HealthUAE

എകെഎംജി എമിറേറ്റ്‌സ് ‘ഐഷ്‌റീന്‍’ മെയ് 14ന് അജ്മാനില്‍

ഡോ. ശശി തരൂര്‍ എംപി  മുഖ്യാതിഥി.
നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ധര്‍ പങ്കെടുക്കും.


ദുബായ്: യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്‌സ് ‘ഐഷ്‌റീന്‍’ എന്ന പേരില്‍ ഇരുപതാം വാര്‍ഷികാഘോഷം മെയ് 14ന് അജ്മാനിലെ കെംപിന്‍സ്‌കി ഹോട്ടലില്‍ ഒരുക്കുന്നു.
യുഎസ്, യുകെ, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ധര്‍ സമ്മേളനത്തിലും മെയ് 12ന് ദുബായ് കോണ്‍റാഡ് ഹോട്ടലില്‍  നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിലും പങ്കെടുക്കും.
മുന്‍ കേന്ദ്ര മന്ത്രിയും എഴുത്തുകാരനും കോളമിസ്റ്റും ചിന്തകനും ഐക്യ രാഷ്ട്ര സഭാ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂര്‍ എംപി ‘ഐഷ്‌റീനി’ല്‍ മുഖ്യാതിഥിയാകും. യുഎഇയിലെ ആരോഗ്യ, വ്യവസായ രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരാകും. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ചെയര്‍മാനും എകെഎംജി സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യ രക്ഷാധികാരിയാകും.
എകെഎംജി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന കലോപാഹാരമായ ‘ഋതു’ കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷണമാകും. എകെഎംജി എമിറേറ്റ്‌സ് അംഗങ്ങളായ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളു രചനയും സംവിധാനവും നൃത്താഭിനയവും നിര്‍വഹിക്കുന്ന ഈ കലാ സൃഷ്ടി വേറിട്ട അനുഭവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തിന് മികച്ച സംഭാവനകള്‍ക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തില്‍ മുഖ്യാതിഥി സമര്‍പ്പിക്കും. ‘എകെഎംജി എമിറേറ്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് 2023’ അമേരിക്കയിലെ ഡോ. തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി ക്‌ളിനിക്കല്‍ പ്രഫസറായ ഡോ. എം.വി പിള്ളയ്ക്ക് സമ്മാനിക്കും. വൈദ്യശാസ്ത്രത്തിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയാണ് അദ്ദേഹത്തെ ആദരിക്കുക. ജി 42 ഹെല്‍ത് കെയര്‍ സിഇഒയും അബുദാബി ഹെല്‍ത് ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് ബോര്‍ഡ് ചെയര്‍മാനുമായ ആശിഷ് ഐപ് കോശിയെ ആരോഗ്യ സംരക്ഷണ  രംഗത്തെ യൂത് ഐകണ്‍ പുരസ്‌കാരവും നല്‍കി ആദരിക്കും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സമൂഹത്തില്‍ ഉപകാരപ്രദമായ സേവന പ്രര്‍ത്തനങ്ങള്‍ക്ക് പുറമെ, അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അക്കാദമിക് വിജ്ഞാനവും കലാ-കായിക കഴിവുകളും വികസിപ്പിക്കാനുള്ള മികച്ച വേദിയൊരുക്കുന്നതില്‍ എകെഎംജി വിജയം കൈവരിച്ചിട്ടുണ്ട്.
30ലധികം രോഗികള്‍ക്ക് ഹൃദ്‌രോഗ ശസ്ത്രക്രിയകള്‍ക്ക് സൗകര്യം ചെയ്തു കൊടുത്ത ‘സേവ് എ ഹാര്‍ട്ട്’ പ്രോഗ്രാം, കേരളത്തില്‍
സൂനാമി-വെള്ളപ്പെക്ക ബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണം, ലേബര്‍ ക്യാമ്പുകളില്‍ സൂര്യാഘാത ആരോഗ്യ ബോധത്കരണ മെഡിക്കല്‍ ക്യാമ്പുകള്‍, കോവിഡ് കാലയളവില്‍ നോര്‍കയുമായി സഹകരിച്ച് നടത്തിയ കൗണ്‍സലിംഗും 200ഓളം പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകളും എന്നിവ സംഘടനയുടെ മാനുഷിക സവനങ്ങളില്‍ പെടുന്നതാണ്. ആല്‍ഫ പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് ആംബുലന്‍നും, വടകരയിലും ആലുവയിലും ഡയാലിസിസ് മെഷീനുകളും, തമിഴ്‌നാട്ടിലെ സിറ്റിലിംഗ ട്രൈബല്‍ ഹെല്‍ത്ത് ഇനീഷ്യേറ്റീവിലെ ഓപറേഷന്‍ തിയ്യറ്റര്‍ നവീകരണവും എകെഎംജി നേതൃത്വത്തില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.
എകെഎംജി എമിറേറ്റ്‌സിന്റെ പത്താമത് പ്രസിഡന്റായി ദുബായിലെ പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ ഡോ. നിര്‍മല രഘുനാഥന്‍ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നതാണ്. സെക്രട്ടറി ജനറല്‍ ഡോ. ആസിഫ് പി.എ, ട്രഷറര്‍ ഡേ. ജമാലുദ്ദീന്‍ അബൂബക്കര്‍ എന്നിവരടക്കം സെന്‍ട്രല്‍ എക്‌സിക്യൂട്ടീവും 7 റീജ്യണുകളുടെ ചെയര്‍പേഴ്‌സണ്‍മാരും നിയുക്ത പ്രസിഡന്റ് ഡോ. സുഗു കോശിയും സ്ഥാനമേല്‍ക്കും.
പുതിയ പ്രസിഡന്റിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പ്രമേയമായി തെരഞ്ഞെടുത്ത ‘നമ്മുടെ ഭൂമി, നമ്മുടെ വീട്’ എന്ന പ്രസിഡന്‍ഡന്‍ഷ്യല്‍ തീമിന്റെ ഔപചാരിക ഉദ്ഘാടനം ഡോ. ശശി തരൂര്‍ നിര്‍വഹിക്കും.
എകെഎംജി എമിറേറ്റ്‌സ് പ്രസിഡന്റും ‘ഐഷ്‌റീന്‍’ ചെയര്‍മാനുമായ ഡോ. ജോര്‍ജ് ജോസഫ്.എം, മുന്‍ പ്രസിഡന്റും ഐഷ്‌റീന്‍ വൈസ് ചെയര്‍മാനുമായ ഡോ. ജോര്‍ജ് ജേക്കബ്, എകെഎംജി എമിറേറ്റ്‌സ് സെക്രട്ടറി ജനറലും ഐഷ്‌റീന്‍ ഓര്‍ഗ.സെക്രട്ടറിയുമായ ഡോ. സഫറുല്ലാ ഖാന്‍, എകെഎംജി എമിറേറ്റ്‌സ് ട്രഷററും ഐഷ്‌റീന്‍ ഫിനാന്‍സ് കണ്‍വീനറുമായ ഡോ. ബിജു ഇട്ടിമാണി, ഐഷ്‌റീന്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഡോ. സുഗു മലയില്‍ കോശി, കള്‍ചറല്‍ കണ്‍വീനര്‍ ഡോ. ഫിറോസ് ഗഫൂര്‍, മീഡിയ കണ്‍വീനര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍, ‘ഋതു’ സംവിധായകനും നാടക പ്രവ ര്‍ത്തകനുമായ ഡോ. ആരിഫ് കണ്ടോത്ത്, ഡോ. അന്നാ രേഖ എന്നിവരും ‘ഐഷ്‌റീന്‍’ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.