ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ‘കരിയര്‍ ജേര്‍ണി’ ഒക്‌ടോബര്‍ 11 മുതല്‍
19ാമത് ഇന്റര്‍നാഷണല്‍ എജ്യുകേഷന്‍ ഷോ ഭാഗമായാണ് വിദ്യാഭ്യാസ പ്രദര്‍ശനം. പങ്കാളിത്ത കരാറില്‍ എക്‌സ്‌പോ സെന്ററും മൈക്രോടെക് എജ്യുകേഷനല്‍ സര്‍വീസസും ധാരണയിലെത്തി
ഷാര്‍ജ: വിദ്യാഭ്യാസ, പ്രൊഫഷണല്‍ എക്‌സിബിഷനുകളിലും കോണ്‍ഫറന്‍സ് മേഖലയിലും സഹകരണം ശക്തിപ്പെടുത്താന്‍ എക്‌സ്‌പോ സെന്റര്‍ ഷാര്‍ജയും മൈക്രോടെക് എജ്യുകേഷനല്‍ സര്‍വീസസും തമ്മില്‍ കൈ കോര്‍ക്കുന്നു.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്‌സിസിഐ), വിദ്യാഭ്യാസ മന്ത്രാലയം (എംഒഇ), ഷാര്‍ജ പ്രൈവറ്റ് എജ്യുകേഷന്‍ അഥോറിറ്റി (എംഒഇ) എന്നിവയുമായി സഹകരിച്ച് എക്‌സ്‌പോ സെന്റര്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ എജ്യുകേഷന്‍ ഷോയില്‍ സംയുക്ത പരിപാടികള്‍ സംഘടിപ്പിക്കാനുള്ള പങ്കാളിത്ത കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പു വച്ചു.
കരാര്‍ പ്രകാരം, 2023 ഒക്‌ടോബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന 19ാമത് ഇന്റര്‍നാഷണല്‍ എജ്യുകേഷന്‍ ഷോയുടെ ഭാഗമായി എക്‌സ്‌പോ സെന്റര്‍ ഷാര്‍ജ ‘കരിയര്‍ ജേര്‍ണി’ എക്‌സിബിഷന്‍ സംഘടിപ്പിക്കും.
ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സിഇഒ സൈഫ് മുഹമ്മദ് അല്‍ മിദ്ഫ, മൈക്രോടെക് എജ്യുകേഷണല്‍ സര്‍വീസസ് സിഇഒ ഷിബു.കെ മുഹമ്മദ് എന്നിവരും ഇരു വിഭാഗങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും ഒപ്പു വെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
”മൈക്രോടെക് എജ്യുകേഷണല്‍ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ സഹകരണ കരാര്‍ രാജ്യാന്തര വിദ്യാഭ്യാസ പ്രദര്‍ശനം വികസിപ്പിക്കാനും രാജ്യത്തിനകത്തും യുഎഇയിലുമുള്ള വിദ്യാഭ്യാസ മേഖലയിലെ പ്രമുഖമായ ഒന്നായി അതിന്റെ പദവി നിലനിര്‍ത്താനുമുള്ള എക്‌സ്‌പോ സെന്ററിന്റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും താല്‍പര്യമുള്ള വ്യക്തികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രത്യേക സെഷനുകള്‍, സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിവ വാഗ്ദാനം ചെയ്യാനായി അതിന്റെ സംഘാടകരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന ‘കരിയര്‍ ജേര്‍ണി’ പ്രദര്‍ശനം വിലപ്പെട്ട ഒന്നായിരിക്കും. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബോര്‍ഡിംഗ് സ്‌കൂളുകള്‍, കൂടാതെ വിവിധ സര്‍വകലാശാലകളിലുടനീളമുള്ള ആഗോള തൊഴിലവസരങ്ങള്‍ എന്നിവ ഈ പ്രദര്‍ശനത്തില്‍ നിന്നുള്ള പ്രയോജനമായി മാറും” അല്‍ മിദ്ഫ പറഞ്ഞു.
ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും മികച്ച സമ്പ്രദായങ്ങള്‍ രേഖപ്പെടുത്താനും പ്രത്യേക വിദ്യാഭ്യാസ പ്രദര്‍ശനങ്ങളില്‍ വൈദഗ്ധ്യവും അനുഭവവും കൈമാറാനും പ്രോത്സാഹിപ്പിക്കാനുമായി ഇരു വിഭാഗങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ ഘട്ടത്തെ ഇത് അടയാളപ്പെടുത്തുന്നുവെന്ന് ഷിബു.കെ മുഹമ്മദ് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും പുരോഗതികളും കണ്ടെത്താനുള്ള ആഗോള വേദിയായ ഈ അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ മൈക്രോടെക് എജ്യൂകേഷണല്‍ ഗ്രൂപ്പിനെ പ്രാപ്തമാക്കാനുള്ള കരാറിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.