റീസൈക്കിള്‍ ചെയ്ത പ്‌ളാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് വിട
അബുദാബി: പൊതുജനാരോഗ്യ, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി റീസൈക്കിള്‍ ചെയ്ത പ്‌ളാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളുടെ വ്യാപാരം നിയന്ത്രിക്കുന്നത് സംബന്ധിച്ച് വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രാലയം മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
അബുദാബി സസ്‌റ്റൈനബിലിറ്റി വീക് 2023ല്‍ പ്രഖ്യാപിച്ച പുതിയ തീരുമാനം വിഭവങ്ങള്‍ സംരക്ഷിക്കാനും ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള യുഎഇയുടെ മാറ്റത്തെ പിന്തുണക്കാനുമുള്ള പ്രതിബദ്ധതയ്ക്ക് സംഭാവന നല്‍കുന്നതാണ്.
ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ദേശീയ സമ്പദ് വ്യവസ്ഥയില്‍ വ്യാവസായിക മേഖലയുടെ സംഭാവനയ്ക്കുമുള്ള മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യത്തിന് അനുസൃതമായാണ് പുതിയ തീരുമാനമെന്ന് വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ സുവൈദി പറഞ്ഞു. പ്‌ളാസ്റ്റിക് റീസൈക്‌ളിംഗ് വ്യവസായം വിപുലീകരിക്കുന്നതിലൂടെ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഇത് സഹായിക്കും. സസ്‌റ്റൈനബിലിറ്റി വീക്കിന്റെ നിലവിലെ കാഴ്ചപ്പാടിലും ലക്ഷ്യങ്ങളിലും തികച്ചും യോജിക്കുകയും യുഎഇയുടെ നെറ്റ് സീറോ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണിത്.
നാഷണല്‍ ഫുഡ് സേഫ്റ്റി കമ്മിറ്റിയുടെയും യുഎഇ ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറേഴ്‌സ് ഗ്രൂപ്പിന്റെയും പ്രതിനിധികള്‍, ഫുഡ് ആന്‍ഡ് റീസൈക്‌ളിംഗ് വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരുമായി കണ്ടെയ്‌നറുകള്‍ വാട്ടര്‍ ബോട്ടിലുകളായി ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കൂടിയാലോചിക്കുകയും, തീരുമാനം വികസിപ്പിക്കുന്നതില്‍ എല്ലാ പങ്കാളികളെയും ഉള്‍പ്പെടുത്താന്‍ മന്ത്രാലയം താല്‍പര്യപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.