ഭിക്ഷാടകക്ക് ആഡംബര കാര്‍; വന്‍ തുകയും കണ്ടെത്തി
യാചനക്ക് 3 മാസം തടവും 5,000 ദിര്‍ഹം പിഴയും. സംഘമായിട്ടാണെങ്കില്‍ 6 മാസം തടവും 100,000 ദിര്‍ഹം പിഴയും ശിക്ഷ.
അബുദാബി: ഭിക്ഷാടനം നടത്തിയതിന് അബുദാബിയില്‍ പിടിയിലായ സ്ത്രീക്ക് ആഡംബര കാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വന്‍ തുകയും പിടിച്ചെടുത്തു. ഈ സ്ത്രീ ആഡംബര കാര്‍ ഓടിച്ചത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ചോദ്യം ചെയ്ത് അറസ്റ്റ് നടത്തിയത്.
ഈ സ്ത്രീയെ കുറിച്ച് ഒരു താമസക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പള്ളികള്‍ക്ക് മുന്നില്‍ ഇവര്‍ ഭിക്ഷ യാചിക്കുന്നത് പതിവായിരുന്നു. ഏറ്റവും പുതിയ ആഡംബര കാര്‍ ഓടിച്ചു വന്ന് ഒരുപാട് ദൂരെ നിര്‍ത്തി ലക്ഷ്യസ്ഥാനത്തേക്ക് നടന്നെത്തുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഭിക്ഷാടനത്തില്‍ നിന്ന് ധാരാളം പണം ലഭിക്കുന്നുണ്ടെന്ന് പൊലീസിന് മനസ്സിലായി. ഈ പണം പിടിച്ചെടുക്കുകയും യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനും ഡിസംബര്‍ 12നുമിടയില്‍ 159 യാചകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതൊരു സമൂഹത്തിന്റെയും പരിഷ്‌കൃത സ്വഭാവത്തെ മാറ്റുന്ന സാമൂഹിക വിപത്താണ് ഭിക്ഷാടനമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
”ഭിക്ഷാടനം യുഎഇയില്‍ കുറ്റമാണ്. സമൂഹത്തെ അപരിഷ്‌കൃതമാക്കുന്ന നീച വൃത്തിയാണിത്. യാചകര്‍ ആളുകളുടെ ഔദാര്യം മുതലെടുത്ത് കബളിപ്പിക്കുകയാണ്. അത് തിരിച്ചറിയണം” -അധികൃതര്‍ പറഞ്ഞു.
ഭിക്ഷാടനത്തിന് മൂന്ന് മാസത്തെ തടവും 5,000 ദിര്‍ഹമില്‍ കുറയാത്ത പിഴയുമോ, അല്ലെങ്കില്‍ രണ്ടിലൊന്നും പിഴയുമോ ആണ് ശിക്ഷ നല്‍കുകയെന്ന് യുഎഇ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. സംഘടിത ഭിക്ഷാടനത്തിനുള്ള ശിക്ഷ ആറു മാസത്തെ തടവും 100,000 ദിര്‍ഹമില്‍ കുറയാത്ത പിഴയുമാണ്.
ഭിക്ഷാടനം പോലുള്ള മോശം പെരുമാറ്റങ്ങള്‍ തടയാനും പൊതു സുരക്ഷ ഉറപ്പാക്കാനും എമിറേറ്റിലുടനീളം നടപടികള്‍ ശക്തമാക്കിയത ായി പൊലീസ് അറിയിച്ചു. റമദാനില്‍ ഭിക്ഷാടനത്തിനെതിരെ പാലീസ് ഊര്‍ജിത പരിശോധനയും അനുബന്ധ നീക്കങ്ങളും നടത്തും. ഇതിനായി പ്രത്യേക സംഘങ്ങളെ എല്ലാ വര്‍ഷവും സജ്ജമാക്കാറുണ്ട്.
കാരുണ്യ മന:സ്ഥിതി കൊണ്ടാണ് മനുഷ്യര്‍ കൈ നീട്ടുന്നവര്‍ക്ക് പണം നല്‍കുന്നത്. എന്നാല്‍, അത് ചതിയാണെന്ന ബോധ്യം വേണം. കാരണം, യുഎഇ സര്‍ക്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക ചാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുവഴി അര്‍ഹര്‍ക്ക് എല്ലായ്‌പ്പോഴും സഹായങ്ങള്‍ നല്‍കാറുണ്ട്. ആവശ്യമുള്ളവര്‍ സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
ഏതെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ 999 എന്ന നമ്പറില്‍ വിളിച്ച് പൊലീസിനെ അറിയിക്കണം. 800 2626 (AMAN 2626) എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ സുരക്ഷാ സേവന വിഭാഗവുമായോ, ഇമെയില്‍ വഴിയോ (aman@adpolice.gov.ae) വാചക സന്ദേശത്തിലൂടെയോ ബന്ധപ്പെടാവുന്നതുമാണ്.