യുഎഇ-ഇന്ത്യാ സേപ ഒന്നാം വാര്‍ഷികം: ഷംലാല്‍ അഹ്മദ് അഭിനന്ദിച്ചു

ദുബായ്: ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പു വെച്ച കോംപ്രഹെന്‍സീവ് എകണോമിക് പാര്‍ട്ണര്‍ഷിപ് എഗ്രിമെന്റ് (സേപ) 1 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ വേളയില്‍ ഇരു രാജ്യങ്ങളിലെയും നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനും ആഭരണ വ്യവസായത്തിനും വേണ്ടി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.
ആഗോള തലത്തില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ജ്വല്ലറി റീടെയിലര്‍ എന്ന നിലയില്‍ യുഎഇയിലേക്കുള്ള തങ്ങളുടെ ഇറക്കുമതി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 45% വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നും, ഭാവിയിലും ഇത് ഗണ്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
”മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ എല്ലാ പിന്തുണയും സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന അത്യാധുനിക കേന്ദ്രീകൃത സൗകര്യം ദുബായില്‍ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് സ്ഥാപിക്കാനും സേപ ഞങ്ങളെ സഹായിച്ചു. സേപ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇതിനകം തന്നെ ആഭരണ ചില്ലറ, മൊത്ത വ്യാപാര ബിസിനസിനെ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഷോപര്‍മാര്‍ക്ക് ഏറ്റവും മികച്ച ഗുണനിലവാരവും ഡിസൈന്‍ ഓപ്ഷനുകളും വിലയും വാഗ്ദാനം ചെയ്യുന്ന ജ്വല്ലറി ഡെസ്റ്റിനേഷനായി ഇത് യുഎഇയെ ശക്തിപ്പെടുത്തി” -അദ്ദേഹം അഭിപ്രായപ്പെട്ടു.
സേപയുടെ അഡോപ്ഷനും വിനിയോഗത്തിനും പിന്തുണ നല്‍കാനായി ഉദ്യോഗസ്ഥര്‍ വ്യവസായത്തില്‍ നിന്ന് നിരന്തരം പ്രതികരണം സ്വീകരിക്കുന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ അതിന്റെ നേട്ടങ്ങള്‍ പല മടങ്ങ് വര്‍ധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഷംലാല്‍ അഹ്മദ് കൂട്ടിച്ചേര്‍ത്തു.
