ആഘോഷ രാവിനെ വര്‍ണാഭമാക്കി എജിഐ ബിരുദദാന ചടങ്ങ്
ദുബായ്: അറ്റ്‌ലസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (എജിഐ) ബിരുദ ദാന ചടങ്ങ് വര്‍ണാഭ ആഘോഷങ്ങളോടെ ഗ്രാന്‍ഡ് ഹയാത്തില്‍ സമാപിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖരുടെയും അക്കാദമിക് വിദഗ്ധരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങില്‍ എണ്ണൂറോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കുടുംബ സമേതം പങ്കെടുത്തു.
ഷാര്‍ജ രാജകുടുംബാംഗം ശൈഖ് ഹുമൈദ് റാഷിദ് ഹുമൈദ് അബ്ദുല്ല അല്‍ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലേഷ്യന്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അഹമ്മദ് ഇസാനി അവാംങ്, ആംഗ്‌ളിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി(യുകെ)യുടെ ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്‌സ് ഡയറക്ടര്‍ ഡോ. സൈമണ്‍ ഇവാന്‍സ്, പാന്‍ ആഫ്രിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെബോര്‍ ഗെന്ന എന്നിവര്‍ യുകെ, മലേഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ എന്നീ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ബിരുദ ദാന തൊപ്പികള്‍ വായുവിലേക്കെറിഞ്ഞ് ആഘോഷിച്ചു. പരമ്പരാഗത അക്കാദമിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വിദഗ്ധരും വിശിഷ്ട വ്യക്തികളും അണിനിരന്ന ഘോഷയാത്രയോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്.
എജിഐ ഡയറക്ടര്‍ അഖില്‍ സതീഷ് തന്റെ സ്വാഗത പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളുടെ നേട്ടത്തില്‍ അഭിമാനിക്കാന്‍ ഉണര്‍ത്തുകയും അവരുടെ എല്ലാ ഭാവി ഉദ്യമങ്ങളിലുള്ള വിജയം ആശംസിക്കുകയും ചെയ്തു.
എജിഐ ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീറും സിഇഒ പ്രമീള ദേവിയും എജിഐയുടെ ചരിത്രവും ദൗത്യവും അവതരിപ്പിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും താങ്ങാനാവുന്ന ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കി വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെ രണ്ട് പതിറ്റാണ്ടായി സേവിക്കാനാകുന്നതില്‍ മുഹമ്മദ് മുന്‍സീര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ലക്ഷ്യങ്ങള്‍ നേടാന്‍ ആത്മനിയന്ത്രണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രമീള ദേവി, അക്കാദമിക് യാത്രയില്‍ നേടിയ മൂല്യങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാലിക്കുവാനും വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
മദ്രാസ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ജെയിന്‍ യൂണിവേഴ്‌സിറ്റി, ഓപപണ്‍ യൂണിവേഴ്‌സിറ്റി മലേഷ്യ, സ്വിസ് സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിംഗ് (ഇന്ത്യ) എന്നിവയുടെ കോഴ്‌സുകള്‍ നല്‍കുന്ന എജിഐക്ക് യുകെയിലെ വിവിധ അക്കാദമിക് സ്ഥാപനങ്ങളായ ഒടിഎച്ച്എം ക്വാളിഫികേഷന്‍സ്, പിയേഴ്‌സണ്‍ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി പങ്കാളിത്തവുമുണ്ട്. മിഡില്‍ ഈസ്റ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐസിഎംഎഐ)യുടെ അംഗീകൃത പരീക്ഷാ കേന്ദ്രവും യുഎഇയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ഐഇഎല്‍ടിഎസ് സില്‍വര്‍ പാര്‍ട്ണറുമാണ് എജിഐ.
യുഎഇയില്‍ ആംഗ്‌ളിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രോഗ്രാമുകള്‍ എജിഐയുമായി ചേര്‍ന്ന് ഉടന്‍ ആരംഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ് ഡയറക്ടര്‍ ഡോ. സൈമണ്‍ ഇവാന്‍സ് പറഞ്ഞു.
എജിഐ ഓപറേഷന്‍സ് ഡയറക്ടര്‍ ജുനൈദ് നികത്തുതറ ആശംസ നേര്‍ന്നു.
പ്രൗഢമായ ചടങ്ങില്‍ പങ്കെടുത്ത് ബിരുദം സ്വീകരിച്ചതിന്റെ ആവേശത്തിലായിരുന്നു വിദ്യാര്‍ത്ഥികളായ കുമാരി ഫാത്തിമ സലിം, അലി മഹ്ദി മിത്‌വാനി, മുഹമ്മദ് തുടങ്ങിയവര്‍. തങ്ങളുടെ അക്കാദമിക് യാത്രയില്‍ പിന്തുണച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അവര്‍ നന്ദി രേഖപ്പെടുത്തി.
ചടങ്ങില്‍ എജിഐയുടെ ഘാനയിലെ പുതിയ അന്താരാഷ്ട്ര കാമ്പസായ’ അറ്റ്‌ലസ് കോളജ് ഘാന’യുടെ പ്രഖ്യാപനവും നടന്നു. എജിഐ ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീര്‍, സിഇഒ പ്രമീള ദേവി, ഘാനയിലെ സഹകാരിയായ കഫുയി അറ്റേകി എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഘാനയിലെ അക്രയിലാണ് പുതിയ കാമ്പസ് സ്ഥാപിക്കുന്നത്. ഈ കാമ്പസിലൂടെ 3 ഭൂഖണ്ഡങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ അഭിമാനത്തിലാണ് എജിഐ കുടുംബം.
പിയേഴ്‌സണ്‍ പിടിഇ ജിസിസി ബിഡി അനലിസ്റ്റ് അബ്ദുല്ല ജലാല്‍, അന്റായ് ഫിന്‍ടെക് (യുകെ) ഡയറക്ടര്‍ അമൃതേഷ്, ജകരണ്ട ടൂര്‍സ് (എത്യോപ്യ) എംഡി ആന്‍ഡിനെറ്റ് ഫെലെകെ കെബെഡെ, പ്രിന്‍സ്, ഹാരിയറ്റ് എന്നിവരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും ബിസിനസ് വ്യക്തിത്വങ്ങളുടെയും സാന്നിധ്യം പരിപാടിക്ക് മിഴിവേകി.
1998ലാണ് എജിഐ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവില്‍ തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പര്യായമായി എജിഐ മാറി. എജിഐയുടെ കോഴ്‌സുകളുടെ വ്യാപക സ്വീകാര്യത യുഎഇ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ 6 കാമ്പസുകളിലേക്ക് വിപുലീകരിക്കാന്‍ സഹായിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമന്വയിപ്പിച്ച് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത കാമ്പസാണ് മലപ്പുറത്ത് സ്ഥാപിതമായ എജെ ഇന്റര്‍നാഷണല്‍ കോളജ്.
നിലവില്‍ എ.ജി.ഐ സ്‌കൂള്‍ തലം മുതല്‍ കോര്‍പറേറ്റ് തലം വരെയുള്ള വിവിധ കോഴ്‌സുകള്‍ സംഘടിപ്പിച്ചു വരുന്നു. ഈ കോഴ്‌സുകള്‍ക്ക് അതാത് പ്രാദേശിക തലങ്ങളിലും അന്താരാഷ്ട്ര തലത്തിലുമുള്ള റഗുലേറ്ററി & അക്രിഡിറ്റേഷന്‍ ബോഡികളുടെ അംഗീകാരമുള്ളതാണ്.
ഓഫ്ക്വല്‍ (ദ് ഓഫീസ് ഓഫ് ക്വാളിഫികേഷന്‍ ആന്‍ഡ് എക്‌സാമിനേഷന്‍സ് റഗുലേഷന്‍, യുകെ), എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നികല്‍ എജ്യുകേഷന്‍), അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു), മലേഷ്യന്‍ ക്വാളിഫികേഷന്‍ ഏജന്‍സി (എംക്യുഎ), ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ), യുഎഇ വിദേശ കാര്യ മന്ത്രാലയം എന്നിവ കൂടാതെ, വേള്‍ഡ് എജ്യൂകേഷന്‍ സര്‍വീസസ് പോലെയുള്ള വിദ്യാഭ്യാസ ക്രെഡന്‍ഷ്യല്‍-അസ്സസ്‌മെന്റ് ഏജന്‍സികളുടെയും അംഗീകാരം എജിഐക്കുണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനവും ജോലിയും ദേശ വ്യത്യാസങ്ങളില്ലാതെ സ്വന്തമാക്കാന്‍ സഹായിക്കുന്നു.
എജിഐയിലെ വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതില്‍ ആത്മാര്‍ത്ഥവും നിരന്തരവുമായ പിന്തുണ നല്‍കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അതിഥികള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും ഡയറക്ടര്‍ സച്ചിന്‍ പാട്ടീല്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
എജിഐയുടെ വളര്‍ച്ചയില്‍ സജീവമായി സഹകരിച്ച എജിഐയുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് അവാര്‍ഡുകളുംമെമന്റോകളും സമ്മാനിച്ചു.
വിവിധ സാംസ്‌കാരിക പരിപാടികളോടും അത്താഴ വിരുന്നോടെയുമാണ് പരിപാടികള്‍ക്ക് സമാപനമായത്.