അബുദാബിയില്‍ വില്ലക്ക് തീപിടിച്ച് 6 മരണം; 7 പേര്‍ക്ക് പരിക്ക്
ദുബായ്: അബുദാബിയില്‍ ഒരു വല്ലയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പൊള്ളലേറ്റു. അബുദാബി നഗരത്തിന്റെ തെക്കു-കിഴക്കന്‍ മേഖലയായ അല്‍ മുഅസ്സസിലെ വില്ലയാണ് അഗിനിക്കിരയായത്.
അഗ്‌നിബാധയുടെ വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ ഫൈറ്റിംഗ് ടീം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആറു പേര്‍ക്ക് ജീവഹാനിയുണ്ടായെന്നും രണ്ട് പേര്‍ക്ക് ഗുരുതരമായും അഞ്ചാളുകള്‍ക്ക് നേരിയ തോതിലും പരിക്കേറ്റുവെന്നും അബുദാബി സിവില്‍ ഡിഫന്‍സ് അഥോറിറ്റി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച അന്വേഷണത്തിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച വിവരം അറിയാനാവുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
മയ്യിത്ത് നമസ്‌കാരം ബനിയാസ് ഖബര്‍സ്താന്‍ പരിസരത്ത് നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും, മറ്റൊരു തീയതിയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കണമെന്നും, കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസം ദുബായ് അല്‍ റാസിലെ ഒരു ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികളടക്കം 16 പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഗ്‌നിബാധ പ്രതിരോധിക്കാനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി യുഎഇ അധികൃതര്‍ പ്രവര്‍ത്തന നിരതമാണ്. കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്താന്‍ അബുദാബി സിവില്‍ ഡിഫന്‍സ് അഥോറിറ്റി ഈ മാസാദ്യം ഒരു ഫീല്‍ഡ് സര്‍വേ നടത്തിയിരുന്നു. തീയും പുകയും കണ്ടെത്താനുള്ള ഉപകരണങ്ങളും അഗ്‌നി ശമന സംവിധാനങ്ങും സര്‍വേക്കിടെ വിതരണം ചെയ്തിരുന്നു.
ഷാര്‍ജയില്‍ അഗ്‌നി ശമനവുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ മുഖഭാഗങ്ങളില്‍ അഗ്‌നി പ്രതിരോധ ക്‌ളാഡിംഗുകള്‍ സ്ഥാപിക്കാനുള്ളതാണീ പദ്ധതി.