മാതൃസ്‌നേഹത്തിന്റെ കഥ പറഞ്ഞ് ‘എ ജേണി ഓഫ് എ റീകോള്‍ഡ് മാന്‍’
ദുബൈ: മാതാവിന്റെ സ്‌നേഹവാത്സല്യം കൊതിക്കുന്ന മകന്റെ കഥ പറയുന്ന സംഗീത ആല്‍ബം ‘എ ജേണി ഓഫ്? എ റീകോള്‍ഡ് മാന്‍’ പുറത്തിറങ്ങി. നികോണ്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ ആഫ്രിക്കയുടെ ബാനറില്‍ സുല്‍ത്താന്‍ ഖാന്‍ സംവിധാനം ചെയ്ത ആല്‍ബം പ്രവാസ ജീവിതത്തിന്റെ നൊമ്പരവും മാതൃസ്‌നേഹവും ഒരേസമയം വിവരിക്കുന്നു. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലെ നോവോ സിനിമാസില്‍ നടന്ന ചടങ്ങിലാണ് ആല്‍ബം പുറത്തിറക്കിയത്. അമ്മമാര്‍ക്കുള്ള സ്‌നേഹാദരമാണ് ഈ സംഗീത ശില്‍പമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പൂര്‍ണമായും നികോണ്‍ ഇസഡ് 6 കക കാമറകളില്‍ ചിത്രീകരിച്ച ഈ ദൃശ്യാവിഷ്‌കാരത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത് യുഎഇയിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റായ കമാല്‍ കാസിമാണ്. മാതാവിന്റെ സാമിപ്യം നഷ്ടപ്പെട്ട് ദുരിത പ്രവാസം നയിക്കുന്ന മകന്റെ വേഷത്തിലാണ് കമാല്‍ കാസിം എത്തുന്നത്. മാതാവായി തെസ്‌നിം കാസിം വേഷമിടുന്നു. കഥ, ഛായാഗ്രഹണം എന്നിവ സുല്‍ത്താന്‍ ഖാന്‍ നിര്‍വഹിച്ചു. ഒ.എസ്.എ റഷീദിന്റെ വരികള്‍ക്ക് ഖാലിദ് ഈണവും ശബ്ദവും നല്‍കി.
മേഖലയിലെ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംരംഭങ്ങളെന്നും വേറിട്ട ആശയവുമായെത്തുന്നവര്‍ക്ക് പിന്തുണ തുടരുമെന്നും നികോണ്‍ മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ നരേന്ദ്ര മേനോന്‍ പറഞ്ഞു. കലാകാരന്‍മാരുടെ ക്രിയാത്മകത വളര്‍ത്തുക എന്നത് വളരെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും ദൃശ്യ കലാകാരന്‍മാരെ പിന്തുണക്കുന്നത് കേവലം ബിസിനസായല്ല കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആല്‍ബത്തിനായി തെരഞ്ഞെടുത്ത വിഷയമാണ് കൂടുതല്‍ ആകര്‍ഷിച്ചതെന്ന് സുല്‍ത്താന്‍ ഖാന്‍ പറഞ്ഞു. മാതാവിനെ കാണാന്‍ കൊതിക്കുന്ന നിരവധി പ്രവാസികള്‍ ഇവിടെയുണ്ട്. അവര്‍ക്ക് കൂടിയുള്ള ആദരമാണ് ഈ ആല്‍ബം. നികോണ്‍ നല്‍കുന്ന ഇത്തരം അവസരങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി ഉസ്മാനാണ് ആല്‍ബത്തിന്റെ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍. സീനഷ് എസ്.ആനന്ദ്, അര്‍ജുന്‍ ഗോപന്‍, അനില്‍ ഗോവിന്ദ്, മുഹമ്മദ് തംസീര്‍, ഇഷ ബക്കര്‍, മിഗ്ന്‍ ബൗസിം, ഷെര്‍ ബഹാദര്‍, അക്ഷയ്, ഗൗരി നായര്‍ തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിച്ചു.