മുതുകാടിന്റെ സ്ഥാപനത്തിലെ 25 കുട്ടികളുടെ പഠന ചെലവിലേക്ക് ഡോ. കെ.പി ഹുസൈന്‍ സഹായം നല്‍കി
ദുബയ്: ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ 25 കുട്ടികളുടെ ഒരു വര്‍ഷത്തെ പഠനച്ചെലവ് ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍ ഏറ്റെടുത്തു. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെയും ഡോ. കെ.പി ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഈ പദ്ധതിയിലേക്ക് 36,50,000 രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയത്.
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ‘ദി അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസ്’ എന്ന സ്ഥാപനത്തില്‍ പരിശീലനം നേടുന്ന 25 കുട്ടികളുടെ ഒരു വര്‍ഷത്തേക്കുള്ള ചെലവാണ് വഹിക്കുന്നത്. മാനവികതയും സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചുള്ള മുതുകാടിന്റെ ബൃഹത്തായ പദ്ധതിയില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇതുസംബന്ധിച്ച് ദുബൈയില്‍ നടന്ന ചടങ്ങില്‍ ഡോ. ഹുസൈന്‍ പറഞ്ഞു. മുതുകാടിന്റെ പ്രവര്‍ത്തനം വില മതിക്കാനാവാത്തതാണെന്നും ലോകം മുഴുവന്‍ ഈ മാന്ത്രികന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുകയാണെന്നും ഡോ. ഹുസൈന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ ഡോ. ഹുസൈന്‍ നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്കുള്ള അഭയ കേന്ദ്രമാണ് കെയര്‍ ഹോം. ഹെല്‍പിംഗ് ഹാന്റ്‌സ് എന്ന ജീവകാരുണ്യ സംഘടനയാണ് കെയര്‍ ഹോം നടത്തുന്നത്. കൂടാതെ, തൃശൂര്‍ ശാന്തിഭവന്‍ പാലിയേറ്റീവ് കേന്ദ്രത്തിന് പത്ത് ലക്ഷം രൂപയും കാന്‍സര്‍ രോഗികളെ പരിപാലിക്കുന്ന സിഎച്ച് സെന്ററിന് 22,00,000 രൂപയും നല്‍കും. ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ് ജീവകാരുണ്യ മേഖലയില്‍ 1.15 കോടി രൂപയുടെ സകാത്ത് പുണ്യ മാസത്തിന് മുന്നോടിയായി സഹായമായി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫാത്തിമ ഗ്രൂപ്പിലെ മറ്റു സീനിയര്‍ സ്റ്റാഫും ഹെല്‍പിംഗ് ഹാന്റ്‌സ് ടീമും ചടങ്ങില്‍ പങ്കെടുത്തു.