ജീവനക്കാര്‍ക്കും കുടുംബത്തിനും 30 കോടിയുടെ സമ്മാനം; മാതാപിതാക്കള്‍ക്ക് വിദേശയാത്ര
സമ്മാനപ്പെരുമഴയായിഏരിസ് ഗ്രൂപ് സില്‍വര്‍ ജൂബിലി ആഘോഷം
ദുബായ്: സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ഏരിസ് ഗ്രൂപ് ഓഫ് കമ്പനീസ്. 25-ാം വാര്‍ഷികാഘോഷ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ ദുബായ് യാത്രയും കമ്പനി ഒരുക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായാണ് കമ്പനി 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായി നിലകൊള്ളുന്ന ജീവനക്കാരോടുള്ള നന്ദിസൂചകമായാണ് ഇത്രയും വലിയ തുകയ്ക്കുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരീസ് ഗ്രൂപ് അറിയിച്ചു. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ദുബായ് സന്ദര്‍ശിച്ച് അവിടെ നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഒരു പതിറ്റാണ്ടിലധികമായി ഏരീസ് ഗ്രൂപ് ജീവനക്കാരുടെ മാതാപിതാക്കള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കുടുംബാംഗങ്ങളെയും കമ്പനിയുടെ ഭാഗമായി കണ്ടാണ് ഇത്തരത്തിലുള്ളപ്രവര്‍ത്തനങ്ങള്‍
ഏരീസ് ഗ്രൂപ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് ആണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. 1998ല്‍ കമ്പനി ആരംഭിച്ച നാള്‍ മുതല്‍ ലാഭവിഹിതത്തിന്റെ 50 ശതമാനവും ജീവനക്കാര്‍ക്കാണ് നല്‍കുന്നതെന്ന പ്രത്യേകതയും ഏരീസ് ഗ്രൂപ്പിനുണ്ട്.
25 വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായ ജീവനക്കാരോടും അവര്‍ക്ക്പിന്തുണയായി നിലകൊള്ളുന്ന കുടുംബാംഗങ്ങളോടും തങ്ങള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നതായി സോഹന്‍ റോയ് പറഞ്ഞു.
”ബിസിനസിന്റെ വിജയം അതിലെ ജീവനക്കാരുടെ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. സ്ഥാപനത്തിനു വേണ്ടി ജീവനക്കാര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഞങ്ങള്‍ നന്ദിപറയുന്നത് ഇങ്ങനെയൊക്കെയാണ്. സില്‍വര്‍ ജൂബിലിയില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളെ ദുബായിലേക്ക് എത്തിക്കുന്നതും കുടുംബാംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കുന്നതും പ്രതിബദ്ധതയുടെ തെളിവാണ്. ഇത്തരം പ്രവൃത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും. ജീവനക്കാര്‍ക്ക് ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിലുള്ളഅഭിമാനം വര്‍ധിക്കുകയും ചെയ്യും” -സോഹന്‍ റോയ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഷിപ് ഡിസൈന്‍ & ഇന്‍സ്‌പെക്ഷന്‍ സ്ഥാപനങ്ങളിളിലൊന്നായ ഏരീസ് ഗ്രൂപ്പില്‍ ആഗോള തലത്തില്‍ 25 രാജ്യങ്ങളില്‍ നിന്നും 2200ന് മുകളില്‍ ജീവനക്കാരാണുള്ളത്. മറൈന്‍, ഓയില്‍ & ഗ്യാസ്, ഓഫ്‌ഷോര്‍, വിനോദം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായ ഏരീസ് ഗ്രൂപ് ക്‌ളയന്റുകള്‍ക്ക് മികച്ചസേവനം നല്‍കുന്നതിലും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നിരവധി ജീവകാരുണ്യ പദ്ധതികളാണ് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക്‌പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസികോല്ലാസത്തിനായുള്ള പരിപാടികള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
പ്രകൃതിക്ഷോഭത്തിലൂടെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം, പിന്നാക്ക മേഖലകളില്‍ സ്‌കൂളുകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.