ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ലബനാനിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ ആരംഭിച്ചു
സേവനങ്ങള്‍ ലബനാനിലെ വീടുകളിലേക്ക് നേരിട്ട്. ടെലിഹെല്‍ത് സേവനങ്ങള്‍ക്കൊപ്പം സോളാര്‍ പാനലുകളും.
സൗജന്യ ആരോഗ്യ ചികില്‍സ ദശലക്ഷം പേരിലെത്തി
ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ലബനാനിലെ ഏറ്റവും പുതിയ മൊബൈല്‍ മെഡിക്കല്‍ സേവനം ഫ്‌ളാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി ആരംഭിച്ച യൂണിറ്റ് 2023 ജൂണ്‍ പകുതിയോടെ ദുബായില്‍ നിന്ന് ലബനാനിലെത്തും. ഈ പ്രദേശത്തെ കാലാവസ്ഥയ്ക്കനുയോജ്യമായ രീതില്‍ സജ്ജീകരിച്ച യൂണിറ്റില്‍, മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചാണ് വൈദ്യുതി ലഭ്യമാക്കുക. ക്യാമ്പുകളിലും ഔട് റീച്ച് പ്രോഗ്രാമുകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനത്തിലൂടെ വൈദ്യുതി സ്വീകരിച്ചായിരിക്കും യൂണിറ്റ് പ്രവര്‍ത്തിക്കുക.
കൂടാതെ, ഭൗതികമായ അതിരുകള്‍ക്കപ്പുറത്തേക്ക് ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അതിനൂതനമായ ടെലിഹെല്‍ത്ത് സിസ്റ്റവും ഈ യൂണിറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ടെലിഹെല്‍ത് വഴി വിദൂര പ്രദേശങ്ങളിലുള്ള വ്യക്തികള്‍ക്ക് പ്രത്യേകിച്ചും സിറിയന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ബെക്ക താഴ്‌വരയിലെ ആളുകള്‍ക്ക് വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍ വഴി ആരോഗ്യ പരിചരണ പ്രൊഫഷണലുകളുമായി ബന്ധപ്പെടാന്‍ കഴിയും. ഇത് അവരെ സ്‌പെഷ്യാലിറ്റി പരിചരണം ഉടനടി സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്നു.
ശൈഖാ ജവാഹിറിനെ പ്രതിനിധീകരിച്ച് ‘ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍’ ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദി മെഡിക്കല്‍ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ദുബായ് അല്‍ സഫയിലെ മെഡ് കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, യുഎഇയിലെ സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി (എസ്‌ജെയു) പ്രസിഡന്റ് എലി യാര്‍ഡ് എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ മൊബൈല്‍ ക്‌ളിനിക്കിലൂടെ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ ലബനാനിലേക്ക് വ്യാപിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സഹകരണത്തോടെ സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ക്‌ളിനിക് ലബനാനിലെ ജനങ്ങളുടെ അടിസ്ഥാന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാവും. ഈ പദ്ധതിക്കാവശ്യമായ പിന്തുണ നല്‍കിയതിന് വിദേശ കാര്യ മന്ത്രാലയത്തിനും ലബനാനിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിനും നന്ദി രേഖപ്പെടത്തുന്നു. വിവിധ ജന സമൂഹങ്ങളോടുള്ള അനുകമ്പയ്ക്കും, ആസ്റ്ററിന്റെ ആഗോള സിഎസ്ആര്‍ ദൗത്യങ്ങളോടുള്ള തുടര്‍ച്ചയായ പങ്കാളിത്തത്തിനും ശൈഖാ ജവഹിര്‍ അല്‍ ഖാസിമിക്ക് ആസ്റ്ററിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ഈ മൊബൈല്‍ ക്‌ളിനിക് കേവലം മെഡിക്കല്‍ സൗകര്യങ്ങളുള്ള ഒരു വാഹനത്തെയല്ല പ്രതിനിധീകരിക്കുന്നത്. ഇത് പ്രത്യാശയുടെയും സഹിഷ്ണുതയുടെയും അനുകമ്പയുടെയും പ്രതീകമാണെന്നും ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദി പറഞ്ഞു. വിദൂര പ്രദേശങ്ങളിലെ നിരാലംബരായ വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അചഞ്ചലമായ സമര്‍പ്പണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാകുന്ന ഒരു ലോകം സൃഷ്ടിക്കുക എന്ന സമാനമായ കാഴ്ചപ്പാടാണ് ആസ്റ്റര്‍ വോളണ്ടിയേഴ്‌സിനെയും ഞങ്ങളെയും ഈ പങ്കാളിത്തത്തില്‍ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നത്. മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം, അവഗണന നേരിടുന്നവരിലേക്ക് നേരിട്ട് പരിചരണം എത്തിക്കുകയും ചെയ്യുന്നതിലൂടെ വലിയ പരിവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന് ഈ കൂട്ടായ പ്രയത്‌നത്തിലൂടെ തെളിയിക്കാന്‍ സാധിച്ചുവെന്നും മറിയം അല്‍ ഹമ്മാദി വ്യക്തമാക്കി.
നിരാലംബരായ ആളുകളിലേക്ക് മെഡിക്കല്‍ സേവനങ്ങള്‍ അനായാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സര്‍വീസസ് (എവിഎംഎംഎസ്) ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ ഉദ്യമങ്ങളിലൊന്നാണ്. പരിമിതമായ അല്ലെങ്കില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന വ്യക്തികളിലേക്ക് എത്തിച്ചേരാന്‍ ഇതിന്റെ ഭാഗമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇതിനകം തന്നെ 25 ഓളം മെഡിക്കല്‍ വാനുകള്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാമനാഥപുരം, ചെന്നൈ, സില്‍ച്ചാര്‍, ഖത്തര്‍, ബംഗ്‌ളാദേശ്, സന്‍സിബാര്‍ എന്നിവിടങ്ങളിലായി ആറ് മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഈ മൊബൈല്‍ മെഡിക്കല്‍ വാനുകളില്‍ അടിസ്ഥാന ഡയഗ്‌നോസ്റ്റിക്, മെഡിക്കല്‍ ടെസ്റ്റുകള്‍, കണ്‍സള്‍ട്ടേഷനുകള്‍, പ്രഥമശുശ്രൂഷ എന്നിവ നല്‍കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലുടനീളമുള്ള പ്രവര്‍ത്തനങ്ങളിലൂടെ, ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സര്‍വീസസ് (എവിഎംഎംഎസ്) ഇന്നുവരെ ഒരു ദശലക്ഷത്തോളം വ്യക്തികള്‍ക്ക് ചികിത്സ ലഭ്യമാക്കിട്ടുണ്ട്.