വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമോതാം
സത്യവിശ്വാസിയുടെ ആത്മീയവും ഭൗതികവുമായ ജീവിത വഴിയിലെ പോഷക പ്രദാനമായ പാഥേയമാണ് വിജ്ഞാനം. സത്യവിശ്വാസം കൈവരിച്ചവരെയും അറിവ് നല്‍കപ്പെട്ടവരെയും അല്ലാഹു ഏറെ പദവികള്‍ ഉയര്‍ത്തുമത്രെ (സൂറത്തു മുജാദില 11).
നിശ്ചയം, അല്ലാഹുവിന്റെ അടിമകളില്‍ ജ്ഞാനികള്‍ മാത്രമേ അവനെ ഭയപ്പെടൂ (സൂറത്തുല്‍ ഫാത്വിര്‍ 28).
ഒരിക്കല്‍ സ്വഫ്‌വാന്‍ ബ്‌നു അസ്സാല്‍ (റ) എന്ന സ്വഹാബി വര്യന്‍ നബി (സ്വ)യുടെ തിരുസന്നിധിയില്‍ ചെന്നു പറഞ്ഞു: തിരുദൂതരേ, ഞാന്‍ വിദ്യ അഭ്യസിക്കാന്‍ വന്നിരിക്കുകയാണ്. അപ്പോള്‍ നബി (സ്വ) മൊഴിയുകയുണ്ടായി: വിദ്യാര്‍ത്ഥിക്ക് സ്വാഗതം (ത്വബ്‌റാനി, മുഅ്ജമുല്‍ കബീര്‍ 7347). വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമോതുകയും പ്രചോദനമേകുകയും ചെയ്യണമെന്നാണ് നബി (സ്വ) സാരോപദേശമായി പറഞ്ഞത്: വിദ്യ തേടുന്നവരായി ധാരാളമാളുകള്‍ വരും, നിങ്ങള്‍ അവരെ കണ്ടാല്‍ സ്വാഗതം സുസ്വാഗതം എന്ന് പറഞ്ഞ് വരവേല്‍ക്കണം (ഇബ്‌നു മാജ 247).
പുതിയ അധ്യായന വര്‍ഷത്തിലേക്ക് കടക്കുന്ന യുഎഇയിലെ വിദ്യാര്‍ത്ഥീ, വിദ്യാര്‍ത്ഥിനികള്‍ക്ക് സുസ്വാഗതം. ഏവര്‍ക്കും ഭാസുര ഭാവി ആശംസിക്കുന്നു
ഈ നാട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കെന്നും താങ്ങാണ്.
അധ്യാപകരാണ് വിദ്യയിലൂടെ തലമുറകളെ വാര്‍ത്തെടുക്കുന്നവര്‍. ധിഷണാപരവും സംസ്‌കാരികവുമായ ചാലക ശക്തികളാണവര്‍. ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി മാലാഖമാരടക്കം ആകാശ-ഭൂമി ലോകങ്ങളിലുള്ള സകലതും -എത്രത്തോളമെന്നാല്‍ -മാളത്തിലെ ഉറുമ്പുകള്‍ പോലും പ്രാര്‍ത്ഥിക്കുമത്രെ. അല്ലാഹുവും അവര്‍ക്ക് അനുഗ്രഹം ചെയ്യും (ഹദീസ് തുര്‍മുദി 2685).
നബി (സ്വ) അധ്യാപകരായിരുന്നു. കാര്യങ്ങള്‍ അനായാസകരമാക്കുന്ന അധ്യാപകരായിട്ടാണ് നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് നബി (സ്വ) തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (ഹദീസ് മുസ്‌ലിം 188).
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ വിദ്യാലയങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല. വീടുകളില്‍ മാതാപിതാക്കള്‍ മക്കളുടെ പഠന കാര്യങ്ങള്‍ വിലയിരുത്തുകയും പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണം. അധ്യാപകരെ ബഹുമാനിക്കാന്‍ നിര്‍ദേശിക്കണം. മക്കള്‍ നല്ല രീതിയില്‍ പഠിച്ച് ഉയര്‍ന്നാലേ നാട് നന്നാവുകയും ഉന്നതി പ്രാപിക്കുകയുമുള്ളൂ.
ഉന്നതങ്ങളിലേക്കുള്ള പടവുകളാണ് വിജ്ഞാനം അനായാസകരമാക്കുന്നത്. അല്ലാഹു പറയുന്നുണ്ട്: അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുകയുള്ളൂ (ഖുര്‍ആന്‍, സൂറത്തുസ്സുമര്‍: 9).