ദാനം മനുഷ്യ ധര്‍മ്മം
സത്യവിശ്വാസിയുടെ പ്രധാന അനുഷ്ഠാനമാണ് ദാനം. മര്‍മ്മമുള്ള ധര്‍മ്മവുമാണ് ദാനം.
എത്ര ചെലവഴിച്ചാലും നഷ്ടം വരാത്ത മുതല്‍മുടക്കാണ് ദാനധര്‍മ്മം.
അല്ലാഹു പറയുന്നു: നിശ്ചയം അല്ലാഹുവിന്റെ വേദം പാരായണം ചെയ്യുകയും നമസ്‌കാരം കൃത്യമായി നിര്‍വ്വഹിക്കുകയും നാം നല്‍കിയ ധനം രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ പ്രത്യാശിക്കുന്നത് തീരേ നഷ്ടം വരാത്ത കച്ചവടമത്രേ. കാരണം അവരുടെ പ്രതിഫലം അല്ലാഹു പൂര്‍ത്തിയാക്കി നല്‍കുന്നതും തന്റെ ഔദാര്യത്താല്‍ വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതുമാകുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും പ്രതിഫലം നല്‍ുകുന്നവനുമത്രേ (സൂറത്തുല്‍ ഫാത്വിര്‍ 29, 30).
ദാനധര്‍മ്മം ചെയ്യുന്നവര്‍ക്ക് അല്ലാഹു അവര്‍ ചെവലഴിച്ചതിന്റെ ഇരട്ടി പ്രതിഫലങ്ങള്‍ നല്‍കുകയും ആ ചെലവുകള്‍ക്ക് നല്ല പകരങ്ങള്‍ നല്‍കുകയും ചെയ്യും.
അല്ലാഹു പറയുന്നു: എന്തൊരു വസ്തു നിങ്ങള്‍ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും. ഉപജീവനം നല്‍കുന്നവരില്‍ അത്യുദാത്തനേ്രത അവന്‍ (സൂറത്തു സബഅ് 39).
റമദാന്‍ മാസം ദാനത്തിന്റെ മാസം കൂടിയാണ്. സ്രഷ്ടാവിന് ആരാധകളര്‍പ്പിക്കുമ്പോള്‍ സൃഷ്ടികള്‍ക്ക് ദാനങ്ങള്‍ നല്‍കി ആദരിക്കേണ്ട അവസരമാണ് റമദാനിലേത്. അത് സൗഭാഗ്യങ്ങള്‍ക്കും സ്വര്‍ഗലബ്ധിക്കും കാരണമാക്കും.
റമദാനിലെ ഔദാര്യങ്ങള്‍ ഇരട്ടികളുടെ ഇരട്ടികളായ വര്‍ധനവുകള്‍ക്ക് വകവെക്കും. നമ്മുടെ നബി (സ്വ) അത്യുദാരമതിയായിരുന്നല്ലൊ. നബി (സ്വ) കൂടുതലായും ദാനധര്‍മ്മങ്ങള്‍ ചെയ്തിരുന്നത് റമദാന്‍ മാസത്തിലാണ് (ഹദീസ് ബുഖാരി, മുസ്ലിം). ആ ദാനശൈലിയാണ് നാം പിന്‍പറ്റേണ്ടത്.
ദാനധര്‍മ്മം ശീലമാക്കാന്‍ അല്ലാഹു പ്രചോദിപ്പിക്കുന്നത് പരിശുദ്ധ ഖുര്‍ആനില്‍ കാണാം: നിങ്ങള്‍ അല്ലാഹുവിലും ദൂതരിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ ധനം ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളില്‍ നിന്ന് സത്യവിശ്വാസം കൈക്കാള്ളുകയും ധനം ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് മഹത്തായ കൂലിയുണ്ടാകും (സൂറത്തുല്‍ ഹദീദ് 07). നിത്യമായി മനുഷ്യര്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും സമാശ്വാസ സേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്തവരുടെ സൗഭാഗ്യങ്ങള്‍ നിലനില്‍ക്കുകയും വര്‍ധിക്കുകയും ചെയ്യും. നബി (സ്വ) പറഞ്ഞിരിക്കുന്നു: അല്ലാഹുവിന് ഒരൂ കൂട്ടരുണ്ട്, അവര്‍ക്ക് അല്ലാഹു പ്രത്യേകമായി സൗഭാഗ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും, അവന്റെ മറ്റു അടിമകളുടെ ഉപകാര പ്രവര്‍ത്തനങ്ങള്‍ക്കാണത്. അവരത് ചെലവഴിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹു അവ നിലനിര്‍ത്തുകയും ചെയ്യും.
നന്മയനുവര്‍ത്തിക്കാനാണ് അല്ലാഹുവിന്റെ കല്‍പന, അവന്‍ പുണ്യവാന്മാരെ ഇഷ്ടപ്പെടുക തന്നെ ചെയ്യുമത്രെ (സൂറത്തു ബഖറ 195). മാനവിക പ്രവര്‍ത്തനങ്ങള്‍കൊണ്ടും ദാനൗദാര്യങ്ങള്‍കൊണ്ടും പുണ്യങ്ങള്‍ ചെയ്ത മഹാനാണ് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ്. വഖ്ഫ് ദാനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എന്നെന്നും നിലനില്‍ക്കുന്ന, നിത്യമായ ഇഹപര പ്രതിഫലങ്ങളുള്ള ദാനധര്‍മ്മമാണ് വഖ്ഫ് ദാനം. നബി (സ്വ) മനുഷ്യന്റെ മരണാന്തരവും അവനോട് ചേര്‍ന്നുനില്‍ക്കുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്, ഇവയാണ്: പഠപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അറിവുകള്‍, സല്‍വൃത്ത സന്താനം, അനന്തരമാക്കിയ ഖുര്‍ആന്‍, നിര്‍മ്മിച്ചുനല്‍കിയ മസ്ജിദ്, യാത്രക്കാരന് ഒരുക്കിയ താമസസൗകര്യം, ജലസേചനം, ജീവിതത്തിലെ ആരോഗ്യ മുഹൂര്‍ത്തങ്ങളില്‍ നല്‍കിയ ദാനധര്‍മ്മങ്ങള്‍- ഇവയെല്ലാം മരണശേഷവും സൗഭാഗ്യങ്ങളെത്തിക്കുന്ന സുകൃതങ്ങളാണ് (ഹദീസ് ഇബ്‌നു മാജ 242).