ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് അറ്റാദായത്തില്‍ 52% വളര്‍ച്ച
റെക്കോര്‍ഡ് ഫലങ്ങളുമായി 2022 സാമ്പത്തിക വര്‍ഷ കണക്കുകള്‍. മുന്‍ വര്‍ഷത്തെക്കാള്‍ 17% വര്‍ധനയോടെ മൊത്ത വരുമാനം 3.92 ബില്യണ്‍ ദിര്‍ഹം
അബുദാബി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് 2022ലെ സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനത്തിലും അറ്റാദായത്തിലും വന്‍ കുതിച്ചുചാട്ടവും ബാധ്യകളിലുണ്ടായ ഗണ്യമായ കുറവും കാരണം ഏറെ ശക്തമായ സാമ്പത്തിക നിലയിലാണ് കമ്പനിയെന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക ഫലം. മുന്‍ വര്‍ഷത്തെക്കാള്‍ 52% വര്‍ധനയോടെ ഗ്രൂപ്പിന്റെ അറ്റാദായം 355 മില്യണ്‍ ദിര്‍ഹമായി. 17% വളര്‍ച്ചയോടെ 2022ലെ ആകെ വരുമാനം 3.92 ബില്യണ്‍ ദിര്‍ഹമും. ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സിന് കീഴിലുള്ള ഏറ്റവും വലിയ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി 125% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇബിഐടിഡിഎ മാര്‍ജിന്‍ 22% സ്ഥിരതയിലേക്ക് കൊണ്ടുവരാനായതും കമ്പനിയുടെ തുടര്‍ വളര്‍ച്ചാ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ആശുപത്രിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 15% വര്‍ധനയുണ്ടായി. ഔട്‌പേഷ്യന്റ് സന്ദര്‍ശനങ്ങള്‍ ആകെ 5.4 മില്യണ്‍ ആയി ഉയര്‍ന്നു.
മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള പ്രതിബദ്ധതയുടെയും സമര്‍പ്പണത്തിന്റെയും ഫലമാണ് സാമ്പത്തിക വളര്‍ച്ചയെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിംഗിലൂടെ പുതിയ ഓഹരി ഉടമകളെ സ്വാഗതം ചെയ്യുകയും സങ്കീര്‍ണ മെഡിക്കല്‍ സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്ത ഗ്രൂപ്പിന് നാഴികക്കല്ലായ വര്‍ഷമാണ് 2022. ഈ വളര്‍ച്ച 2023ലും തുടരുകയാണ്. സൗദിയിലെ വിപുലീകരണ പദ്ധതികളടക്കം ഇതിന്റെ ഭാഗമാണെന്നും ഐപിഒക്ക് ശേഷം ശക്തമായ ബാലന്‍സ് ഷീറ്റും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് നിര്‍ണായകമായതായും അദ്ദേഹം പറഞ്ഞു.
2022ലെ ഗ്രൂപ്പിന്റെ പ്രകടനത്തിലും മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനായതിലും ഏറെ അഭിമാനമുണ്ടെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു. സൂപര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ അഭിവൃദ്ധിപ്പെടുത്തിയും സങ്കീര്‍ണ ചികിത്സാ രംഗത്തെ നിക്ഷേപങ്ങളിലൂടെയും യുഎഇയിലെ റഫറല്‍ ഹബ് എന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കുകയാണ് ബുര്‍ജീല്‍. മികച്ച വരുമാനവും മാര്‍ജിന്‍ വളര്‍ച്ചയും ഉപയോഗിച്ച് 2023ല്‍ ഈ വേഗം നിലനിര്‍ത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സിന് കീഴിലുള്ള ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, കേന്ദ്രീകൃത ലബോറട്ടറി തുടങ്ങി എല്ലാ മേഖലകളും വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും മികച്ച വളര്‍ച്ചയാണ് കാഴ്ച വെച്ചത്. നിക്ഷേപകര്‍ക്ക് ഈവര്‍ഷം മുതല്‍ കാഷ് ഡിവിഡന്റ് നല്‍കാനാണ് ഗ്രൂപ് ലക്ഷ്യമിടുന്നത്.