കാര്‍ബണ്‍ മോണോക്‌സൈഡ് ‘നിശ്ശബ്ദ കൊലയാളി’: കരുതിയിരിക്കണമെന്ന് ദുബൈ പൊലീസ്
ദുബായ്: ഗ്യാസ് സ്റ്റൗവുകളിലും വാഹനങ്ങളിലും ഇന്ധനം കത്തിയ ശേഷമുണ്ടാകുന്ന പുകയില്‍ അവശേഷിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് അടച്ചിട്ട സാഹചര്യങ്ങളില്‍ കെട്ടിക്കിടന്ന് വിഷ വാതകമായി മാറുന്ന പ്രവണതയുണ്ടെന്നും ‘നിശ്ശബ്ദ കൊലയാളി’യായ ഇതിനെ കരുതിയിരിക്കണമെന്നും ദുബായ് പൊലീസ്. ഈ വാതകം നിറമില്ലാത്തതും മണമില്ലാത്തതുമായതിനാല്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. അടച്ചിട്ട മുറിയില്‍ ഈ വാതകം വിഷലിപ്തമാവുകയും ശ്വസിക്കുന്നവര്‍ക്ക് പല തരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തലവേദന, തലകറക്കം, ബലഹീനത, വയറുവേദന, ഛര്‍ദി, നെഞ്ചുവേദന തുടങ്ങിയവയാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍.
അടച്ച സ്ഥലങ്ങളില്‍ ശരിയായ വായു സഞ്ചാരം ഉറപ്പാക്കാനും പ്രാദേശികമായി സാക്ഷ്യപ്പെടുത്തിയ കൂളിംഗ്/ഹീറ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കാനും വീടുകളില്‍ സിഒ അലാറം സ്ഥാപിക്കാനുംപൊലീസ് താമസക്കാരെ ഉണര്‍ത്തി.
ഉപകരണങ്ങള്‍ ഇടയ്ക്കിടെ സര്‍വീസ് ചെയ്യണം. അടച്ച സ്ഥലങ്ങളില്‍ ഒരിക്കലും എസെന്‍സും കല്‍ക്കരി ബര്‍ണറുകളും ഉപയോഗിക്കരുത്.
വാഹനമോടിക്കുന്നവരോട് ഗാരേജിലോ അടഞ്ഞു കിടക്കുന്ന വാഹനത്തിലോ അധിക നേരം തങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2020ല്‍ മുറിയില്‍ തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ച രണ്ട് പേര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം ശ്വസിച്ച് മരിച്ചിരുന്നു. രണ്ട് തൊഴിലാളികളും ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് തൊഴിലുടമ അവരെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റൊരു സംഭവത്തില്‍, വില്ലയില്‍ നിന്ന് വൈദ്യുതി വിച്ഛേദിച്ചതിന് ശേഷം ഉപയോഗിച്ച ഇലക്ട്രിക് ജനറേറ്ററില്‍ നിന്ന് ചോര്‍ന്ന സിഒ വാതകം ശ്വസിച്ച് 2022ല്‍ ബര്‍ ദുബായ് പ്രദേശത്ത് ഒരു ഏഷ്യന്‍ സ്ത്രീയും അവരുടെ നായയും കൊല്ലപ്പെട്ടിരുന്നു.
തണുപ്പ കാലാവസ്ഥയില്‍ വാഹനത്തിന്റെ എഞ്ചിനും ഹീറ്ററും ഓണാക്കി ഉറങ്ങിയവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുഎസില്‍ മാത്രം ഓരോ വര്‍ഷവും 50,000 പേര്‍ ആശുപത്രി എമര്‍ജന്‍സികളിലെത്താറുണ്ട്. 4,000ത്തിലധികം പേര്‍ ഗുരുതരാവസ്ഥയിലായി ചികില്‍സയും തേടാറുണ്ട്. അബദ്ധത്തില്‍ വിഷബാധയേറ്റ് നാനൂറിലധികം പേര്‍ മരിച്ചിട്ടുണ്ട്