കാഴ്ചയുടെ ഉല്‍സവമായി അല്‍ദഫ്‌റ ഫെസ്റ്റിവല്‍ മല്‍സരങ്ങള്‍
അബുദാബി: അബുദാബി എമിറേറ്റിന്റെ ഒട്ടക സൗന്ദര്യ മത്സര സീസണ്‍ ഭാഗമായി 16-ാമത് അല്‍ ദഫ്‌റ ഫെസ്റ്റിവലിലെ മത്സരങ്ങളും സമാപന പ്രവര്‍ത്തനങ്ങളും ഈ മാസം 22ന് ആരംഭിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ പരിപാടി ഫെബ്രുവരി 2 വരെ അല്‍ ദഫ്‌റ മേഖലയിലെ മദീനത് സായിദില്‍ തുടരും.
ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയും അഡ്‌നോക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്സവം പൈതൃക പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ഒട്ടകങ്ങളുടെ പ്രജനനത്തിലും പരിചരണത്തിലുമുള്ള രാജ്യത്തിന്റെ പാരമ്പര്യം തുടരാന്‍ ഒട്ടക ഉടമകളെ പ്രാപ്തരാക്കാനും, അതിലുപരിയായി ഇമാറത്തിന്റെയും ജിസിസിയുടെയും പൈതൃക ഘടകങ്ങളെ പിന്തുണക്കാനും ഉദ്ദേശിച്ചാണ് ഈ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.
പൈതൃക സംരക്ഷണ പദ്ധതികള്‍ക്കും പൈതൃകോത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനുമുള്ള വിവേകപൂര്‍ണമായ ഭരണ നേതൃത്വത്തിന്റെ നടപടികളെ അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ അഭിനന്ദിച്ചു. പൈതൃകോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അതുല്യ മാതൃകയാണ് അബുദാബിക്കുള്ളതെന്നത് അടിവരയിടുന്നതാണ് അല്‍ദഫ്‌റ ഫെസ്റ്റിവലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
രാഷ്ട്ര സ്ഥാപക പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ഇമാറാത്തിന്റെ ആധികാരിക സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുള്ള പ്രധാന സ്തംഭത്തെ പ്രതിനിധീകരിക്കുന്ന 2008ലെ ആദ്യ പതിപ്പ് മുതല്‍ ഉത്സവത്തിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വലിയ ശ്രദ്ധ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാല്‍കണ്‍റി മത്സരങ്ങള്‍, അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശനം, പൈതൃക മത്സരങ്ങള്‍ എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.