11 ഗവേഷണ പദ്ധതികള്‍: യുഎഇ, മലായ വാഴ്‌സിറ്റികള്‍ തമ്മില്‍ ധാരണയില്‍
അല്‍ ഐന്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി അതിന്റെ ആഗോള പ്രശസ്തി വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി ക്രിയാത്മക സഹകരണ സാധ്യതകള്‍ക്ക് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അല്‍ ഐന്‍ യുഎഇ യൂണിവേഴ്‌സിറ്റി മലായ സര്‍വകലാശാലയുമായി ദേശീയ മുന്‍ഗണനാ മേഖലകളില്‍ 11 ഗവേഷണ പ്രൊജക്റ്റുകളില്‍ അടുത്തിടെ പങ്കാളിത്ത കരാറുകള്‍ ഒപ്പു വെച്ചു.
ഈ സഹകരണം വിശിഷ്ടമായ സംഭാവനകളിലൂടെ ശാസ്ത്ര ഗവേഷണത്തിന്റെ ഗുണനിലവാരം ഊട്ടിയുറപ്പിക്കുന്നതായി റിസര്‍ച്ച് അസോസിയേറ്റ് പ്രൊവോസ്റ്റ് പ്രൊഫ. അഹ്മദ് മുറാദ് പറഞ്ഞു.
രണ്ട് സര്‍വകലാശാലകള്‍ തമ്മിലുള്ള ഗവേഷണ പദ്ധതികള്‍ക്ക് യുഎഇ സര്‍വകലാശാല പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകള്‍ക്കിടയില്‍ നിരവധി മേഖലകളിലായി 11 ഗവേഷണ പദ്ധതികളുണ്ട്. അതില്‍ മൂന്ന് ഭക്ഷ്യ, കാര്‍ഷിക മേഖലകളിലെ പ്രൊജക്റ്റുകളും ഉള്‍പ്പെടുന്നു.
‘യുഎഇയില്‍ ഗ്രീന്‍ ഹോമിലും ഓപണ്‍ ഫീല്‍ഡ് അവസ്ഥയിലും ഉല്‍പാദിപ്പിക്കപ്പെടുന്ന അത്തിപ്പഴത്തിന്റെ (ഫിക്കസ് കാരിക്ക എല്‍) പോഷക ഗുണവും സംഭരണ കാലാവധിയും മെച്ചപ്പെടുത്താനുള്ള പോസ്റ്റ് ഹാര്‍വെസ്റ്റ് സാങ്കേതിക വിദ്യകള്‍’ സംബന്ധിച്ചുള്ളതാണ് ഒരു ഗവേഷണ പദ്ധതി. ‘പുതിയ പ്രോബയോട്ടിക് ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന എക്‌സോപോളിസാകറൈഡുകളുടെ (ഇപിഎസ്) സ്വഭാവം, ആന്റി ഓക്‌സിഡന്റ്, ആന്റി കാന്‍സര്‍, ഇമ്യൂണോമോഡുലേറ്ററി പ്രവര്‍ത്തനങ്ങള്‍, ഒട്ടകപ്പാല്‍ ഉല്‍പന്നങ്ങളില്‍ (പുളിപ്പിച്ച പാലും ചീസും) അതിന്റെ റിയോളജിക്കല്‍ സ്വാധീനവും’ എന്ന പേരില്‍ മറ്റൊരു ഗവേഷണവുമുണ്ട്. ജലം, ഊര്‍ജം എന്നിവയില്‍ അഞ്ച് ഗവേഷണ പ്രൊജക്ടുകളുമുണ്ട്. അവയിലൊന്ന് ‘ഭൂഗര്‍ഭ ജലനിരപ്പിനും വരണ്ട, ഉഷ്ണ മേഖലാ ഇടങ്ങളിലെ ഗുണനിലവാരത്തിനും വേണ്ടിയുള്ള സാമാന്യവത്കൃത സോഫ്റ്റ് കംപ്യൂട്ടിംഗ് മോഡല്‍’ ആണ് മറ്റൊന്ന്. ‘സാള്‍ട്ട് വാട്ടര്‍ ബേസ്ഡ് പവേഡ് ജനറേറ്റര്‍ സിസ്റ്റത്തിന്റെ വികസനം’ ആണ് വേറൊന്ന്.
2017നും 2022നുമിടയില്‍, സര്‍വകലാശാലയിലെ ഫാകല്‍റ്റി അംഗങ്ങളും ഗവേഷകരും മലായ സര്‍വകലാശാലയിലെ ഗവേഷകരുമായി സഹകരിച്ച് 105 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രധാനമായും കമ്പ്യൂട്ടര്‍ സയന്‍സസ്, പരിസ്ഥിതി ശാസ്ത്രം, മെഡിസിന്‍, എഞ്ചിനീയറിംഗ് എന്നിവയിലാണ് പഠനങ്ങള്‍. കൂടാതെ, 2023 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ജലം, ഊര്‍ജം, ചലനാത്മക ഗവേഷണം എന്നിവയില്‍ മലായ സര്‍വകലാശാലയുമായി സഹകരിച്ച് അഞ്ച് പുതിയ പ്രൊജക്റ്റുകള്‍ക്ക് ഈയിടെ ധനസഹായം ലഭിച്ചതായും സര്‍വകലാശാല വക്താവ് അറിയിച്ചു.