‘ഹായ് റമദാന്‍’: ദുബായ് എക്‌സ്‌പോ സിറ്റിയില്‍ റമദാന്‍ ഉത്സവവും നൈറ്റ് മാര്‍ക്കറ്റും പ്രഖ്യാപിച്ചു
പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം. എക്‌സ്‌പോ സിറ്റിയിലെ പ്രത്യേക പള്ളിയില്‍ തറാവീഹിനും തഹജ്ജുദിനും സൗകര്യം.
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമായ എക്‌സ്‌പോ 2020 നടന്ന ദുബായ് എക്‌സ്‌പോ സിറ്റിയില്‍ റമദാന്‍ ഉത്സവവും നൈറ്റ് മാര്‍ക്കറ്റും പ്രഖ്യാപിച്ചു. ‘ഹായ് റമദാന്‍’ എന്ന പേരില്‍ മാര്‍ച്ച് 3 മുതല്‍ ഏപ്രില്‍ 25 വരെയാണ് റമദാന്‍ ഉത്സവവും നൈറ്റ് മാര്‍ക്കറ്റും നടക്കുക. പുണ്യ മാസത്തിന്റെ പാരമ്പര്യങ്ങളിലേക്കുള്ള കാഴ്ചകള്‍ പ്രദാനം ചെയ്യുന്നതായിരിക്കും ഉല്‍സവവും രാത്രി കാല ചന്തയുമെന്നും ‘മനോഹര അന്തരീക്ഷവും സ്വാദിഷ്ഠ ഭക്ഷണവും ഉല്‍സാഹകരമായ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിരിക്കുന്ന ‘ഹായ് റമദാന്‍’ വിശുദ്ധ മാസത്തിന്റെ യഥാര്‍ത്ഥ ആഘോഷമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എക്‌സ്‌പോ 2020 ദുബായ് ലോകത്തെ ഒരുമിച്ചു കൊണ്ടുവന്നതു പോലെ, ‘ഹായ് റമദാന്‍’ വിശുദ്ധ മാസത്തില്‍ വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ അംന അബുല്‍ഹൗല്‍ പറഞ്ഞു.
എക്‌സ്‌പോ സിറ്റിയിലെ തിയ്യറ്ററായ അല്‍ വസലില്‍ ഷോയും സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റികളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ചില ശില്‍പശാലകള്‍ക്കും ഗെയിമുകള്‍ക്കും നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നൈറ്റ് മാര്‍ക്കറ്റില്‍ പെര്‍ഫ്യൂമുകളും സമ്മാനങ്ങളും കസ്റ്റം മെയ്ഡ് വസ്ത്രങ്ങളും ലഭിക്കുന്നതാണ്.
‘അയല്‍പക്കം’, ‘സ്വാഗതം’ എന്നീ ഇരട്ട അര്‍ത്ഥങ്ങളുള്ള അറബി പദമാണ് ഹായ്. യുഎഇയുടെ പരമ്പരാഗത ആഘോഷമായ ‘ഹഖ് അല്‍ ലൈല’യ്ക്ക് മുന്‍പായി വരുന്ന വാരാന്ത്യത്തില്‍ ആരംഭിക്കുന്ന ഉത്സവം 50 ദിവസത്തിലധികം നീണ്ടുനില്‍ക്കും.
ഹായ് റമദാന്‍ സന്ദര്‍ശകരെ ഒരു സാംസ്‌കാരിക യാത്രയിലേക്ക് കൊണ്ടുപോകും. ഇസ്‌ലാമിക ലോകത്തുടനീളമുള്ള അതുല്യമായ അനുഭവങ്ങള്‍ അവിടെ പങ്കിടുന്നതാണ്. എക്‌സ്‌പോ സിറ്റിയില്‍ പ്രത്യേകം സജ്ജമാക്കിയ മസ്ജിദില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളുണ്ടാകും.
തറാവീഹ് പ്രാര്‍ത്ഥനയ്ക്ക് ശേഷം, കഥാകൃത്തുക്കള്‍ (ഹകാവത്തി) നാടോടിക്കഥകളും സാഹസികത, സംസ്‌കാരം, മതം, ധാര്‍മികത, പാരമ്പര്യം, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളും അവതരിപ്പിക്കുന്നതാണ്.
എക്‌സ്‌പോ 2020 ദുബായിയുടെ ഔദ്യോഗിക ചിഹ്നങ്ങളായ റാഷിദും ലത്തീഫയും ചേര്‍ന്ന് അല്‍ വസല്‍ പ്‌ളാസയില്‍ തിയ്യറ്റര്‍ ഷോ അവതരിപ്പിക്കും. ഇമാറാത്തി സംസ്‌കാരത്തെ കുറിച്ചും ദയ, ഔദാര്യം, അനുകമ്പ തുടങ്ങിയ റമദാന്റെ മൂല്യങ്ങള്‍ സംബന്ധിച്ചും പഠിക്കാന്‍ ശില്‍പശാലകളും ഗെയിമുകളുമുണ്ടാകും. ഇതില്‍ പങ്കു ചേരാന്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാന്‍ മുതിര്‍ന്നവര്‍ക്കായി സ്‌പെഷ്യല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. എല്ലാ പ്രായപരിധികളിലുമുള്ളവര്‍ക്കായി ഗെയിമുകള്‍, ഫിറ്റ്‌നസ്, വെല്‍നസ് പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുന്നതാണ്.
റമദാന്‍ ആരംഭിക്കുന്നത് വരെ നിത്യവും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും, വിശുദ്ധ മാസത്തില്‍ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 2 വരെയുമായിരിക്കും ‘ഹായ് റമദാന്‍’ പ്രോഗ്രാമുകള്‍.