അറേബ്യ അതി ശൈത്യത്തില്‍; ജബല്‍ ഷംസില്‍ താപനില പൂജ്യം ഡിഗ്രിയിലെത്തി
ദുബായ്: അറേബ്യന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥയിലുണ്ടായ ഗണ്യമായ മാറ്റം അതിശൈത്യത്തിന് കാരണമായി. യുഎഇക്ക് പുറമെ, ഒമാനിലും മറ്റു അറേബ്യന്‍ രാജ്യങ്ങളിലും താപനിലയില്‍ ഇപ്പോള്‍ വലിയ കുറവാണുള്ളത്. ആര്‍ട്ടിക് വൃത്തത്തിലാണോയെന്ന് സംശയിക്കുമാറ് ഒമാനിലെ ജബല്‍ ഷംസ് പര്‍വതത്തില്‍ താപനില പൂജ്യം ഡിഗ്രിയിലെത്തി.
ഒമാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങളിലൊന്നായ ജബല്‍ ഷംസ് ‘അറേബ്യയിലെ ഗ്രാന്‍ഡ് കാന്യോണ്‍’ എന്നാണ് അറിയപ്പെടുന്നത്. അതിമനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്ന രാജ്യത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിവിടം.
മഞ്ഞ് മൂടിക്കെട്ടിയ ഈ പര്‍വതത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. @േെീൃാബമല എന്ന കാലാവസ്ഥാ നിരീക്ഷണ അക്കൗണ്ട് ജബല്‍ ഷാംസില്‍ തണുത്തുറഞ്ഞ പ്രഭാത ദൃശ്യങ്ങളുടെ ഒരു ക്‌ളിപ്പ് പങ്കിട്ടിരുന്നു.
താപനില പൂജ്യത്തിലെത്തിയതോടെ സാഹസികര്‍ മലയിലേക്ക് ഒഴുകാനും തുടങ്ങി. ഗൂഗിളിന്റെ കാലാവസ്ഥാ പ്‌ളാറ്റ്‌ഫോം ഇന്നലെ രാവിലെ 9.30ന് പര്‍വതത്തില്‍ 2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഇത് 1 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് പിന്നീട് പ്രവചിച്ചു. എന്നാല്‍, രാവിലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ ക്‌ളിപ്പ് 0.3 ഡിഗ്രി സെല്‍ഷ്യസ് താപനില കാണിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ മലയില്‍ മഞ്ഞ് വീഴാന്‍ തുടങ്ങിയിരുന്നു. അത് ഇന്നലെയുമുണ്ടായി. ഇന്നും തുടരുമെന്നാണ് വിവരം.
അല്‍ ദാഖിലിയയിലെ ജബല്‍ ഷംസില്‍ താപനില 1 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന സാന്ദ്രതയും രേഖപ്പെടുത്തിയതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
ഒമാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങളിലൊന്നായ ജബല്‍ ഷംസ്, 1,000 മീറ്റര്‍ വരെ ആഴത്തിലുള്ള ലംബമായ പാറക്കെട്ടുകള്‍ ഉള്‍ക്കൊള്ളുന്ന വിസ്മയ കാഴ്ച സമ്മാനിക്കുന്ന സ്ഥലമാണ്. ഫോട്ടോഗ്രാഫി, ഹൈക്കിംഗ്, പിക്‌നിക്കുകള്‍ എന്നിവക്ക് അനുയോജ്യമാണീ കൊടുമുടി.