4 ഗിന്നസ് റെക്കോര്‍ഡുകള്‍ തീര്‍ത്ത് ശൈഖ് സായിദ് ഫെസ്റ്റിവല്‍
അബുദാബി: പുതുവര്‍ഷ രാവില്‍ 4 പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തീര്‍ത്ത് ചരിത്രമെഴുതി ശൈഖ് സായിദ് ഫെസ്റ്റിവല്‍. ഏറ്റവും വലിയ കരിമരുന്ന് പ്രദര്‍ശനവും ഡ്രോണ്‍ പ്രദര്‍ശനവുമായി 2023ലെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ അല്‍ വത്ബയില്‍ ഒത്തുകൂടിയ യുഎഇയില്‍ നിന്നും രാജ്യത്തിന് പുറത്ത് നിന്നുമുള്ള ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ ശൈഖ് സായിദ് ഫെസ്റ്റിവലിന് സാക്ഷ്യം വഹിച്ചു.
ഈ മേഖലയില്‍ ആദ്യമായി 60 മിനിറ്റ് നീണ്ടുനിന്ന, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കരിമരുന്ന് ദൃശ്യവിരുന്നായിരുന്നു ഇത്. ഡ്രോണുകളിലൂടെയാണ് കരിമരുന്ന് പ്രകടനങ്ങള്‍ ഒരുക്കിയത്. ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ കാണികള്‍ തിങ്ങി നിറഞ്ഞിരുന്നു.
ആഹ്‌ളാദാന്തരീക്ഷത്തില്‍ 40 മിനിറ്റിലധികം സമയം നീണ്ടുനിന്ന ഏറ്റവും വലിയ കരിമരുന്ന് പ്രയോഗമായിരുന്നു നടന്നത്. മൂവായിരത്തിലധികം ഡ്രോണുകകളണ് അല്‍ വത്ബയുടെ ആകാശത്ത് തലങ്ങും വിലങ്ങും പറന്ന് വര്‍ണ ചക്രവാളം തീര്‍ത്തത്. കാണികള്‍ക്ക് കാഴ്ചാ വിസ്മയത്തോടെ പുതുവര്‍ഷ സ്വാഗത സന്ദേശവും മാനത്ത് വിന്യസിച്ചു.
ഈ അത്ഭുതകരമായ നാഴികക്കല്ലിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തവേ, പ്രകടനത്തിനിടെ നാല് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശൈഖ് സായിദ് ഫെസ്റ്റിവലിന് കഴിഞ്ഞുവെന്നും അതില്‍ മൂന്നെണ്ണം കരിമരുന്ന് പ്രകടന മികവിനുള്ളതായിരുന്നുവെന്നും ഒന്ന് ഡ്രോണ്‍ സൃഷ്ടിച്ച പുതിയ റെക്കോര്‍ഡായിരുന്നുവെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അഡ്ജൂഡികേറ്റര്‍ അല്‍വലീദ് ഉസ്മാന്‍ വിശദീകരിച്ചു.
30 സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു ജിറാന്‍ഡോള പടക്കങ്ങളില്‍ ഭൂരിഭാഗവും വിക്ഷേപിച്ചത്.
പങ്കാളിത്ത രാജ്യങ്ങളുടെ പുതുവത്സരാഘോഷങ്ങളില്‍ അന്തര്‍ദേശീയ നാടോടിക്കഥകളും സാംസ്‌കാരിക അവതരണങ്ങളും ഉള്‍പ്പെട്ടിരുന്നു. അത് ഫെസ്റ്റിവല്‍ വേദികളെയും പവലിയനുകളെയും ഒരാഗോള കലാ കേന്ദ്രമാക്കി മാറ്റിയിരുന്നു.