ഭീമ ശ്രീരാഗ് കലോത്സവം 19ന് ഇത്തിസാലാത്ത് അക്കാദമിയില്‍

ദുബായ്: വളര്‍ന്നു വരുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല വേദികള്‍ ഒരുക്കാനും വിവിധ കലാ വിഭാഗങ്ങള്‍ പഠിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച ശ്രീരാഗ് ഫ്രെയിംസ് മാര്‍ച്ച് 19ന് ദുബായ് ഇത്തിസാലാത്ത് അക്കാദമിയില്‍ നാടന്‍ കലകള്‍ക്ക് ഊന്നല്‍ നല്‍കി ‘ഭീമ ശ്രീരാഗ് കലോത്സവം 2023’ സമുചിതമായി ആഘോഷിക്കുന്നു.
രാവിലെ 8 മുതല്‍ രാത്രി 11 മണി വരെ നീളുന്ന വ്യത്യസ്ത നാടന്‍ കലകളുടെ സംഗമവും 14 ജില്ലകളിലെയും ഇഷ്ട ഭക്ഷണ സമൃദ്ധിയുമായി ഒരു രാപകല്‍ ആഹ്‌ളാദമാക്കുന്ന ഗംഭീര വിരുന്നാണ് ഒരുക്കുന്നതെന്ന് ശ്രീരാഗ് ഫ്രെയിംസ് സ്ഥാപക പ്രസിഡന്റ് അജിത് കുമാര്‍ തോപ്പിലും സക്രട്ടറി രോഷന്‍ വെണ്ണിക്കലും ട്രഷറര്‍ അര്‍ച്ചന ബിനീഷും അറിയിച്ചു.
ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം പ്രമാണിയായ മേള കുലപതി കിഴക്കൂട്ട് അനിയന്‍ മാരാരുടെയും മേള കലാരത്‌നം കലാമണ്ഡലം ശിവദാസിന്റെയും നേതൃത്വത്തില്‍ യുഎഇയിലെ പ്രശസ്തരായ 75 വാദ്യ കലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളം ഉണ്ടാകും. ഗായകന്‍ അനൂപ് ശങ്കറും സംഘവും ഒരുക്കുന്ന ഗാനമേളയും മഹേഷ് കുഞ്ഞുമോനും സംഘവും അവതരിപ്പിക്കുന്ന മിമിക്രിയും ശ്രദ്ധേയമാകും. ആദ്യമായി യുഎഇയിലെത്തുന്ന മൂന്ന് വിഭാഗം കലകള്‍ ശ്രീരാഗ് കലോത്സവത്തിന് മാറ്റ് കൂട്ടും.
കൈരളി ബാന്‍ഡ് ചാലക്കുടിയും രാഗദീപം മുണ്ടത്തിക്കോട് വത്സനും ഒരുമിക്കുന്ന ബാന്‍ഡ് സെറ്റ്, കൂറ്റനാട് തട്ടകം നാടന്‍ കലാ സമിതിയുടെ തിറയാട്ടം, കക്കാട്ട് യക്ഷഗാന കലാ കേന്ദ്രം അവതരിപ്പിക്കുന്ന യക്ഷഗാനം എന്നിവയും മനം നിറയ്ക്കുന്നതാകും.
ചെണ്ടമേളം, കുട്ടികളുടെ ദേശീയ ഗാനാലാപനം (ഇന്ത്യ, യുഎഇ), പഞ്ചരത്‌ന കീര്‍ത്താലാപനം, മെഗാ തിരുവാതിര, ഒപ്പന, മാര്‍ഗംകളി, പുള്ളുവന്‍ പാട്ട്, കളരിപ്പയറ്റ്, തെയ്യം-തിറ, കരിങ്കാളിയാട്ടം, പരുന്താട്ടം, കുമ്മാട്ടിക്കളി, അലാമിക്കളി, ദഫ് മുട്ട്, കരകാട്ടം, കൈമുട്ടിക്കളി, പൂരക്കളി, കൊരമ്പ് നൃത്തം, മയൂര നൃത്തം, വഞ്ചിപ്പാട്ട്, കേരളീയ ശാസ്ത്രീയ കലകളുടെ നൃത്താവിഷ്‌കാരം, സിനിമാറ്റിക് ഡാന്‍സ്, അര്‍ധ ശാസ്ത്രീയ നൃത്തങ്ങള്‍ എന്നിങ്ങനെ മുപ്പതോളം നാടന്‍ കലാരൂപങ്ങളും അനുഷ്ഠാന കലകളും സംഗമിക്കുന്ന തീര്‍ത്തും വ്യത്യസ്തമാകും കലോല്‍സവമെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷനില്‍ പള്ളിയില്‍ അറിയിച്ചു.
25 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ഭീമ ജ്വല്ലറിയുടെ യുഎഇയിലെ എല്ലാ ഷോറൂമുകളിലും സിയാന ട്രാവല്‍സിന്റെ അജ്മാന്‍ ഓഫീസുകളിലും മെഡ് 7 ഫാര്‍മസികളിലും ടിക്കറ്റുകള്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടികളെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രീരാഗ് ഫ്രെയിംസ് രക്ഷാധികാരി നാഗരാജ് റാവു, ആര്‍ട്ട് സെക്രട്ടറി കലാമണ്ഡലം ലക്ഷ്മി പ്രിയ, മീഡിയ കോഓര്‍ഡിനേറ്റര്‍ ദീപിക സുജിത്, പിആര്‍ഒ രവി നായര്‍ എന്നിവരും പങ്കെടുത്തു.