ദുബായില്‍ കെട്ടിടത്തിന് തീ പിടിച്ച് മലയാളികളടക്കം 16 പേര്‍ മരിച്ചു; 9 പേര്‍ക്ക് പരിക്ക്
ദുബായ്: ദുബായ് ഫ്രിജ് അല്‍ മുറാര്‍ ഏരിയയിലെ ബസ് സ്‌റ്റേഷന് എതിര്‍വശത്തെ കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായി മലയാളികളടക്കം 16 പേര്‍ മരിച്ചു. 9 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചത്. മൂന്നു പാക്കിസ്താനികളും ഒരു നൈജീരിയന്‍ സ്ത്രീയും സുഡാനി പൗരനും മരിച്ചവരില്‍ പെടുന്നുവെന്ന വിവരമുണ്ട്.

ദുബായ് ക്രസന്റ് ഇംഗ്‌ളീഷ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. റിജേഷ് ട്രാവല്‍ ഏജന്‍സി ജീവനക്കാരനാണ്. ഇവര്‍ക്ക് പുറമെ, രണ്ടു തമിഴ്‌നാട്ടുകാരടക്കം 4 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.
ഫ്രിജ് മുറാറിലെ തലാല്‍ സൂപര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ഒരു അപാര്‍ട്‌മെന്റിലായിരുന്നു വന്‍ തീപിടിത്തമുണ്ടായത്. വൈദ്യുത ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തതത്തിന് കാരണമായതെന്നാണ് വിവരം. എന്നാല്‍, ഇതുസംബന്ധിച്ച അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ അറിയാനാവുകയുള്ളൂ.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു തീപിടിത്തം. പരിക്കേറ്റവര്‍ക്ക് അടിയന്തിര ശുശ്രൂഷ നല്‍കിയതായി ദുബായ് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
ശിയാഴ്ച ഉച്ചയ്ക്ക് 12.35നായിരുന്നു അഗ്‌നിബാധ സംബന്ധിച്ച് ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. കെട്ടിടം ഒഴിപ്പിച്ച് 12.41ന് അഗ്‌നിശമനം ആരംഭിച്ചു. പോര്‍ട്ട് സഈദ്, ഹംരിയ്യ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള സംഘങ്ങള്‍ നടത്തിയ കഠിന യത്‌നത്തില്‍ ഉച്ച തിരിഞ്ഞ് 2.42ഓടെയാണ് തീ അണയ്ക്കാനായത്.
ഇവിടെ നിന്നും താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തുടര്‍ നടപടികള്‍ക്കായി ഈ കെട്ടിടം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നു.
മരിച്ചവരെ തിരിച്ചറിയാന്‍ ദുബായ് പൊലീസും ഇന്ത്യന്‍ കോണ്‍സുലേറ്റും മറ്റു നയതന്ത്ര കാര്യാലയങ്ങളും സുഹൃത്തുകളും ബന്ധുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയാണെന്ന് നസീര്‍ വെളിപ്പെടുത്തി.
മതിയായ കെട്ടിട സുരക്ഷാ കാര്യങ്ങളും സംരക്ഷണ സൗകര്യങ്ങളും ഇല്ലാത്തതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് വക്താവ് വ്യക്തമാക്കി.
അഗ്‌നിബാധയെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും കറുത്ത പുക പുറത്തു വരുന്നത് കണ്ടുവെന്നും ഉടന്‍ രക്ഷാ പ്രവത്തനത്തിന് ശ്രമിച്ചെങ്കിലും ചുറ്റും പുക പടര്‍ന്നതിനാല്‍ ഒന്നും കാണാനാവാതെ കെട്ടിടത്തില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നുവെന്നും ചില സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.