പതിനായിരം തൊഴിലാളികള്‍ക്ക് ഇഫ്താറൊരുക്കി സി.പി മുഹമ്മദ് സാലിഹ്
ആസാ ഗ്രൂപ് തൊഴിലാളികള്‍ക്കായി അജ്മാനിലെ ലേബര്‍ ക്യാമ്പില്‍ ഒരുകിയ ഇഫ്താര്‍ സംഗമത്തില്‍ ടി.എന്‍ പ്രതാപന്‍ എംപി സംസാരിക്കുന്നു
അജ്മാന്‍: ആസാ ഗ്രൂപ് അവരുടെ തൊഴിലാളികള്‍ക്കായി അജ്മാനിലെ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി. പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ക്കായി ദുബൈ വര്‍സാന്‍ ക്യാമ്പ്, അജ്മാന്‍ ആസാ ക്യാമ്പ്, ജബല്‍ അലിയിലെ രണ്ടു ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളിലായി മാര്‍ച്ച് 7, 8, 9 തീയതികളിലാണ് ഇഫ്താര്‍ ഒരുക്കിയത്. തൃശ്ശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ എല്ലാ ദിവസങ്ങളിലും മുഖ്യാ തിഥിയായി പങ്കെടുത്ത് തൊഴിലാളികളുമായി സംവദിച്ചു. പന്ത്രണ്ടില്‍ പരം വിവിധ രാജ്യക്കാരായ തൊഴിലാളികളുമായും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുമായി അടുത്തിടപഴകാനും, സംവദിക്കാനും സാധിച്ചത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പതിമൂന്നാം വയസില്‍ തുടങ്ങി ഇതു വരെ ഓണം, വിഷു ദിവസങ്ങളിലൊഴിച്ച് റമദാനിലെ എല്ലാ നോമ്പും ഒരു മുടക്കവും കൂടാതെ താന്‍ അനുഷ്ഠിച്ചു വരുന്നുവെന്നും, നോമ്പ് തനിക്ക് നല്‍കുന്ന പ്രത്യേക മാനസിക സംതൃപ്തിയും അച്ചടക്കവും വിവരണാതീതമാണെന്നും അദ്ദേഹം തൊഴിലാളികളുമായി പങ്കുവെച്ചു. വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിനാളുകള്‍ക്കാണ് സി.പി സാലിഹ് അദ്ദേഹത്തിന്റെ ആസാ ഗ്രൂപ്പിലൂടെ താങ്ങും തണലുമാവുന്നതെന്നും ഇത് അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി വിവിധ ഭാഷകളില്‍ നടത്തിയ റമദാന്‍ സന്ദേശം വ്യത്യസ്ത ഭാഷക്കാരായ തൊഴിലാളികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. മത സൗഹാര്‍ദത്തിലും സഹിഷ്ണുതയിലും ഊന്നിയുള്ള വിശ്വാസ പ്രമാണങ്ങളാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നതെന്ന് മതഗ്രന്ഥങ്ങളുദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി തുടര്‍ന്ന് വന്നിരുന്ന ഇഫ്താര്‍ സംഗമങ്ങള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നുവെന്ന് സി.പി സാലിഹ് ഓര്‍മിപ്പിച്ചു. വീണ്ടും തന്റെ കുടുംബാംഗങ്ങളോട് കൂടെ തൊഴിലാളികള്‍ക്കൊപ്പം നോമ്പ് തുറക്കാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും സാലിഹ് പറഞ്ഞു. വിഭവ സമൃദ്ധമായ ഇഫ്താര്‍ വിരുന്നിനും, പ്രാര്‍ത്ഥനക്കും ശേഷം ഇഫ്താര്‍ സംഗമത്തിന് വിരാമമായി.
