അരോമ 20-ാം വാര്‍ഷികം ഇന്ന്; അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും, നിവിന്‍ പോളി മുഖ്യാതിഥി
ദുബായ്: ആലുവയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ അരോമ (ആലുവ റസിഡന്റ്‌സ് ഓവര്‍സീസ് മലയാളീസ് അസോസിയേഷന്‍) 20-ാം വാര്‍ഷികാഘോഷം ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തും പ്രസിഡന്റ് സിദ്ദീഖ് മുഹമ്മദും ജന.സെക്രട്ടറി നാദിര്‍ഷാ അലി അക്ബറും ജന.കണ്‍വീനര്‍ ശിഹാബ് മുഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് സിദ്ദീഖിന്റെ അധ്യക്ഷതയില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം നിവിന്‍ പോളി മുഖ്യാതിഥിയാകും. സംഘടനാ ജനറല്‍ സെക്രട്ടറി നാദിര്‍ഷാ അലി അക്ബര്‍ അരോമയുടെ ‘ഭവനമില്ലാത്തവര്‍ക്ക് ഭവനം’ പദ്ധതി രൂപരേഖ അവതരിപ്പിക്കും. ഋഷിരാജ് സിംഗ് (റിട്ട.ഐപിഎസ്), ഐജി പി. വിജയന്‍ ഐപിഎസ്, ഡോ. എം.ബീന ഐഎഎസ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, മുഹമ്മദ്.കെ മക്കാര്‍, മൊയ്തീന്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. ജനറല്‍ കണ്‍വീനര്‍ ശിഹാബ് മുഹമ്മദ് സ്വാഗതവും വനിതാ വിഭാഗം പ്രസിഡന്റ് ഫെബിന്‍ ഷിഹാബ് നന്ദിയും പറയും.
തുടര്‍ന്ന്, സിനിമാ പിന്നണി ഗായകരായ അമൃത സുരേഷ്, മുഹമ്മദ് അഫ്‌സല്‍, സുമി അരവിന്ദ്, നീതു ജിനു, ബൈജു ഫ്രാന്‍സിസ്, അക്ബര്‍ ഷാ തുടങ്ങിയവവര്‍ അണിനിരക്കുന്ന ഗാനമേളയും പ്രശസ്ത കോമഡി ഷോ ‘മറിമായ’ത്തിലെ മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സ്‌കിറ്റുകളും സിനിമാ, ടെലിവിഷന്‍ താരം ഡയാന നയിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും.
20 വര്‍ഷം മുന്‍പ് ദുബായില്‍ രൂപീകരിക്കപ്പെട്ട അരോമ ഇന്ന് നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഗള്‍ഫിലും നാട്ടിലും സുപരിചിതമാണ്. രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ സമൂഹിക, സാംസ്‌കാരിക, കാരുണ്യ രംഗങ്ങളില്‍ നിസ്തുല സംഭാവനകളാണ് അരോമ കാഴ്ച വെച്ചിട്ടുള്ളത്. ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് നടപ്പാക്കിയപ്പോള്‍ അതിന് ആദ്യമായി മൂന്നു ഡയാലിസിസ് മെഷീനുകള്‍ നല്‍കിയത് അരോമയാണ്. ഇന്ന് കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡയാലിസിസുകള്‍ നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയായി ആലുവ താലൂക്ക് ആശുപത്രി മാറിയിട്ടുണ്ടെന്നും ഇതിനോടകം 140,000ത്തിലേറെ ഡയാലിസിസുകള്‍ നടത്താനായി എന്നത് അരോമയെ സംബന്ധിച്ചിടത്തോളം ചാരിതാര്‍ത്ഥ്യജനകമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടു. നിര്‍ധനരായ 11 പെണ്‍കുട്ടികള്‍ക്ക് 10 പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയും വിവാഹപ്പുടവയും നല്‍കി ആലുവയില്‍ സമൂഹ വിവാഹം നടത്തിയതാണ് അരോമയുടെ ശ്രദ്ധേയമായ മറ്റൊരു കാരുണ്യ പ്രവര്‍ത്തനം. വെള്ളപ്പൊക്കം ആലുവയില്‍ ദുരിതം വിതച്ചപ്പോള്‍ ഭക്ഷ്യ വസ്തുക്കളും വസ്ത്രവുമുള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ ദുരിതാശ്വാസം നല്‍കി. 2018ലെ വെള്ളപ്പൊക്കത്തില്‍ കഷ്ടതയനുഭവിക്കേണ്ടി വന്ന നിലമ്പൂരിലെ ആദിവാസികള്‍ക്കായി ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ ഒരു കണ്ടെയ്‌നര്‍ നിറയെ വസ്തുക്കള്‍ അരോമ ദുബായില്‍ നിന്നും കയറ്റിയയച്ചു. ഇതു കൂടാതെ, അവശതയനുഭവിക്കുന്ന നാട്ടിലെ നിരവധി പേരെ സഹായിച്ചതും കോവിഡ് കാലത്ത് നാട്ടിലും ഗള്‍ഫിലും അനേകം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും പ്രവാസികള്‍ക്കിടയില്‍ മാത്രമല്ല, നാട്ടിലും അരോമയെ ശ്രദ്ധേയമാക്കി.
20-ാം വാര്‍ഷിക ഭാഗമായി ‘ഭവനമില്ലാത്തവര്‍ക്ക് ഭവനം’ എന്ന പദ്ധതിയിലുടെ നിര്‍ധനരായ 9 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അരോമ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 20 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയ 9 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനാണ് പദ്ധതി.