വായനോത്സവത്തില്‍ രുചി പകരാന്‍ കുക്കുറി ഷോ
ഷാര്‍ജ: എഴുത്തും വായനയും മാത്രമല്ല പാചകവും കുട്ടികള്‍ക്ക് വഴങ്ങുമെന്ന് ഷാര്‍ജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവം പ്രഖ്യാപിക്കുന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന വായനോത്സവ വേദിയില്‍ ഒരുക്കിയിട്ടുള്ള കുക്കറി ഷോ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകമായി. ദിവസവും വിവിധ തരത്തിലുള്ള ഭക്ഷണവിഭവങ്ങളാണ് കുക്കറി ഷോ വേദിയില്‍ പാകം ചെയ്യുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലെ കൗമാരക്കാരായ ഷെഫുകള്‍ ഒരുക്കിയ വിഭവങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തി. പതിനാല് വയസ്സുള്ള അബ്ദുറഹ്‌മാനും മൈത്ത അല്‍ഹഷ്മിയുമാണ് കുക്കറി ഷോയില്‍ വിസ്മയങ്ങള്‍ വിളമ്പിയത്. ഇരട്ടകളായ ഇവര്‍ എഞ്ചിനീയര്‍ ദമ്പതികളുടെ മക്കളാണ്. ചെറുപ്രായത്തില്‍ തന്നെ കുക്കറിയില്‍ ഡിപ്ലോമ കരസ്ഥമാക്കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഫ്രൈഡ് റൈസും ചിക്കന്‍ ടെറിയാക്കിയും ഉണ്ടാക്കി ഏവരെയും അതിശയിപ്പിച്ചു. ഇറ്റാലിയന്‍-ഏഷ്യന്‍ ഫ്‌ളേവറുകള്‍ ഉപയോഗിച്ച് ഇമാറാത്തി വിഭവമായ ഒര്‍സോ അല്‍തയ്ബീനും ഇവര്‍ പാകം ചെയ്തു. ഇവരുടേത് സ്വന്തമായ രുചിക്കൂട്ടുകളാണെന്നും പാചകത്തില്‍ നല്ല താല്‍പര്യമാണ് മക്കള്‍ക്കുള്ളതെന്നും അമ്മ ഹിന്ദ് അല്‍കിന്ദി പറഞ്ഞു. ദുബൈയില്‍ ശ്രദ്ധിക്കപ്പെട്ട പാചക വിദഗ്ദധരായ ഈ കുട്ടികള്‍ പ്രശസ്ത ഇമാറാത്തി കവി ഡോ. ശിഹാബ് ഖാനിമിന്റെ പേരമക്കളാണ്.