ബാല സാഹിത്യം എളുപ്പമല്ല; ടെക്‌നോളജി വിവേകത്തോടെ കൈകാര്യം ചെയ്യപ്പെടണം: സുധാ മൂര്‍ത്തി
‘മരുമകന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് തന്നില്‍ മാറ്റമുണ്ടാക്കിയിട്ടില്ല’

ഷാര്‍ജ: ബാല സാഹിത്യം അത്ര എളുപ്പമല്ല, കടുപ്പമെന്ന് പ്രഗല്‍ഭ എഴുത്തുകാരിയും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി. എല്ലാം ഡിജിറ്റലായ കാലത്ത് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ വായനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പതിനാലാമത് ഷാര്‍ജ കുട്ടികളുടെ വായനോല്‍സവത്തില്‍ അതിഥിയായെത്തിയ 400 പുസ്തകങ്ങളുടെ രചയിതാവായ സുധാ മൂര്‍ത്തി പറഞ്ഞു. ടെക്‌നോളജിയുടെ തള്ളിക്കയറ്റത്തില്‍ കുട്ടികള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. ലഡുവും ബ്രഡും കയ്യില്‍ വെച്ചു കൊടുത്താല്‍ കുട്ടികള്‍ ആദ്യം എടുക്കുക ലഡുവായിരിക്കും. അതു പോലെയാണ് ടെക്‌നോളജി. പക്ഷേ, വിവേകത്തോടെ സാങ്കേതികതയെ കൈകാര്യം ചെയ്യുകയെന്നത് പ്രധാനമാണെന്നും അതിനവരെ പ്രാപ്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മരുമകന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം തനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അതിനു മുന്‍പും ശേഷവും താന്‍ ശക്തയാണെന്നും അവര്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ പ്രതികരിച്ചു.
”മരുമകന്‍ വലിയ സ്ഥാനത്തെത്തിയാലൊന്നും മാറുന്ന വ്യക്തിത്വമല്ല എന്റേത്. ആളുകള്‍ എന്നില്‍ മാറ്റങ്ങളുണ്ടെന്ന് സ്വയം കരുതുന്നതാണ്. സുധാ മൂര്‍ത്തി ഇപ്പോള്‍ കൂടുതല്‍ ശക്തയായെന്ന് ചിലര്‍ പറഞ്ഞു. മുന്‍പേ ഞാന്‍ ശക്തയാണെന്നായിരുന്നു മറുപടി നല്‍കിയത്. ഋഷി സുനക് അന്നും ഇന്നും മകനെ പോലെയാണ്. ആ നില തന്നെയായിരിക്കും ഇനിയും തുടരുക” -അവര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലിംഗ സമത്വം സാധ്യമാവുകയുള്ളൂ. സ്ത്രീകള്‍ സ്വന്തം അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ബോധവതികളാവേണ്ടതുണ്ട്. ഈ വിഷയത്തില്‍ സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ശുഭകരമായ കാഴ്ചയാണ്. പണ്ട് എഞ്ചിനീയറിംഗിന് പഠിച്ചിരുന്നപ്പോള്‍ ഞാന്‍ ക്‌ളാസ്സിലെ ഏക വിദ്യാര്‍ഥിനിയായിരുന്നു. ഇന്ന് പക്ഷേ, എല്ലാ പ്രഫഷനല്‍ കോളജുകളിലും കാണുന്ന മാറ്റങ്ങള്‍ അത്ഭുതകരം. മലയാളം അറിയില്ലെങ്കിലും കേരളം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഏറെ ഇഷ്ടമാണെന്നും സുധാ മൂര്‍ത്തി പറഞ്ഞു. എന്റെ സെക്രട്ടറി മലയാളിയാണ്. മരുമകള്‍ പാലക്കാട് സ്വദേശി. അങ്ങനെയാണ് പൊങ്കാലയെ കുറിച്ച് മനസ്സിലാക്കിയത്. അതൊന്നു അനുഭവിക്കണമെന്ന് തോന്നി. ദൈവത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം.
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ പത്‌നി കൂടിയാണ് ഈ കര്‍ണാടകക്കാരി. സാദിഖ് കാവില്‍ സ്വാഗതം പറഞ്ഞു.