തുര്‍ക്കി, സിറിയന്‍ ദുരിത ബാധിതര്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ 11 കോടി രൂപ സഹായം
ഭൂകമ്പ ബാധിത മേഖലയിലെ അടിയന്തര രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവക്കാണ് ധന സഹായം
അബുദാബി: ഭൂകമ്പം താളം തെറ്റിച്ച തുര്‍ക്കിക്കും സിറിയയ്ക്കും ആശ്വാസവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും പിന്തുണ നല്‍കാനായി അഞ്ച് മില്യണ്‍ ദിര്‍ഹം (ഏകദേശം 11 കോടി ഇന്ത്യന്‍ രൂപ) ധനസഹായം ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുള്ള എമിറേറ്റ്‌സ് റെഡ് ക്രസന്റിന് അദ്ദേഹം സഹായം കൈമാറി. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ആദ്യ ഘട്ടത്തില്‍ റെഡ് ക്രസന്റ് സഹായം ഉപയോഗിക്കും. ഒപ്പം ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള പ്രവര്‍ത്തങ്ങള്‍ക്കും പിന്തുണ ഗുണകരമാകും.
ഫെബ്രുവരി ആറിന് ആയിരുന്നു ലോകത്തെ തന്നെ നടുക്കിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 34,000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് വീട് ഇല്ലാതായി. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച ഏകദേശം 23 മില്യണ്‍ ആളുകളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ യുഎഇയും ഇന്ത്യയും എല്ലാ വിധത്തിലുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഡോ. ഷംഷീറിന്റെ സമയോചിത ഇടപെടല്‍. ഭൂകമ്പ ബാധിത മേഖലയില്‍ സഹായവും ദുരിതാശ്വാസ പ്രവര്‍ത്തകരുമായി നിരവധി വിമാനങ്ങളാണ് യു എ ഇ അയച്ചത്.
‘ഭൂകമ്പം നാശം വിതച്ച മേഖലയിലേക്ക് സഹായം എത്തിക്കാനുള്ള യു എ ഇ ഭരണകൂടത്തിന്റെ തീരുമാനം മാനുഷികതയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭാവന. ഭൂകമ്പ ബാധിതര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമാണ് മനസ്. ലോകമെമ്പാടുനിന്നുമുള്ള സഹായങ്ങള്‍ മേഖലയിലെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്നാണ് പ്രതീക്ഷ’ ഡോ . ഷംഷീര്‍ പറഞ്ഞു.
തുര്‍ക്കിക്ക് സഹായം നല്‍കാനുള്ള ഡോ ഷംഷീര്‍ വയലിന്റെ തീരുമാനത്തെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് അഭിനന്ദിച്ചു. ദുരിത ബാധിത പ്രദേശത്തെ സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്ക് തുക ഉപയോഗപ്പെടുത്തും. തുര്‍ക്കിയിലെ ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ ‘ബ്രിഡ്ജസ് ഓഫ് ഗുഡ്‌നസ്’ എന്ന സംഘടനയുടെ പേരില്‍ പ്രത്യേക പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലെ ആരോഗ്യ മേഖലയിലെ പ്രമുഖ സംരംഭകനായ ഡോ. ഷംഷീര്‍ നേരത്തെയും നിരവധി ദുരന്തവേളകളില്‍ ജനങ്ങള്‍ക്ക് സുപ്രധാന സഹായങ്ങളുമായെത്തിയിരുന്നു. സദുദ്ദേശ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും വ്യവസായ പ്രമുഖന്‍ വാറണ്‍ ബഫറ്റും ചേര്‍ന്ന് ആരംഭിച്ച ‘ദ ഗിവിങ്ങ് പ്ലെഡ്ജിന്റെ ഭാഗമാണ് 2018 മുതല്‍ ഡോ. ഷംഷീര്‍. കൂടാതെ, കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും പിന്തുണയേകാന്‍ അദ്ദേഹം മുന്നണിയില്‍ തന്നെയുണ്ടായിരുന്നു. നിരവധി ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് എഎത്തിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചു. നിപാ വൈറസ് കേരളത്തില്‍ ആശങ്ക സൃഷ്ടിച്ച സമയത്ത് 2 രൂപ കോടി ചിലവില്‍ ആവശ്യമായ മരുന്നുകളും മെഡിക്കല്‍ സപ്ലൈകളും എത്തിച്ചു. പ്രളയം തകര്‍ത്ത വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം 10 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമാക്കി പുനര്‍നിര്‍മ്മിച്ച ഡോ. ഷംഷീര്‍ 12 കോടിയിലേറെ വിലമതിക്കുന്ന ദുരിതാശ്വാസ സാമഗ്രികളും പ്രളയാനന്തരം സംസ്ഥാനത്തെത്തിച്ചിരുന്നു.