2022ല്‍ ഡിഎല്‍ഡി 9,047 പെര്‍മിറ്റുകളും 6,479 ലൈസന്‍സുകളും നല്‍കി
ദുബായ്: ദുബായ് ലാന്‍ഡ് ഡിപാര്‍ട്‌മെന്റ് പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 2022ല്‍ മൊത്തം 9,047 റിയല്‍ എസ്റ്റേറ്റ് പെര്‍മിറ്റുകളും 6,479 റിയല്‍ എസ്റ്റേറ്റ് ലൈസന്‍സുകളും നല്‍കിയതായും 2021 മുതല്‍ യഥാക്രമം 46.6%, 53% വളര്‍ച്ച കൈവരിച്ചതായും രേഖപ്പെടുത്തി.
അതിവേഗം വളര്‍ച്ച കൈവച്ചു കൊണ്ടിരിക്കുന്ന ദുബായിയുടെ ശക്തമായ വളര്‍ച്ചാ വീക്ഷണവും പ്രാദേശിക വിപണിയിലെ ഉയര്‍ന്ന വരുമാനത്തിനുള്ള സാധ്യതയും മൂലം ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരില്‍ നിന്നുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡാണ് പെര്‍മിറ്റുകളുടെയും ലൈസന്‍സുകളുടെയും എണ്ണത്തിലെ ഈ വളര്‍ച്ചക്ക് കാരണം. ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനും റിയല്‍ എസ്റ്റേറ്റ് വിപണിയുടെ മത്സര ക്ഷമത കൂടുതല്‍ മെച്ചപ്പെടുത്താനും എല്ലാ പങ്കാളികളുടെയും സംരക്ഷണം ഉറപ്പാക്കാനുമുള്ള ദുബായ് ലാന്‍ഡ് ഡിപാര്‍ട്‌മെന്റിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വളര്‍ച്ച.
ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് മേഖല അതിന്റെ ശ്രദ്ധേയമായ വളര്‍ച്ചാ പാത നിലനിര്‍ത്തി കഴിഞ്ഞ വര്‍ഷം 528 ബില്യണ്‍ ദിര്‍ഹമിന്റെ റെക്കോര്‍ഡ് ഇടപാടുകള്‍ക്ക് സാക്ഷ്യം വഹിച്ചു. 2021 നെ അപേക്ഷിച്ച് 76.5% വര്‍ധനയാണ് 2022ലുണ്ടായത്. ഈ മേഖലയുടെ പ്രകടനങ്ങള്‍ ശൈഖ് മുഹമ്മദ് അവതരിപ്പിച്ച ദുബായ് എകണോമിക് അജണ്ടയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ്.
2022ല്‍ ഏറ്റവും കൂടുതല്‍ ഡിഎല്‍ഡി പെര്‍മിറ്റുകള്‍ നല്‍കിയത് 7,947 പെര്‍മിറ്റുകളുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കാണ്. തുടര്‍ന്ന് ക്‌ളാസിഫൈഡ് പരസ്യങ്ങള്‍ (180), ഔട്‌ഡോര്‍ പരസ്യങ്ങള്‍ (164), വാഹന പരസ്യങ്ങള്‍ (140), ബില്‍ബോര്‍ഡുകള്‍ (138), ഓപണ്‍ ഡേ അനൗണ്‍സ്‌മെന്റുകള്‍ (95) വാചക സന്ദേശങ്ങള്‍ (84), റിയല്‍ എസ്റ്റേറ്റ് പ്രമോഷന്‍ പ്‌ളാറ്റ്‌ഫോമുകള്‍ (75), അച്ചടിച്ച പരസ്യങ്ങള്‍ (50), പ്രൊജക്റ്റ് ലോഞ്ച് ചടങ്ങുകള്‍ (38). റിയല്‍ എസ്റ്റേറ്റ് സെമിനാറുകള്‍, പ്രമോഷണല്‍ കാമ്പയിനുകള്‍, റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനുകള്‍, പരസ്യങ്ങള്‍, പത്രങ്ങള്‍ എന്നിവക്കും പെര്‍മിറ്റുകള്‍ നല്‍കി.
ഏറ്റവും കൂടുതല്‍ ഡിഎല്‍ഡി ലൈസന്‍സുകള്‍ നല്‍കിയത് റിയല്‍ എസ്റ്റേറ്റ് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ബ്രോകറേജുകള്‍ക്കാണ് (2,308). സംയുക്ത ഉടമസ്ഥതയിലുള്ള പ്രോപര്‍ടി മാനേജ്‌മെന്റ് സേവനങ്ങള്‍, മോര്‍ട്‌ഗേജ് ബ്രോകര്‍മാര്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവയും ലൈസന്‍സുകള്‍ നല്‍കിയ മറ്റ് പ്രധാന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.
ലോകത്തിലെ ഏറ്റവും മികച്ച റിയല്‍ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന കാഴ്ചപ്പാടിനനുസൃതമായി, തടസ്സങ്ങളില്ലാത്ത സേവനങ്ങള്‍ നല്‍കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒരു ഡിജിറ്റല്‍ ആവാസ വ്യവസ്ഥയെ പരിപോഷിപ്പിച്ചു ് പങ്കാളിത്തത്തിലൂടെ വിവിധ ഡാറ്റ സ്രോതസ്സുകള്‍ ഏകീകരിച്ച് പ്രാദേശിക വിപണി മെച്ചപ്പെടുത്താനാണ് ദുബായ് ലാന്‍ഡ് ഡിപാര്‍ടമെന്റ് പ്രവര്‍ത്തിച്ചത്. പൊതു, സ്വകാര്യ പങ്കാളികള്‍ തമ്മിലുള്ള അടുത്ത സഹകരണത്താല്‍ നയിക്കപ്പെടുന്ന ഈ മേഖല ഭാവിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.