ReligionUAE

സത്യവിശ്വാസിയുടെ സ്വഭാവ ഗുണങ്ങള്‍

പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) സത്യവിശ്വാസിയെ സ്വര്‍ണത്തോടും തേനീച്ചയോടുമാണ് ഉപമിച്ചിരിക്കുന്നത്. കാരണം, സ്വര്‍ണത്തിനുള്ളത് കളങ്കമില്ലാത്ത പരിശുദ്ധിയും തെളിമയുമാണ്. അതിന്റെ സ്വത്വത്തിന് മാറ്റം വരികയില്ല. മൂല്യം കുറയുകയുമില്ല. അത് കണക്കെ സത്യവിശ്വാസിയുടെ ഹൃദയം പരിശുദ്ധമായിരിക്കും. തെളിമയാര്‍ന്ന ഉന്നത സല്‍സ്വഭാവങ്ങളായിരിക്കും അവനുണ്ടായിരിക്കുക. അവനില്‍ സത്യവിശ്വാസം അചലഞ്ചമായിരിക്കുകയും ചെയ്യും.
സത്യവിശ്വാസി തേനീച്ച കണക്കെ എന്നു പറയാന്‍ കാരണം തേനീച്ച വളരെ ശുദ്ധവും രുചികരവുമായത് മാത്രമാണ് ഭക്ഷിക്കുന്നതും തേനായി പുറത്തെടുക്കുന്നതും. പൂക്കളില്‍ നിന്നും പഴങ്ങളില്‍ നിന്നും നല്ലത് മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ. അപ്രകാരം സത്യവിശ്വാസി അനുവദനീയമായത് മാത്രമേ ഭക്ഷിക്കുകയും നല്ലത് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യും.
നബി (സ്വ) ഉപമിച്ചത് ഇങ്ങനെ: അല്ലാഹുവാണേ സത്യം, സത്യവിശ്വാസിയുടെ ഉപമ സ്വര്‍ണക്കട്ടിയാണ്. അതിലേക്ക് ഊതിയാല്‍ മാറ്റമുണ്ടാവുകയോ പൊടി പിടിക്കുകയോ ഇല്ല. ഒട്ടുമേ കുറയുകയുമില്ല. അല്ലാഹുവാണേ സത്യം, സത്യവിശ്വാസിയുടെ ഉപമ തേനീച്ചയാണ്. അത് കഴിക്കുന്നതും പുറപ്പെടുവിക്കുന്നതും നല്ലത് മാത്രം. അതൊരു മരക്കമ്പിലിരുന്നാല്‍ പൊട്ടല്‍ വരുത്തുകയോ നാശമുണ്ടാക്കുകയോ ചെയ്യില്ല (ഹദീസ് അഹ്മദ് 7051).
അപ്രകാരം സത്യവിശ്വാസിയുടെ നിലപാടും ഇടപാടും ശുദ്ധമായിരിക്കും. ഒന്നിനെയും വേദനിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്യില്ല. ജനങ്ങള്‍ക്കിടയില്‍ സ്വഭാവ വൈശിഷ്ട്യം കൊണ്ടും സല്‍ഗുണ സമ്പന്നത കൊണ്ടും ശ്രദ്ധേയനായിരിക്കും സത്യവിശ്വാസി. വാക്കിലും പ്രവൃത്തിയിലും കണിശമായി നന്മ പുലര്‍ത്തുന്നവനുമായിരിക്കും. ഏവരോടും സല്‍സ്വഭാവത്തോടെ വര്‍ത്തിക്കാനാണ് നബി (സ്വ) സമുദായത്തോട് കല്‍പ്പിച്ചിരിക്കുന്നത് (ഹദീസ് തുര്‍മുദി 1987).
സത്യവിശ്വാസി സംസാരിച്ചാല്‍ സത്യം മാത്രമേ ഉരുവിടുകയുള്ളൂ. അല്ലാഹു പറയുന്നുണ്ട്: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരൊന്നിച്ചാവുകയും ചെയ്യുക (സൂറത്തു ത്തൗബ 119).
വിശ്വാസ്യത പുലര്‍ത്തുകയും വാഗ്ദത്തം പാലിക്കുകയും ചെയ്യുന്നവനാണ് സത്യവിശ്വാസി. സൂറത്തു മുഅ്മിനൂന്‍ എട്ടാം സൂക്തത്തില്‍ സത്യവിശ്വാസികളെ തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരെന്ന് വിശേഷിപ്പിക്കുന്നുണ്ട്.
സാമൂഹിക സേവനങ്ങള്‍ ചെയ്യുന്നവനായിരിക്കും സത്യവിശ്വാസി. അന്യരോട് സഹിഷ്ണുതയും സഹകരണവും പുലര്‍ത്തും. സ്വന്തത്തിനും സമൂഹത്തിനും നന്മ മാത്രമേ ചെയ്യുകയുള്ളൂ. അല്ലാഹു പറയുന്നു: നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കണം (സൂറത്തു മാഇദ 02).
നമ്മുടെ നബി(സ്വ)യെ അല്ലാഹു നിയോഗിച്ചിരിക്കുന്നത് പരിപൂര്‍ണ അത്യുല്‍കൃഷ്ട സ്വഭാവ മഹിമകളുള്ളവരായിട്ടാണ്. അല്ലാഹു ഖുര്‍ആനില്‍ നബി (സ്വ)യെ അഭിസംബോധന ചെയ്തിരിക്കുന്നത് അങ്ങ് അതിമഹത്തായ സ്വഭാവത്തിന്മേലെന്നൊണ് (സൂറത്തു ഖലം 04). നബി (സ്വ) പ്രവാചകരായിട്ടുള്ള നിയോഗം തന്നെ ഉത്തമ സ്വഭാവങ്ങളുടെ വിശാല വ്യാപനത്തിനാണ്. നബി (സ്വ) പറഞ്ഞിരിക്കുന്നു: ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത് മഹിത സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് (ഹദീസ് ബുഖാരി 273).
നന്മയുടെ ഏതു വിധേയനെയുമുള്ള ഉത്തുംഗ ജീവിത ദര്‍ശനങ്ങള്‍ നബി(സ്വ)യിലുണ്ട്. അല്ലാഹു തന്നെ പറയുന്നു: നിശ്ചയം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അവനെ ധാരാളം അനുസ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉദാത്ത മാതൃകയുണ്ട് (സൂറത്തുല്‍ അഹ്‌സാബ് 21).

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.