ജനശ്രദ്ധയാകര്‍ഷിച്ച് 15-ാത് എമിറേറ്റ്‌സ് എയര്‍ലൈന്‍ സാഹിത്യോല്‍സവം
മലയാളത്തില്‍ നിന്നും സന്തോഷ് ജോര്‍ജ് കുളങ്ങര, എം.മുകുന്ദന്‍
ദുബായ്: ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലിലും ജദ്ദാഫിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലൈബ്രറിയിലു(എംബിആര്‍എല്‍)മായി നടന്നു വരുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ ആഭിമുഖ്യത്തിലുള്ള 15-ാമത് സാഹിത്യോല്‍സവം (ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേചര്‍) ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു. ഇന്നലെ ഉദ്ഘാടന ചടങ്ങില്‍ ദുബായ് കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അഥോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ മെംബറും എമിറേറ്റ്‌സ് ലിറ്ററേചര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സനുമായ ശൈഖാ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ് ചെയര്‍മാനും എമിറേറ്റ്‌സ് ലിറ്ററേചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, വിഖ്യാത ഇമാറാത്തി സാഹിത്യകാരനും എംബിആര്‍എല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് അഹ്മദ് അല്‍മുര്‍ തുടങ്ങിയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.
ഈ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയില്‍ സംഘടിപ്പിക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ ‘കോപ് 28’ന്റെ പശ്ചാത്തലത്തില്‍, അതിന്റെ പ്രമേയത്തോട് ഐക്യപ്പെടുന്ന വിധത്തില്‍ സംസ്‌കാരവും പൈതൃകവും വര്‍ത്തമാനത്തെയും ഭാവിയെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതിനെ പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു ഉദ്ഘാടന ചടങ്ങ് ഒരുക്കിയിരുന്നത്. ദുബായിലെ മണല്‍ക്കൂനകളുടെ പശ്ചാത്തലത്തില്‍ നടന്ന സായാഹ്ന ഉദ്ഘാടന പരിപാടിയില്‍ തത്സമയ കവിതാ പാരായണങ്ങളും സംഗീത പരിപാടികളും അരങ്ങേറി.
മലയാളത്തില്‍ നിന്നും സന്തോഷ് ജോര്‍ജ് കുളങ്ങര ഈ മാസം 4ന് ഉച്ച 12.30ന് ഇന്റര്‍കോണ്‍ടിനെന്റലിലെ പരിപാടിയില്‍ സംബന്ധിക്കും. 5-ാം തീയതി എം.മുകുന്ദന്‍ ഇന്റര്‍കോണ്‍ടിനെന്റലില്‍ രാവിലെ 11.30ന് സദസ്സുമായി സംവദിക്കുന്നതാണ്.
പ്രസിദ്ധ ഇന്ത്യന്‍ മാധ്യമ വ്യക്തിത്വം ബര്‍ഖാ ദത്ത് 4ന് ഉച്ച 2നും, ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ 5ന് വൈകുന്നേരം 4.30നും, സുധാ മൂര്‍ത്തി 6ന് രാവിലെ 9.30നും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള എഴുത്തുകാരാണ്. ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന വേറെയും ഇന്ത്യന്‍ എഴുത്തുകാരുണ്ട്.
ഇമാറാത്തി കഥാകൃത്തുക്കളായ അഫ്‌റ ആതിഖ്, ഹബീബ് ഗുലൂം, മൗസ അല്‍ മസ്‌റൂഇ, അബ്ദുല്ല ജമാല്‍ അല്‍ ഹമ്മാദി എന്നിവര്‍ മോണോലോഗുകളിലൂടെയും പ്രതിഫലനങ്ങളിലൂടെയും ഫെസ്റ്റിവലിലെ കലാകാരന്മാരെ നയിക്കുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കാനും പ്രചോദിപ്പിക്കാനും ആഗോള സാംസ്‌കാരിക സാഹിത്യ ഭൂപടത്തില്‍ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഫെസ്റ്റിവല്‍ അതിന്റെ ദൗത്യം നിറവേറ്റിയിട്ടുണ്ടെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേചര്‍ സംസ്‌കാരങ്ങള്‍ക്കിടയില്‍ ഒരു പാലമായി വര്‍ത്തിക്കാനും ഭാവിയിലേക്കുള്ള ഒരു പുതിയ സര്‍ഗാത്മക കാഴ്ചപ്പാട് നല്‍കാനുമുള്ള ദുബായിയുടെ ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.