ആമസോണിന്റെ ‘ഫ്രഷ് റ്റു ഹോം’ നിക്ഷേപം: 104 മില്യണ്‍ ഡോളര്‍ സമാഹരിച്ച് യുഎഇ നിവാസിയുടെ പോര്‍ട്ടല്‍

ഫ്രഷ് റ്റു ഹോം സൗദിയിലേക്കും.
ആവേശം പകര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥി ഷാന്‍ കടവിലിന്റെ വേറിട്ട ബിസിനസ് വിജയഗാഥ.
ദുബായ്: മത്സ്യവും മാംസവും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുന്ന യുഎഇ നിവാസി ആരംഭിച്ച കണ്‍സ്യൂമര്‍ പോര്‍ട്ടലായ ഫ്രഷ് റ്റു ഹോം ആമസോണിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 104 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ്, എഡിക്യു, ബഹ്‌റൈനിലെ ഇന്‍വെസ്റ്റ്‌കോര്‍പ് തുടങ്ങിയ നിലവിലുള്ള സംഭാവനകള്‍ അവരുടെ മുന്‍ കാല ഓഹരിയുടമകളില്‍ നിന്നുള്ളവയാണ്. ദുബായ് ആസ്ഥാനമായ ശതകോടീശ്വരന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറും മുന്‍ റൗണ്ടില്‍ നിക്ഷേപകനായിരുന്നു.
ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഷാന്‍ സിലിക്കണ്‍ വാലിയിലെത്തി ലോകത്തിന് മാതൃകയായ നൂതന ബിസിനസ് ആശയം അവതരിപ്പിച്ച് വന്‍ വിജയ ഗാഥ രചിച്ചത് ബിസിനസ് ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായ കാര്യം കൂടിയാണിത്.
ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഫ്രഷ് മല്‍സ്യം
നേരിട്ട് സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഫ്രഷ് റ്റു ഹോം പോര്‍ട്ടല്‍, ഇന്ത്യയിലും യുഎഇയിലുമായി 100ലധികം നഗരങ്ങളിലേക്ക് ഇതിനകം വ്യാപിച്ചു കഴിഞ്ഞു.
പുതിയ ഫണ്ടിംഗ് വിനിയോഗ പദ്ധതി തയ്യാറാക്കുന്നതിനാല്‍ പ്രവര്‍ത്തനപരമായി തങ്ങള്‍ ലാഭകരമായി മാറിയെന്നും സൗദി അറേബ്യയാണ് ലക്ഷ്യമിട്ട അടുത്ത വലിയ രാജ്യമെന്നും ഫ്രഷ് റ്റു ഹോം സഹ സ്ഥാപകനും സിഇഒയുമായ ഷാന്‍ കടവില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. 104 മില്യണ്‍ ഡോളര്‍ ഉപയോഗിച്ച് ഫ്രഷ് റ്റു ഹോം 240 മില്യണ്‍ ഡോളറിലധികം സമാഹരിച്ചു. സൗദി അറേബ്യയിലേക്കും മറ്റ് വിപണികളിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോള്‍ ഉചിത സമയമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുമായി നേരിട്ടുള്ള ബിസിനസ് മോഡലാണ് തങ്ങളുടേതെന്ന് പറഞ്ഞ ഷാന്‍, നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള മൂന്നാം കക്ഷികള്‍ക്ക് പുതിയ സപ്ലൈകള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.
റിപീറ്റഡ് കസ്റ്റമേഴ്‌സിനെ നേടുന്ന ബിസിനസ് ആശയമാണ് ഫ്രഷ് റ്റു ഹോമിന്റേത്. ഫിസിക്കല്‍ റീട്ടെയിലില്‍ സ്വന്തം സ്റ്റോറുകള്‍ ആരംഭിച്ചതിനാല്‍ അവ നിലവില്‍ സേവന സജ്ജമാണ്. ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ രണ്ട് ഫിസിക്കല്‍ ലൊക്കേഷനുകളുണ്ട്.
ആമസോണ്‍ പോലുള്ള നിക്ഷേപകര്‍ക്ക് വേഗത്തില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന പ്രക്രിയയാണ് ഫ്രഷ് റ്റു ഹോമിനെ പുതിയ സംരംഭ ദിശയിലേക്ക് നയിച്ചത്. മല്‍സ്യ ബന്ധനം നടത്തി ആറു മണിക്കൂറിനകം നേരിട്ട് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നുവെന്നതും, മായങ്ങളും രാസവസ്തുക്കളും ഒട്ടും ഇല്ലെന്നതും ഫ്രഷ് റ്റു ഹോമിനെ വേറിട്ടതാക്കുന്നു.
സംഭവ് വെഞ്ച്വര്‍ ഫണ്ട് വഴിയാണ് ഫ്രഷ് റ്റു ഹോം ആമസോണ്‍ എന്‍ട്രി പോയിന്റിലേക്കെത്തിയത്. 250 മില്യണ്‍ ഡോളറിന്റെ ആമസോണ്‍ സംഭവ് വെഞ്ച്വര്‍ ഫണ്ടുമായുള്ള തങ്ങളുടെ കാഴ്ചപ്പാട് നൂതനവും സാങ്കേതികവിദ്യ പ്രാപ്തവുമായ അടുത്ത തലമുറയെ ശാക്തീകരിക്കുക എന്നതാണെന്ന് ഷാന്‍ അഭിപ്രായപ്പെടുന്നു. 2015ല്‍ ഫ്രഷ് റ്റു ഹോം ആരംഭിക്കുന്നതിന് മുന്‍പ് സിലിക്കണ്‍ വാലിയില്‍ ഗെയിമിംഗ് സംരംഭങ്ങളില്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടത്തിയത്. 2021ല്‍ ഐസിഡി ദുബായ്, ഇന്‍വെസ്റ്റ്‌കോര്‍പ്, അയേണ്‍ പില്ലര്‍, അസ്സെന്റ് ക്യാപിറ്റല്‍, അമേരിക്കന്‍ ഭരണകൂടത്തിന്റെ
വികസന ധനകാര്യ സ്ഥാപനമായ ഡിഎഫ്‌സി എന്നിവയുടെ നേതൃത്വത്തില്‍ ഫ്രഷ് റ്റു ഹോം ഒരു സീരീസ് സി റൗണ്ടില്‍ 121 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.
ഫ്രഷ് റ്റു ഹോമിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ പങ്കാളിയാകാന്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് പറഞ്ഞ ഷാന്‍ കടവില്‍ തങ്ങളുടെ മാനേജ്‌മെന്റ് ടീമിന്റെ മികച്ച പ്രവര്‍ത്തനത്തെ പ്രശംസിച്ചു. കൂടാതെ ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സേവനം നല്‍കുന്നതിന് ശക്തമായ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വിതരണ ശൃംഖലയും സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദശകങ്ങളായി പരമ്പരാഗത രീതിയില്‍ നടന്നു വന്നിരുന്ന ഫിഷ് & മീറ്റ് ഇന്‍ഡസ്ട്രിയയെ മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഷാന്‍ കടവിലും ടീമും അവതരിപ്പിച്ച ഈ പുതിയ ആശയത്തില്‍ ആകൃഷ്ടരായ ലോകോത്തര കമ്പനികള്‍ ഇന്ന് ഫ്രഷ് റ്റു ഹോമില്‍ നിക്ഷേപമിറക്കിയെന്നത് യുഎഇയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്ന് ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ കെ.വി ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. യുഎഇയില്‍ ഫ്രഷ് മീനും മാംസവും വാങ്ങുന്നതിന്റെ രീതിയും വില്‍ക്കുന്നതിന്റെ ഭാവവും മാറ്റി മറിച്ച ഈ ടീമിന്റെ നൂതന ആശയം കര്‍ഷകര്‍ക്കും മല്‍സ്യ ബന്ധന മേഖലയിലെ തൊഴിലാളികള്‍ക്കും വ്യാപാര രീതിക്കും ഒരുപോലെ സമൂല മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.