യുഎഇയില്‍ അണ്‍ലിമിറ്റഡ് തൊഴില്‍ കരാറുകള്‍ തിരുത്താനുള്ള സമയ പരിധി നീട്ടി
ദുബായ്: സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാരുടെ അണ്‍ലിമിറ്റഡ് ടേം തൊഴില്‍ കരാറുകള്‍ നിശ്ചിത കാലയളവിലേക്ക് തിരുത്താനുള്ള സമയ പരിധി യുഎഇ ഗവണ്‍മെന്റ് നീട്ടി. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഫെബ്രുവരി 2നായിരുന്നു അണ്‍ലിമിറ്റഡ് ടേം തൊഴില്‍ കരാറുകള്‍ തിരുത്താനുള്ള സമയ പരിധി. പുതിയ സമയ പരിധി ഈ വര്‍ഷം ഡിസംബര്‍ 31 ആയിരിക്കുമെന്ന് യുഎഇ മനുഷ്യ വിഭവ, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ഈ നീക്കം കമ്പനികള്‍ക്ക് കരാറുകള്‍ മാറ്റാന്‍ മതിയായ സമയം നല്‍കും. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് മികവും മത്സരക്ഷമതയും സുഗമമായ ബിസിനസും ഇത് പ്രദാനം ചെയ്യും. എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള തങ്ങളുടെ വിശ്വാസത്തില്‍ നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമം തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് നിശ്ചിത കാല കരാറുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തെ പരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍, ഒക്‌ടോബറില്‍ കരാറുകള്‍ പരിധി വ്യക്തമാക്കാതെ നിര്‍വചിക്കപ്പെട്ട കാലയളവ് ഉള്‍ക്കൊള്ളണമെന്ന് വ്യക്തമാക്കി മന്ത്രാലയം പരിധി നീക്കം ചെയ്തു.
തൊഴിലുടമയും ജീവനക്കാരനും സമ്മതിക്കുന്നിടത്തോളം കരാര്‍ സാധുവായിരിക്കും. യുഎഇയുടെ വികസന യാത്രയില്‍ സ്വകാര്യ മേഖല പങ്കാളിയാണ്. രാജ്യത്തിന്റെ ജിഡിപിയില്‍ അതിന്റെ സംഭാവനകളെ തങ്ങള്‍ വിലമതിക്കുന്നുവെന്നും സ്വദേശിവത്കരണത്തില്‍ സ്വകാര്യ മേഖലയുടെ നേട്ടങ്ങള്‍ക്ക് തങ്ങള്‍ അടുത്തിടെ സാക്ഷ്യം വഹിച്ചുവെന്നും ഇത് യുഎഇയിലെ സ്വദേശിവത്കരണത്തിന്റെ മൊത്തത്തിലുള്ള നിരക്ക് ഉയര്‍ത്താന്‍ ഗണ്യമായി സഹായിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ തൊഴില്‍ നിയമം പുതിയ തൊഴില്‍ മാതൃകകളും അവതരിപ്പിക്കുന്നു. വിദൂര സ്ഥലങ്ങളിലെ ജോലി, പങ്കിടുന്ന ജോലികള്‍, പാര്‍ട് ടൈം, താല്‍ക്കാലികവും വഴക്കമുള്ളതുമായ തൊഴില്‍ കരാറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാനപരമായി രണ്ട് കക്ഷികളുടെയും താല്‍പര്യങ്ങള്‍ നിറവേറ്റുന്ന കരാറിന്റെ തരം നിര്‍ണയിക്കാന്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും സൗകര്യമുണ്ടാകും.