ദുബായില്‍ ഇനി എയര്‍ ടാക്‌സികളും!
2026ഓടെ ഈ സൗകര്യമുള്ള ലോകത്തിലെ ആദ്യ നഗരമാകും ദുബായ്
ദുബായ്: നിരവധി കാര്യങ്ങളില്‍ ലോകത്ത് സവിശേഷതകളുള്ള ദുബായ് എയര്‍ ടാക്‌സികളുടെ കാര്യത്തിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്നു. ഈ മാസം 13ന് ദുബായ് മദീനത് ജുമൈറയില്‍ നടക്കുന്ന ലോക ഭരണകൂട ഉച്ചകോടിയുടെ മുന്നോടിയായി ഇന്നലെ നടന്ന ‘ഡേ സീറോ’യിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വെളിപ്പെടുത്തിയത്. ദുബായില്‍ പുതിയ എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ രൂപകല്പനക്ക് അദ്ദേഹം അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ എമിറേറ്റില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ഇതോടെ, വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും.
ഏരിയല്‍ ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കാനാകും. ഒരു പൈലറ്റും നാല് യാത്രക്കാരുമാണ് എയര്‍ ടാക്‌സിയില്‍ ഉണ്ടാവുക. പ്രാരംഭ ലോഞ്ച് നെറ്റ്‌വര്‍ക്ക് നാല് പ്രധാന മേഖലകളെ ബന്ധിപ്പിച്ചായിരിക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിവയാണ് മേഖലകള്‍.
ശൈഖ് മുഹമ്മദ് പോസ്റ്റ് ചെയ്ത വീഡിയോ പ്രകാരം, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) പ്രമുഖ കമ്പനികളായ സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജോബി ഏവിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് 2026ഓടെ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് (ഇവിടിഒഎല്‍) പ്രവര്‍ത്തനങ്ങളുടെ ‘ഹോപ് ലോഞ്ചി’നുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനുമായി പ്രവര്‍ത്തിക്കുന്നതാണ്. ബുര്‍ജ് ഖലീഫ, ദുബായ് ഫ്രെയിം, ബുര്‍ജ് അല്‍ അറബ് തുടങ്ങിയ ജനപ്രിയ ദുബായ് ലാന്‍ഡ്മാര്‍ക്കുകളിലൂടെ എയര്‍ ടാക്‌സികള്‍ ചീറിപ്പായുന്നത് വീഡിയോയില്‍ കാണാം. പുക രഹിതവും സുഗമവുമായ ‘സമ്പൂര്‍ണ യാത്ര’യാണ് ദുബായ് എയര്‍ ടാക്‌സി വഴി ലക്ഷ്യമിടുന്നത്.
ലോക ഭരണകൂട ഉച്ചകോടിയോടനുബന്ധിച്ചുള്ള ആര്‍ടിഎ സ്റ്റാന്‍ഡില്‍ ഒരുക്കുന്ന സിമുലേഷനില്‍ പറക്കുന്ന ടാക്‌സികള്‍ അനുഭവിക്കാന്‍ സൗകര്യമുണ്ടാകും.