അവീര്‍ എമിഗ്രേഷന്‍ ഓഫീസ് സേവനം രാവിലെ 6 മുതല്‍ ലഭ്യമാകും
ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും
ദുബായ്:അല്‍ അവീര്‍ എമിഗ്രേഷന്‍ ഓഫീസ് സേവനം രാവിലെ 6 മുതല്‍ ലഭ്യമാകുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. ഇവിടത്തെ പൊതുജന സമ്പര്‍ക്ക വിഭാഗം എല്ലാം ദിവസവും പ്രവര്‍ത്തിക്കുമെന്നും, രാവിലെ 6 മുതല്‍ രാത്രി 10 മണി വരെ ഇവിടെ നിന്ന് സേവനങ്ങള്‍ ലഭ്യമാകുമെന്നും ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ സംബന്ധമായ വിവിധ ക്‌ളിയറന്‍സുകള്‍ കൈകാര്യം ചെയ്യുന്ന പരിഹാര വിഭാഗമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അത്തരം സേവനങ്ങള്‍ ആവശ്യമുള്ള ഉപയോക്താവിന് ഇവിടെ എത്തി നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ മടങ്ങാവുന്നതാണ്. എന്നാല്‍, ജാഫിലിയയിലെ ജിഡിആര്‍എഫ്എ പ്രധാന ഓഫീസിന്റെ പ്രവര്‍ത്തി സമയം രാവിലെ 7.30 മുതല്‍ രാത്രി 7 വരെയാണ്. അത് വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 വരെയും തുടര്‍ന്ന് ഉച്ച 2.30 മുതല്‍ 7 മണി വരെയും പ്രവര്‍ത്തിക്കുന്നതാണ്.
ദുബായിലെ അടിയന്തര വിസാ സേവനങ്ങള്‍ക്കായി ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ അറൈവല്‍ ഭാഗത്തുള്ള ജിഡിആര്‍എഫ്എ ഓഫീസിനെ സമീപിക്കാം. ഇവിടെ ആഴ്ചയില്‍ എല്ലാം ദിവസവും 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകും.
അതിനിടെ, ദുബായിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 800 5111ല്‍ വിളിക്കാമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.