ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ 29-ാം എഡിഷന്‍ ഞായറാഴ്ച സമാപിക്കും
ദുബായ്: ദുബായ് ഹാര്‍ബറില്‍ നടന്നു വരുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാരിടൈം പ്രദര്‍ശനമായ ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോയുടെ 29-ാമത് എഡിഷന്‍ ഞായറാഴ്ച സമാപിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം ഷോ സന്ദര്‍ശിച്ചു.
പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ ബോട്ടുകള്‍, യോട്ടുകള്‍, കപ്പലുകള്‍ എന്നിവയെ കുറിച്ച് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഷോ 30,000 സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് ദിവസത്തെ പ്രദര്‍ശനത്തിന് ഈ മാസം 1നാണ് തുടക്കമായത്. 5ന് ഞായറാഴ്ച സമാപിക്കും. ആഗോള പ്രദര്‍ശനത്തില്‍ ഏറ്റവും സ്വാധീനമുള്ള യോട്ടുകളുടെ ഷോയാണിത്.
ലോകത്തിലെ ഏറ്റവും വലിയ മറൈന്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള 175 നൗകകളും കപ്പലുകളും മേളയിലുണ്ട്. മാരിടൈം പരിപാടികള്‍ക്കുള്ള മികച്ച ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബായിയുടെ പദവി ഉറപ്പിക്കുന്ന പ്രദര്‍ശനമാണിത്.
ഈ വര്‍ഷം 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1,000ത്തിലധികം പ്രദര്‍ശന കമ്പനികളും ബ്രാന്‍ഡുകളും ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നു.
സന്ദര്‍ശന വേളയില്‍, പ്രിന്‍സസ് യോട്ടുകളില്‍ ശ്രദ്ധേയമായ എക്‌സ് 95 സൂപര്‍ ഫ്‌ളൈ ബ്രിഡ്ജ് ഉള്‍പ്പെടെ ചടങ്ങില്‍ അരങ്ങേറ്റം കുറിക്കുന്ന നിരവധി യോട്ടുകള്‍ ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു. ഗള്‍ഫ് ക്രാഫ്റ്റ് പവലിയനും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ലോകമെമ്പാടും അരങ്ങേറ്റം കുറിച്ച മജസ്റ്റി 111ഉം ഷോയിലുണ്ടായിരുന്നു.
വിനോദ യാച്ചിംഗ് വ്യവസായത്തില്‍ നിന്നുള്ള ആഗോള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഷോ അതിന്റെ പങ്കിനെ പ്രശംസിച്ചു.
ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ് അധ്യക്ഷനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമും ശൈഖ് മുഹമ്മദിനോടൊപ്പമുണ്ടായിരുന്നു. ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ജനറലും ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ അഥോറിറ്റിയുടെ ഡയറക്ടര്‍ ജനറലമായ ഹിലാല്‍ സഈദ് അല്‍ മര്‍റി, ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹാരിബ എന്നിവും പങ്കെടുത്തു.