അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ അക്രമങ്ങള്‍: യുഎന്‍ യോഗം വിളിക്കണമെന്ന് യുഎഇ
ദുബായ്: അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ വ്യാപകമായതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച്, ഉടന്‍ യോഗം ചേരുമെന്നും മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയുടെ യുഎന്‍ പ്രത്യേക കോഓര്‍ഡിനേറ്റര്‍ നോര്‍വീജിയന്‍ നയതന്ത്രജ്ഞന്‍ ടോര്‍ വെന്നസ്‌ലാന്‍ഡിനെ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ അതീവ ഉത്കണ്ഠയുണ്ടെന്നും അത് പരിഹരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ആഹ്വാനം ചെയ്തതായും യുഎഇ അംബാസഡര്‍ ലാന നുസൈബെ പ്രസ്താവനയില്‍ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളല്ല അവ, അക്രമത്തിന്റെയും ഏകപക്ഷീയമായ നടപടികളുടെയും ഭാഗമാണ്. അത് സാധാരണ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു -അവര്‍ പറഞ്ഞു.
എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും അതിനായുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നും വെന്നസ്‌ലാന്‍ഡ് പ്രസ്താവിച്ചു. ഭീകരതയെ ന്യായീകരിക്കാന്‍ കഴിയില്ല. കൂടാതെ, സിവിലിയന്മാര്‍ക്കെതിരായ പ്രതികാര നടപടികളും അമര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച ഹവാരയില്‍ ഡസന്‍ കണക്കിന് ജൂത കുടിയേറ്റക്കാര്‍ പലസ്തീനികളുടെ വീടുകളും കാറുകളും കത്തിച്ചതിനെ തുടര്‍ന്ന് ഒരു ഫലസ്തീന്‍ തോക്കുധാരി രണ്ട് ഇസ്രായേലികളെ വെടിവെച്ച് കൊന്നിരുന്നു. അതിലുള്ള പ്രതികാരമെന്നോണം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേല്‍ അധിക സൈനികരെ അയച്ചു.
ജോര്‍ദാനിലെ അഖബയില്‍ നടന്ന ഉച്ചകോടിയില്‍ സംഘര്‍ഷം ലഘൂകരിക്കുമെന്ന് ഇസ്രായേലി, പലസ്തീന്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഫലസ്തീനികള്‍ക്ക് നേരെ ഏകപക്ഷീയ അക്രമ നീക്കങ്ങളുണ്ടാവുകയായിരുന്നു. ഉച്ചകോടി നടക്കുന്നതിനിടെ ഹവാരയിലെ ഒരു ജംഗ്ഷനില്‍ ഒരു ഫലസ്തീനിയന്‍ തോക്കുധാരി വെടിയുതിര്‍ത്തു. കഴിഞ്ഞാഴ്ച വടക്കന്‍ നഗരമായ നബ്‌ലസില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡിന് പ്രതികാരമായി രണ്ട് ഇസ്രായേലി കുടിയേറ്റക്കാരെ കൊന്നതിന് പ്രതിക്രിയയായി 11 പലസ്തീനികളെ കൊന്നൊടുക്കി.
അക്രമം ഉടന്‍ അവസാനിക്കുമെന്ന് ഇരുപക്ഷവും സൂചിപ്പിച്ചില്ലെന്നത് നിര്‍ഭാഗ്യകരമാണ്. സംഘര്‍ഷം കുറക്കാനും കൂടുതല്‍ അക്രമം തടയാനും പ്രതിജ്ഞാബദ്ധമാവേണ്ടതിന്റെ ആവശ്യകത യോഗത്തിന് ശേഷമുള്ള പ്രസ്താവനയില്‍ നേതാക്കള്‍ സ്ഥിരീകരിച്ചിരുന്നു.
അധിനിനിഷ്ട ഫലസ്തീന്‍ പ്രദേശത്ത് നാല് മാസത്തേക്ക് സെറ്റില്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ തടയാനും ഔട്ട്‌പോസ്റ്റുകളുടെ അംഗീകാരം ആറ് മാസത്തേക്ക് നിര്‍ത്താനും ഇസ്രായേല്‍ ഞായറാഴ്ച സമ്മതിച്ചു. അതേസമയം, അത്തരം വ്യവസ്ഥകളൊന്നും അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കള്‍ പിന്നീട് പറഞ്ഞു.
ഇസ്രയേലില്‍ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ആദ്യത്തെ ഉന്നത തല യോഗമായിരുന്നു അത്.