ശൈഖ് മുഹമ്മദിന്റെ ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റി’ലേക്ക് ഡോ. ആസാദ് മൂപ്പന്റെ 5 മില്യണ്‍ ദിര്‍ഹം

ദുബായ്: റമദാനിലെ ഏറ്റവും വിപുലമായ ഭക്ഷ്യ സഹായ വിതരണ ഫണ്ട് സ്ഥാപിക്കാനും വിശുദ്ധ മാസത്തില്‍ അടുത്ത 5 വര്‍ഷത്തേക്ക് ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ദുര്‍ബല സമൂഹങ്ങളെ സഹായിക്കാനുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെശഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്’ കാമ്പയിനിനെ പിന്തുണച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ 5 ദശലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ചു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ മാനുഷിക ഇടപെടലുകളുടെ ഭാഗമായാണ് ഡോ. ആസാദ് മൂപ്പന്‍ ഈ ഉദ്യമത്തെ പിന്തുണച്ച് സംഭാവന നല്‍കുന്നത്. ആരോഗ്യ പരിചരണ മേഖലയിലെ അറിയപ്പെടുന്ന സംരംഭകനും മനുഷ്യസ്‌നേഹിയുമായ ഡോ. മൂപ്പന്‍ എല്ലായ്‌പ്പോഴും ദുര്‍ബല സമൂഹങ്ങളെ പിന്തുണക്കുകയും അതിലൂടെ മെച്ചപ്പെട്ട ലോകത്തിന്റെ സൃഷ്ടിക്കായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ്.
ആഗോള തലത്തില്‍ പട്ടിണിയെ അകറ്റുകയെന്ന മഹത്തായ ലക്ഷ്യത്തോടെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കുന്ന ഉദ്യമമാണ് ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റെ’ന്ന് ഈ അവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നിരാലംബരായ ആളുകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ ആരംഭിച്ച ഈ കരുതലുള്ള ദൗത്യത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു. ദൈവം നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് പകരമായി, സമൂഹത്തിന് തിരികെ നല്‍കാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കെടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണെന്ന് വിശ്വസിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. മറ്റുവള്ളവരോട് ദയ കാണിക്കുകയെന്നത് ഒരു ശീലമായി കാണേണ്ടതാണെന്ന സന്ദേശമാണ് ഇത് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരം സംഘടിപ്പിച്ച യുഎഇയുടെ മുന്‍ റമദാന്‍ കാമ്പയിനുകളായ 2020ലെ ’10 മില്യണ്‍ മീല്‍സ’ കാമ്പയിനും തുടര്‍ന്ന് 2021 റമദാനിലെ ‘100 മില്യണ്‍ മീല്‍സ്’ കാമ്പയിനും പിന്നീട് 2022 റമദാനില്‍ ആരംഭിച്ച ‘വണ്‍ ബില്യണ്‍ മീല്‍സ്’ കാമ്പയിനിന്റെയും തുടര്‍ച്ചയായാണ് ഇത്തവണയും വിപുലമായ നിലയില്‍ വണ്‍ ബില്ല്യണ്‍ മീല്‍സ് കാമ്പെയ്ന്‍ സംഘടിപ്പിച്ചത്. 70,000ത്തിലധികം പേര്‍ സംഭാവനകള്‍ നല്‍കിയ ഈ കാമ്പയിന്‍ ഇതിനകം 404 മില്യണ്‍ ദിര്‍ഹം സമാഹരിച്ചു കഴിഞ്ഞു.
കാമ്പയിന്‍ വെബ്‌സൈറ്റ്, ടോള്‍ ഫ്രീ നമ്പര്‍ 800 9999 വഴിയുള്ള ഒരു സമര്‍പ്പിത കോള്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ അഞ്ച് പ്രധാന ചാനലുകളിലൂടെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും എന്‍ഡോവ്‌മെന്റ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്’ കാമ്പയ്ന്‍ സ്വാഗതം ചെയ്യുന്നു. എസ്എംഎസ് വഴിയുള്ള സംഭാവനകള്‍, പ്രതിമാസ സബ്‌സ്‌ക്രിപ്ഷനിലൂടെ ദിവസേന ഒരു ദിര്‍ഹം സംഭാവന ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഉപയോഗപ്പെടുത്തി ചെയ്യാം. ഡു ഉപയോക്താക്കള്‍ക്ക് ‘മീല്‍’ എന്ന വാക്ക് 1020 എന്ന നമ്പറിലേക്കും ഇത്തിസാലാത്ത് ഉപയോക്താക്കള്‍ക്ക് 1110 എന്ന നമ്പറിലേക്കും എസ്എംഎസ് അയച്ചുകൊണ്ട് സംഭാവനകള്‍ നല്‍കാം. ദുബായ് നൗ ആപ്പ് വഴി കാമ്പയ്‌നിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ഡൊണേഷന്‍സ്’ എന്ന ടാബില്‍ ക്‌ളിക്ക് ചെയ്തും സംഭാവന നല്‍കാം.