്തുടനീളം 16 നിയുക്ത ടെസ്റ്റിംഗ് സെന്ററുകളുണ്ടെന്ന് ക്യുസിസി ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് കസ്റ്റമര്‍ ഹാപ്പിനെസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുഹൈറി പറഞ്ഞു. ആരോഗ്യം, മാലിന്യ സംസ്‌കരണം എന്നിവക്കും മറ്റുമായി അവിടെ സര്‍ട്ടിഫികറ്റ് ലഭ്യമാക്കുന്നതാണ്. സര്‍ട്ടിഫികറ്റ് ലഭിക്കാന്‍ ഹ്രസ്വവും എളുപ്പവുമായ നാല് ഘട്ടങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി മേഖലയില്‍ 1888, സ്‌കൂള്‍ ഗതാഗത മേഖലയില്‍ 8331; മാലിന്യം, പൊതുജനാരോഗ്യം എന്നിവയില്‍ 778, സംരക്ഷണ സേവനങ്ങളില്‍ 562 എന്നിങ്ങനെ 2022 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വ്യക്തിഗത സേവനങ്ങള്‍ക്കായി 11,559 യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.