അല്‍അസ്ഹാര്‍ എജ്യുവില്ലേജ് കാമ്പയിന്‍ സംഗമം പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു
ദുബൈ: ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ലക്ഷ്യത്തോടെ പയ്യന്നൂര്‍ അരവഞ്ചാല്‍ കേന്ദ്രമായി അല്‍ അസ്ഹാര്‍ എജ്യുവില്ലേജ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബൈ അല്‍ ബുസ്താന്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന അല്‍അസ്ഹാര്‍ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ തഅജീലിന് ശൈഖുനാ ആലിക്കുട്ടി ഉസ്താദ് ബ്രോഷര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു. സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. സല്‍മാന്‍ ഹാജി സ്വാഗതം പറഞ്ഞു. സാജിഹ് ഷമീര്‍ അല്‍അസ്ഹരി പദ്ധതിയുടെ വിശദീകരണം നടത്തി. അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ശുഐബ് തങ്ങള്‍, സല്‍മാന്‍ അസ്ഹരി, സുഹൈര്‍ അസ്ഹരി, ഹുസൈന്‍ ദാരിമി, ഇന്‍കാസ് ദുബൈ പ്രസിഡന്റ് നദീര്‍ കാപ്പാട്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഹസ്സന്‍ രാമന്തളി, റഫീഖ് പുളിങ്ങോം, മുനീര്‍ തഅജീല്‍, സാജിദ് വള്ളിയോത്ത്, മുഹമ്മദ് സൈദ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അല്‍ അസ്ഹാറിന്റെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അഡ്വ. സല്‍മാന്‍ ഹാജി പറഞ്ഞു. വിവിധ ജിസിസി രാജ്യങ്ങളിലും പദ്ധതിക്കായി പ്രചാരണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ശൈഖുനാ പി.കെ അബൂബക്കര്‍ ഫൈസിയുടെ ശിഷ്യ ഗണങ്ങളുടെ കൂട്ടായ്മയാണ് അല്‍അസ്ഹാര്‍. വരുംകാലത്തെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യുവ പണ്ഡിതരെ വാര്‍ത്തെടുക്കാനായുള്ളതാണീ സ്ഥാപനം. ആലിക്കുട്ടി ഉസ്താദിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളായിരുന്നു ഇതിന് ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നത്. ശരീഅത്ത് കോളജ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് ഉള്‍പ്പെടെയുള്ള ഗ്രാന്‍ഡ് മസ്ജിദ്, ഹോസ്റ്റല്‍ ബില്‍ഡിംഗ്, കാന്റീന്‍, പ്‌ളേ ഗ്രൗണ്ട് തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി റയാഹീന്‍ അക്കാദമി രണ്ടാം ഘട്ടത്തില്‍ ആരംഭിക്കും. ജിസിസിയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന പ്രചാരണം തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.