ലോക ഭരണകൂട ഉച്ചകോടി: 50 പുതിയ ഭാവി അവസരങ്ങളുമായി ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍
ദുബായ്: ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ 2023ലെ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ‘ഫ്യൂച്ചര്‍ ഓപര്‍ച്യുണിറ്റീസ് റിപ്പോര്‍ട്ട്: ദി ഗ്‌ളോബല്‍ 50’ പുറത്തിറക്കി. വിവിധ മേഖലകളിലായി 50 അവസരങ്ങളും പത്ത് ആഗോള മെഗാ ട്രെന്‍ഡുകളും അനാവരണം ചെയ്തു. ശാസ്ത്ര പുരോഗതി, സാമ്പത്തിക വളര്‍ച്ച, സര്‍ക്കാര്‍ ജോലി, സാമൂഹിക വികസനം തുടങ്ങിയ ആഗോള വെല്ലുവിളികളെ അതിജീവിക്കാനുള്ള അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 30 അന്താരാഷ്ട്ര വിദഗ്ധര്‍ക്കൊപ്പം തയാറാക്കിയ റിപ്പോര്‍ട്ടാണിത്.
സമൂഹങ്ങള്‍ക്ക് ഭാവി രൂപകല്‍പന ചെയ്യാന്‍ കഴിയുമെന്നും ഗവണ്‍മെന്റുകള്‍ വലിയ പരിവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി കാണുകയും അതുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യണമെന്ന് വിശ്വസിക്കുന്നുവെന്ന് യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.
വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍, റോബോട്ടിക്‌സിനെ ആശ്രയിക്കല്‍, നൂതന കൃഷി, പരിധിയില്ലാത്ത ഊര്‍ജ്ജം, പുതിയ സാമഗ്രികള്‍, ബഹിരാകാശത്തെ ഊര്‍ജ്ജ സംഭരണം എന്നിവ ഉള്‍പ്പെടെ ഭാവി സാഹചര്യങ്ങള്‍ക്ക് ചട്ടക്കൂട് നല്‍കുന്ന ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് റിപ്പോര്‍ട്ടിലെ 50 അവസരങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കുന്നതിലും പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് കോഴ്‌സ് ക്രമീകരിക്കുന്നതിലും മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.
റിപ്പോര്‍ട്ട് അഞ്ച് വിഭാഗങ്ങളിലായി സ്ഥിതിവിവരക്കണക്കുകള്‍ വാഗ്ദാനം ചെയ്യുന്നു: ആരോഗ്യ പുനര്‍രൂപകല്‍പ്പന, മെച്ചപ്പെടുത്തിയ സഹകരണം, പ്രകൃതി പുനഃസ്ഥാപിക്കപ്പെട്ടത്, ശാക്തീകരിക്കപ്പെട്ട സമൂഹങ്ങള്‍, പരിവര്‍ത്തന അവസരങ്ങള്‍. റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 10 ആഗോള മെഗാട്രെന്‍ഡുകളില്‍ വര്‍ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളും മെറ്റീരിയല് സയന്‍സിലെ ഫണ്ടിംഗും, ഡാറ്റ ലഭ്യത, സൈബര്‍ സുരക്ഷ എന്നിവ ഉള്‍പ്പെടുന്നു. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ അറബിയിലും ഇംഗ്ലീഷിലും റിപ്പോര്‍ട്ട് ലഭ്യമാണ്.