സിനിമ കാണുന്നവരെല്ലാം ഫാന്‍സ്; വിമര്‍ശനങ്ങള്‍ അതിരു വിടരുതെന്നും മമ്മൂട്ടി
‘ക്രിസ്റ്റഫര്‍’ 9ന് തിയറ്ററുകളില്‍
ദുബായ്: ഫാന്‍സിന് വേണ്ടിയുള്ള സിനിമ എന്ന ഒന്നില്ലെന്നും സിനിമ കാണുന്നവരെല്ലാം ഫാന്‍സ് ആണെന്നും മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഫാന്‍സിനും അല്ലാത്തവര്‍ക്കും വേണ്ടിയുള്ളതാണ് എല്ലാ സിനിമകളുമെന്നും ഫാന്‍സ് മാത്രമല്ല ഒരു സിനിമയുടെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സിനിമകളും കാണുന്നവരും അല്ലാത്തവരുമുണ്ട്. എന്നാല്‍, ചിലര്‍ക്ക് പ്രത്യേകിച്ച് ഒരിഷ്ടമുണ്ടാകും. അത് സ്വാഭാവികം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെബ്രുവരി 9ന് തിയ്യറ്ററുകളിലെത്തുന്ന ‘ക്രിസ്റ്റഫര്‍’ സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ. അവരെ വിശ്വസിക്കുന്നു. പരീക്ഷണങ്ങളിലെല്ലാം അവരാണ് വിധിയെഴുതുന്നത്. പ്രേക്ഷകര്‍ എത്ര കാലത്തോളം സ്വീകരിക്കുന്നുവോ, അത്രയും കാലം അത് നിലനില്‍ക്കും. എന്നാല്‍, മാറ്റങ്ങള്‍ നിരന്തരമുണ്ടാകും. അത് ഉള്‍ക്കൊള്ളണം. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ പരിഹാസങ്ങളാവരുതെന്നും വിമര്‍ശനങ്ങള്‍ അതിരു വിടരുതെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനംചെയ്യുന്ന മാസ് ത്രില്ലര്‍ ആക്ഷന്‍ സിനിമയാണ് ‘ക്രിസ്റ്റഫര്‍’. ഇതേക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ല. നേരത്തെ പറഞ്ഞത് പോലെ, പ്രേക്ഷകര്‍ വിധിയെഴുതട്ടെ. താന്തോന്നിയായ ഒരു പോലീസുകാരന്റെ ജീവിത കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. ക്രിസ്റ്റഫര്‍ എന്ന ഡിഎസ്പിയെ ചുറ്റിപ്പറ്റി വികസിക്കുന്ന ഈ സിനിമ ചില പ്രത്യേകതകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മികച്ച പ്രാധാന്യം നല്‍കിയിട്ടുള്ള സിനിമയാണിത്. കുറെ പുതിയ ആളുകള്‍ ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം നടി ഐശ്വര്യ ലക്ഷ്മി പങ്കു വെച്ചു. നടിമാരായ സ്‌നേഹ, രമ്യാ സുരേഷ്, ട്രൂത്ത് ഗ്‌ളോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ് എന്നിവരും സന്നിഹിതരായിരുന്നു.
റാഷിദ്, ആര്‍ജെ സൂരജ്, റെബിന്‍ ആരിഫ്, ഹാഷിഫ്, ഫാരിഷ്, ഷെമീര്‍ തുടങ്ങിയവരും മമ്മൂട്ടിയോടൊപ്പം പരിപാടിയില്‍ സംബന്ധിച്ചു.