ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡ് 2023 ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു
നഴ്‌സിംഗ് രംഗത്തെ ലോകത്തിലെ ഏറ്റവും മികച്ച ബഹുമതികളിലൊന്നായ ‘ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡ് 2023’
മെയ് 12ന് ലണ്ടനിലെ ക്വീന്‍ എലിസബത്ത്-2 സെന്ററില്‍ ഒരുക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
250,000 ഡോളര്‍ സമ്മാനം.
202 രാജ്യങ്ങളില്‍ നിന്നും 52,000 രജിസ്‌ട്രേഷനുകള്‍. അപേക്ഷകരില്‍ 116% വര്‍ധന.
ദുബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ലണ്ടനില്‍ ഒരുക്കുന്ന ‘ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളളോബല്‍ നഴ്‌സിംഗ് അവാര്‍ഡ് 2023’ന്റെ ഗ്രാന്‍ഡ് ജൂറിയായി ഹെല്‍ത് കെയര്‍, നഴ്‌സിംഗ് രംഗങ്ങളിലെ 6 പ്രമുഖരെ പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ഐസിഎന്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹോവാര്‍ഡ് കാറ്റണ്‍, ബോട്‌സ്‌വാനയിലെ മുന്‍ ആരോഗ്യ മന്ത്രിയും പാര്‍ലമെന്റംഗവും ഗ്‌ളോബല്‍ എച്ച്‌ഐവി പ്രിവന്‍ഷന്‍ കോ അലീഷന്‍ കോ ചെയര്‍പേഴ്‌സണുമായ ഷൈല ട്‌ലോ, ഡബ്‌ള്യുഎച്ച്ഒ കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ നഴ്‌സിംഗ് അഡ്ജങ്ക്റ്റ് പ്രൊഫസര്‍ ജെയിംസ് ബുക്കാന്‍, ഗ്‌ളോബല്‍ ഫണ്ട് ബോര്‍ഡ് സ്ട്രാറ്റജി കമ്മിറ്റി വൈസ് ചെയര്‍മാനും ജിഎഫ് ബോര്‍ഡ് ഡവലപിംഗ് കണ്‍ട്രി എന്‍ജിഒ ഡെലിഗേഷന്‍ ബോര്‍ഡ് അംഗവുമായ ഡോ. ജെ. കരോലിന്‍ ഗോമസ്, ഒബിഇ അവാര്‍ഡ് ജേതാവും (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍) സ്വതന്ത്ര ഹെല്‍ത് കെയര്‍ കണ്‍സള്‍ട്ടന്റും റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് മുന്‍ സിഇഒയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍, എഎക്‌സ്എ സീനിയര്‍ ഡിജിറ്റല്‍ അഡൈ്വസറും ഹാര്‍ബര്‍ ബോര്‍ഡ് ഓഫ് ചെയറും ഹെല്‍ത് ഫോര്‍ ആള്‍ അഡൈ്വസറി മാനേജിംഗ് ഡയറക്ടറുമായ ഡോ. നിതി പാല്‍ എന്നിവരാണ് ഗ്രാന്റ് ജൂറി അംഗങ്ങള്‍.
ഐസിഎന്‍ സിഇഒ ആയ ഹോവാര്‍ഡ് കാറ്റണ്‍ നഴ്‌സിംഗ് മേഖലയിലെ ശക്തനായ വക്താവാണ്. ഐസിഎന്നും അതിന്റെ നാഷണല്‍ നഴ്‌സസ് അസോസിയേഷനുകളുടെ ശൃംഖലയും നഴ്‌സുമാരെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ കേന്ദ്ര സ്ഥാനത്ത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരുന്നു.
പ്രൊഫ. ഷൈയ്‌ല ട്‌ലോ തന്റെ കരിയറിലൂടനീളം ബോട്‌സ്വാനയിലെ ദേശീയ നഴ്‌സിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികളുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ്. ബോട്‌സ്വാനയിലെ മുന്‍ ആരോഗ്യ മന്ത്രിയും ബോട്‌സ്വാന സര്‍വകലാശാലയിലെ മുന്‍ നഴ്‌സിംഗ് പ്രൊഫസറും ആംഗ്‌ളോ ഫോണ്‍ ആഫ്രിക്കക്കായുള്ള പ്രാഥമികാരോഗ്യ സംരക്ഷണത്തിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ഡെവലപ്‌മെന്റിന്റെ ഡബ്‌ള്യുഎച്ച്ഒ സഹകരണ കേന്ദ്രം ഡയറക്ടര്‍ കൂടിയാണവര്‍.
പോളിസി മേക്കര്‍, പോളിസി അനലിസ്റ്റ്, ഹെല്‍ത് വര്‍ക് ഫോഴ്‌സ്, ഹെല്‍ത് സിസ്റ്റംസ് കണ്‍സള്‍ട്ടന്‍സി എന്നീ നിലകളില്‍ വിപുലമായ അനുഭവ സമ്പത്തുള്ള പ്രൊഫ. ജെയിംസ് ബുക്കാന്‍, സിഡ്‌നി ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ ഡബ്‌ള്യുഎച്ച്ഒ സഹകരണ കേന്ദ്രത്തില്‍ അഡ്ജങ്ക്റ്റ് പ്രൊഫസറും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. ഹ്യൂമന്‍ റിസോഴ്‌സ് ഫോര്‍ ഹെല്‍ത് ജേര്‍ണലിന്റെ എഡിറ്റര്‍ ഇന്‍-ചീഫ് കൂടിയാണദ്ദേഹം.
ഗ്‌ളോബല്‍ ഫണ്ട് ബോര്‍ഡ് സ്ട്രാറ്റജി കമ്മിറ്റി വൈസ് ചെയര്‍മാനും ജിഎഫ് ബോര്‍ഡ് ഡവലപിംഗ് കണ്‍ട്രി എന്‍ജിഒ ഡെലിഗേഷന്‍ ബോര്‍ഡ് അംഗവുമായ ഡോ.ജെ.കരോലിന്‍ ഗോമസ് മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയെന്ന നിലയിലും മികച്ച റെക്കോര്‍ഡുള്ള വ്യക്തിത്വമാണ്. 1980 മുതല്‍ ഒരു മെഡിക്കല്‍ ഡോക്ടറായ ഡോ. കരോലിന്‍ 2002 വരെ ട്രിനിഡാഡിലും ജമൈക്കയിലും പൊതു, സ്വകാര്യ മെഡിസിനില്‍ ജോലി ചെയ്തു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ പ്രാക്ടീസ് ഉപേക്ഷിച്ച് കര്‍മ രംഗത്തിറങ്ങിയ വ്യക്തി കൂടിയാണവര്‍.
സ്വതന്ത്ര ഹെല്‍ത് കെയര്‍ കണ്‍സള്‍ട്ടന്റും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്‍ സിഇഒയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുമായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ഫെലോ, റോയല്‍ കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് ഓണററി ഫെലോ, അയര്‍ലണ്ടിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിന്റെ ആഡ് യുണ്ടം. 2011ല്‍ റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റിന്റെ പ്രഥമ പ്രസിഡന്റ്‌സ് മെഡലും അദ്ദേഹത്തിന് ലഭിച്ചു. 2006ല്‍ എന്‍എച്ച്എസ്സിനുള്ള സേവനത്തിന് ഹേര്‍ മെജസ്റ്റി ക്യൂന്‍ എലിസബത്ത് അദ്ദേഹത്തിന് ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ (ഒബിഇ) പുരസ്‌കാരവും സമ്മാനിച്ചിട്ടുണ്ട്. ആര്‍സിഎന്‍ വിട്ട ശേഷം അദ്ദേഹം യുകെയിലും അന്തര്‍ദേശീയ തലങ്ങളിലും പ്രവര്‍ത്തിച്ചു.
ഡോ. നിതി പാല്‍ ദീര്‍ഘ വീക്ഷണമുള്ള മുതിര്‍ന്ന കള്‌നിക്കല്‍ വ്യക്തിത്വമാണ്. മുന്‍നിര വികസന റോളുകളില്‍ വിപുലമായ പരിചയവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പ്രാഥമിക പരിചരണം എത്തിക്കുന്നതില്‍ അഭിനിവേശവുമുള്ള വ്യക്തിയുമാണവര്‍. യുകെയിലും ഇന്ത്യയിലും പ്രൈമറി കെയര്‍ മോഡലുകള്‍ വികസിപ്പിക്കുന്നതിലും പരിചയ സമ്പന്നയാണ് നിതി പാല്‍. കൂടാതെ, യുകെയിലെ ബര്‍മിംഗ്ഹാമില്‍ പാര്‍ട് ടൈം ക്‌ളീനീഷ്യനായും സേവനനുഷ്ഠിക്കുന്ന ഡോ. നിതി പാല്‍ ഇതിനകം 44 രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
നഴ്‌സുമാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് രോഗികളുടെ ഹൃദയവും മനസും ശരീരവും സുഖപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് 2022ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡ്‌സ് ആദ്യ പതിപ്പിലെ ജോതവായ അന്ന ഖബാലെ ദുബ പറഞ്ഞു. സഹായം ആവശ്യമുളളവര്‍ക്ക് അത് ലഭ്യമാക്കുകയെന്നത് വളരെ പ്രതിഫലദായകമായ അനുഭവമാണ്. ചിലപ്പോള്‍ ഈ കഥകള്‍ ലോകവുമായി പങ്കിടുന്നത് അതിലേറെ മൂല്യവത്തായ കാര്യമാണ്. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡ് അത്തരമൊരു ഉദ്യമമാണ്. ഈ കഥകള്‍ പുറത്തു കൊണ്ടുവരികയും തങ്ങളെ പോലുള്ള നഴ്‌സുമാര്‍ക്ക് അവ ആഗോള വേദിയില്‍ പങ്കിടാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് ഈ സവിശേഷമായ അവാര്‍ഡെന്നും അന്ന ഖബാലെ ദുബ അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്ന് ഈ ഉദ്യമത്തിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഈ വര്‍ഷത്തെ എന്‍ട്രികളെ കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അവാര്‍ഡിന്റെ രണ്ടാം പതിപ്പിനായി 202ലധികം രാജ്യങ്ങളില്‍ നിന്നായി 52,000ത്തിലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ജേതാവിനെ തീരുമാനിക്കുന്നത് ജൂറിക്ക് ശ്രമകരമായ ദൗത്യമാകും. ജൂറി ഇതിനകം റിവ്യൂ പ്രോസസ് ആരംഭിച്ചിട്ടുണ്ട്. മികച്ച 10 ഫൈനലിസ്റ്റുകളെ ഉടന്‍ പ്രഖ്യാപിക്കും. ഇതിനു ശേഷം 10 ഫൈനലിസ്റ്റുകള്‍ പൊതു വോട്ടിംഗ് പ്രക്രിയക്കും ഗ്രാന്‍ഡ് ജൂറിയുടെ കൂടുതല്‍ വിലയിരുത്തലിനും വിധേയരാകും. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡ് ജേതാവിനെ മെയ് 12ന് ലണ്ടനില്‍ നടക്കുന്ന അവാര്‍ഡ് ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡിന്റെ ഈ പതിപ്പിനായി ആസ്റ്റര്‍, ഏണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി യെ ‘പ്രോസസ് അഡൈ്വസര്‍’ ആയി നിയമിച്ചിട്ടുണ്ട്. നിര്‍വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അപേക്ഷകള്‍ ഏണസ്റ്റ് ആന്റ് യംഗ് അവലോകനം ചെയ്യും. ഒരു സ്വതന്ത്ര വിദഗ്ധ സമിതി എന്‍ട്രികളുടെ ഷോര്‍ട്‌ലിസ്റ്റിംഗ് പ്രക്രിയ പൂര്‍ത്തിയാക്കും. ഷോര്‍ട് ലിസ്റ്റ് ചെയ്ത ഫൈനലിസ്റ്റുകളുടെ ഒരു ലിസ്റ്റ് ഗ്രാന്‍ഡ് ജൂറിക്ക് സമര്‍പ്പിക്കുകയും ചെയ്യും. ചുരുക്കപ്പട്ടികയിലുള്ള അപേക്ഷകള്‍ പരിശോധിച്ച് അവസാന റൗണ്ടിലേക്ക് മികച്ച 10 നഴ്‌സുമാരെ ഗ്രാന്‍ഡ് ജൂറി തെരഞ്ഞെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.