CommunityReligionUAE

കോപം നിയന്ത്രിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു

അല്ലാഹു പറയുന്നുണ്ട്: നാഥങ്കല്‍ നിന്നുള്ള പാപ മോചനത്തിലേക്കും ഭുവന, വാനങ്ങളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും അതിദ്രുതം ചെല്ലുക. സന്തോഷാവസ്ഥയിലും സന്താപ ഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കള്‍ക്കായി സജ്ജീകൃതമാണത്. പുണ്യവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു (സൂറത്തു ആലു ഇംറാന്‍ 133, 134). പ്രസ്തുത ആയത്തുകളില്‍ കോപ നിയന്ത്രണം സൂക്ഷ്മാലുക്കളായ പുണ്യവാന്മാരുടെ സ്വഭാവ ഗുണമെന്നാണ് അല്ലാഹു പറഞ്ഞു വെക്കുന്നത്. അടങ്ങാത്ത ദേഷ്യമാണല്ലോ കോപം. അത് അടക്കിപ്പിടിക്കുന്നവരാണ് സ്വന്തത്തെ നിയന്ത്രിക്കാനാകുന്നവര്‍. അവര്‍ ദൈവകൃപ ആഗ്രഹിക്കുന്നതിനാല്‍ മറ്റുള്ളവരെ ദ്രോഹിക്കാനാഗ്രഹിക്കുകയില്ല.
പക പോക്കലിനും പ്രതികാരത്തിനും സാധ്യമായിരിക്കെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് കോപത്തെ അടക്കിപ്പിടിക്കുന്നവന് അധികരിച്ച പ്രതിഫലങ്ങളുണ്ടെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 4189). കോപ നിയന്ത്രണത്തിന് ഏറെ മാധുര്യമുള്ള പരിണിത ഫലമാണുള്ളതെന്ന് അലി (റ) മൊഴിഞ്ഞിട്ടുണ്ട്. ക്രോധത്തെ അടച്ചു പിടിച്ചാല്‍ പിന്നീടത് സ്വന്തം മനസ്സിന് ആശ്വാസം നല്‍കും. മറ്റുള്ളവരില്‍ മതിപ്പും സ്‌നേഹവും വരുത്തും. അതുവഴി മനസ്സുകള്‍ ഇണങ്ങാനും കരുണാര്‍ദ്രമാവാനും കാരണമാകും.
കോപ നിയന്ത്രണം പ്രവാചകന്മാരുടെ ഉത്തുംഗമായ സ്വഭാവ വൈശിഷ്ട്യമാണ്. അനസ് ബ്‌നു മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഞാന്‍ നബി(സ്വ)യോടൊപ്പം നടക്കുകയായിരുന്നു. നബി(സ്വ)യുടെ ശരീരത്തില്‍ അഗ്രഭാഗം പരുക്കമായുള്ള തുണി തട്ടമായി ഇട്ടിട്ടുണ്ടായിരുന്നു. അന്നേരം ഒരാള്‍ നബി(സ്വ)യുടെ ആ തട്ടം ശക്തമായി വലിച്ചു. അത് തിരുമേനി(സ്വ)യുടെ തോളില്‍ പരിക്കേല്‍പ്പിച്ചു. ശേഷം അയാള്‍ പറഞ്ഞു: ഹേ മുഹമ്മദ്, താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍ നിന്ന് എനിക്ക് തരാന്‍ പറയൂ. അപ്പോള്‍ നബി (സ്വ) അയാളിലേക്ക് തിരിഞ്ഞ് പുഞ്ചിരിക്കുകയുണ്ടായി. ശേഷം, അയാള്‍ക്ക് ദാനം നല്‍കാന്‍ പറഞ്ഞു (ഹദീസ് ബുഖാരി, മുസ്‌ലിം).
നാം നബിചര്യ പിന്‍പറ്റുന്നവരാണെങ്കില്‍ കോപം അടക്കിപ്പിടിച്ച് ക്ഷമിച്ചിരിക്കണം. അങ്ങനെയുള്ളവര്‍ക്ക് അന്ത്യനാളില്‍ നല്ല പ്രതിഫലമുണ്ടെന്നാണ് നബി (സ്വ) സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. കോപം തീര്‍ക്കാന്‍ പറ്റുമായിരുന്നിട്ടും അടക്കിപ്പിടിച്ചവന്റെ ഹൃദയത്തില്‍ അന്ത്യനാളില്‍ അല്ലാഹു പ്രതീക്ഷ നിറച്ചുകൊടുക്കുന്നതായിരിക്കും (മുഅ്ജമുല്‍ സ്വഗീര്‍ ത്വബ്‌റാനി 681).
കോപം പിടിച്ചു നിര്‍ത്താനുള്ള വഴിയായി നബി (സ്വ) വിശദീകരിച്ചത് ദേഷ്യത്തിന്റെ കാരണങ്ങള്‍ ഇല്ലാതാക്കലാണ്. സാരോപദേശം ചോദിച്ചയാളോട് താങ്കള്‍ ദേഷ്യപ്പെടരുത് എന്നാണ് നബി (സ്വ) ഉപദേശിച്ചത് (ഹദീസ് ബുഖാരി 6116). കോപം അടക്കി നിര്‍ത്താനായില്ലെങ്കില്‍ ബന്ധങ്ങള്‍ തകര്‍ന്നടിയും. പ്രതിസന്ധികളും പ്രയാസങ്ങളും നേരിടും.
ദേഷ്യം വന്നാല്‍ ആദ്യം മനസ്സിനെ അടക്കി നിര്‍ത്തി നാവിനെ നിയന്ത്രണ വിധേയമാക്കണം. അല്ലാഹുവിനോട് പിശാചില്‍ നിന്ന് കാവല്‍ തേടണം. കോപം നിയന്ത്രിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലങ്ങള്‍ മനസില്‍ നിനക്കണം. പകപോക്കലിനും ആവതുണ്ടായിട്ടു പോലും കോപം നിയന്ത്രിച്ചവരെ അല്ലാഹു അന്ത്യനാളില്‍ സൃഷ്ടികള്‍ക്ക് മുന്നില്‍ വിളിച്ച് പ്രൗഢി പറയുമെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് അബൂ ദാവൂദ് 4777). ശേഷം, അവരുടെ ദോഷങ്ങള്‍ പൊറുത്തു നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമത്രെ. അവര്‍ക്കുള്ളത് അല്ലാഹു വിവരിക്കുന്നുണ്ട്: രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമുക്തിയും അടിയിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ് അത്തരക്കാരുടെ പ്രതിഫലം. അവരതില്‍ ശാശ്വതരത്രെ. സല്‍കര്‍മനിരതരുടെ കൂലി എത്ര ഉദാത്തം (സൂറത്തു ആലുഇംറാന്‍ 136).

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.