യുഎഇയില്‍ 15 വിജയ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഫെഡറല്‍ ബാങ്ക്
കൊച്ചി/ദുബായ്: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് യുഎഇയില്‍ വിജയകരമായ 15 വര്‍ഷം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമായി ഇടപാടുകാരെ നേരിട്ട് കാണാനും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും ജീവനക്കാര്‍ക്കൊപ്പം വാര്‍ഷികം ആഘോഷിക്കാനും ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ യുഎഇ സന്ദര്‍ശിച്ചു. ഫെഡറല്‍ ബാങ്കിനെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാനും മിഡില്‍ ഈസ്റ്റ് മേഖലയില്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം യുഎഇയിലെ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ദുബയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വെങ്കടരാമന്‍ അനന്ത നാഗേശ്വരന്‍ വിഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു.
ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനത്തിനിടെ ഫെഡറല്‍ ബാങ്ക് ഒട്ടേറെ നാഴികക്കല്ലുകള്‍ പിന്നിടുകയും യുഎഇയുടെ വളര്‍ച്ചയിലും വികസനത്തിലും കാര്യമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്ത് മുന്നിട്ടു നില്‍ക്കുമ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബാങ്കിങ് സേവനങ്ങളാണ് ഫെഡറല്‍ ബാങ്കിനെ സവിശേഷമാക്കുന്നത്. ‘ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍’ എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുടക്കമാകും.
ഈ വന്‍ വിജയത്തിലെ പങ്കാളികള്‍, ഇടപാടുകാര്‍, ജീവനക്കാര്‍ തുടങ്ങി എല്ലാവരോടും കടപ്പാടുണ്ടെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. നേട്ടങ്ങളില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ട്. പങ്കാളികളില്‍ നിന്നും ഇടപാടുകാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍, മിഡില്‍ ഈസ്റ്റ് ചീഫ് റെപ്രസന്റെറ്റീവ് ഓഫീസര്‍ അരവിന്ദ് കാര്‍ത്തികേയന്‍, ദുബായ് ചീഫ് റെപ്രസന്റെറ്റീവ് ഓഫിസര്‍ ഷെറിന്‍ കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.
ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തുടര്‍ന്നും മുന്‍ഗണന. ലോകമൊട്ടാകെയുള്ള ഇടപാടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്” -അദ്ദേഹം പറഞ്ഞു.
എല്ലാ തലങ്ങളിലുമുള്ള കരുത്തുറ്റ പ്രകടന മികവില്‍ കഴിഞ്ഞ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണ് ബാങ്ക് കൈവരിച്ചത്. പരമ്പരാഗത ബാങ്കിങ് സേവനങ്ങള്‍ക്ക് പുറമെ ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സനല്‍ ലോണ്‍, വാഹന വായ്പ, വാണിജ്യ വാഹന വായ്പ, മൈക്രോ ഫിനാന്‍സ് ബിസിനസ് രംഗങ്ങളിലേക്കും ബാങ്ക് വിജയകരമായി ചുവട് വച്ചിട്ടുണ്ട്. പാരിസ്ഥിതിക, സാമൂഹിക മാനദണ്ഡങ്ങളോട് പുലര്‍ത്തിപ്പോരുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന് കീഴിലുള്ള ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നുള്ള ഓഹരി നിക്ഷേപവും ഫെഡറല്‍ ബാങ്കിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും യുഎഇയില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.