ലഹരി ഉപയോഗം: മക്കളെ ബോധവാന്മാരാക്കണം
ചിന്താശേഷി മനുഷ്യന്റെ പ്രത്യേകതയാണ്. വിശുദ്ധ ഖുര്‍ആനിലൂടെ പ്രപഞ്ച പ്രതിഭാസങ്ങളും ദൃഷ്ടാന്തങ്ങളും ചരിത്ര സംഭവങ്ങളും വിവരിക്കുന്ന അല്ലാഹു ചിന്തിക്കാനുള്ള നിര്‍ദേശവും നല്‍കുന്നുണ്ട്. കാരണം, ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന ചിന്തോദ്ദീപക മനനങ്ങള്‍ നന്മയുടെയും തിന്മയുടെയും ദിശ കാണിച്ചു തരും. മനുഷ്യനെ ചിന്തിക്കുന്ന ജീവിയാക്കുന്നത് സവിശേഷ ബുദ്ധിയാണ്. സല്‍ബുദ്ധി നന്മയിലേക്കും കുബുദ്ധി തിന്മയിലേക്കും നയിക്കുന്നതാകുന്നു. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന പവിത്ര ഇസ്‌ലാം മതം ബുദ്ധിക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ബുദ്ധി പരിപോഷണവും സംരക്ഷണവും ഇസ്‌ലാമിന്‍െ അടിസ്ഥാന നയമാണ്. ഭാഗികമായോ പൂര്‍ണമായോ താല്‍ക്കാലികമായോ നിത്യമായോ ബുദ്ധിക്ക് ഭ്രംശം സംഭവിപ്പിക്കുന്നതും സ്തംഭിപ്പിക്കുന്നതും കഠിനമായും നിഷിദ്ധമാണ്. ബുദ്ധി മരിവിപ്പിക്കുന്ന മദ്യവും ലഹരി പദാര്‍ത്ഥങ്ങളുമൊക്കെ ആ നിഷിദ്ധത്തില്‍പ്പെടും. അവയില്‍ ഏറെ അപകടകാരിയാണ് മയക്കു മരുന്ന്. വൈയക്തികം മുതല്‍ സാമൂഹിക തലം വരെയുള്ള സര്‍വ നീചത്വങ്ങളുടെയും ഉറവിടമായ ലഹരി വസ്തുക്കള്‍ സത്യവിശ്വാസി ഒരിക്കലും രുചിക്കാന്‍ പാടില്ല.
ദൈവദാനങ്ങളായ സന്താനങ്ങള്‍ രക്ഷിതാക്കളില്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട സ്വത്തുകളാണ്. അവരെ സംരക്ഷിക്കല്‍ രക്ഷാകര്‍തൃ ചുമതലയാണ്. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ദൈവ സന്നിധിയില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പുരുഷന്‍ കുടുംബ കാര്യത്തിലും സ്ത്രീ വീട്ടു കാര്യത്തിലും ഉത്തരവാദപ്പെട്ടവരെന്നാണ് നബി വചനം. മക്കളുടെ സംരക്ഷണം മാതാപിതാക്കളിലും കുടുംബത്തിലും സുഭദ്രമായിരിക്കണമെന്നര്‍ത്ഥം. പ്രഥമ സാമൂഹിക സ്ഥാപനമായ കുടുംബത്തിലൂടെയാണ് കൊച്ചുമക്കള്‍ സംസ്‌കാരങ്ങള്‍ പഠിച്ചു വളരുന്നത്. ആദ്യ വിദ്യാലയമായ കുടുംബത്തിലൂടെ തന്നെയാണ് മക്കള്‍ സ്‌നേഹവും സന്തോഷവും അനുഭവിക്കുന്നത്. കെട്ടുറപ്പും ഭദ്രതയുമുള്ള സന്തുഷ്ട കുടുംബത്തില്‍ നിന്ന് മാത്രമേ മക്കള്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിക്കുകയുള്ളൂ. നാടിനും സമൂഹത്തിനും അഭിമാനകരമാവും വിധം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് കാട്ടി മുന്നേറുന്ന മിടുക്കന്മാര്‍ സുസ്ഥിര കുടുംബത്തിന്റെ ഉല്‍പന്നങ്ങളാണ്.
പ്രഥമമായും മക്കളില്‍ മതബോധം വളര്‍ത്തണം. അതാണ് അവരെ സകല ആസക്തികളില്‍ നിന്നും ദുശ്ശീലങ്ങളില്‍ നിന്നും കാത്ത് സംരക്ഷിക്കുന്നത്. ഉമ്മമാരും ഉപ്പമാരും അക്കാര്യത്തില്‍ ഇനിയും കുറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മക്കളില്‍ ചെറുപ്പത്തില്‍ തന്നെ ദൈവബന്ധവും ദൈവഭയവും ഉണ്ടാക്കിയെടുത്താല്‍ ഭാവിയില്‍ കുടുംബാന്തരീക്ഷം സുരക്ഷിതമാക്കാം. സകല മോശത്തരങ്ങളില്‍ നിന്നും പ്രതിരോധിക്കുന്ന കവചമായി വീട്ടകങ്ങളില്‍ ദീനിബോധം സുഗന്ധ സുകൃതപൂരിതമാക്കിയിരിക്കും. അത്തരത്തിലുള്ള മക്കള്‍ തെറ്റെന്ന് തോന്നുന്നതിനോട് പോലും അടുക്കില്ല. നേര്‍വഴിയില്‍ സംശയങ്ങള്‍ക്ക് വക നല്‍കിയില്ല. ഒരു പ്രാവശ്യം ഉപയോഗിച്ചു നോക്കാമെന്ന ലാഘവ ചിന്തയാണ് പലര്‍ക്കും മുഴുസമയ കുടിയനും ലഹരിക്കാരനുമെന്ന ചാപല്യം വരുത്തിത്തീര്‍ക്കുന്നത്.
മാതാപിതാക്കള്‍ മക്കളുടെ കൂയെിരുന്ന് കുശലം നടത്തുന്ന കാഴ്ച നയനാനന്ദകരമാണ്. പ്രവാചകര്‍ (സ്വ) കുടുംബക്കാരോടൊന്നിച്ചിരുന്ന് സുഖവിവരങ്ങള്‍ ചോദിച്ചറിയുമായിരുന്നു. അങ്ങനെയുള്ള കുടുംബങ്ങള്‍ സ്‌നേഹാര്‍ദ്രവും വാത്സല്യ നിബിഡവുമായിരിക്കും. പിതാക്കള്‍ മക്കളോടൊന്നിച്ചു കൂടാന്‍ സമയം കണ്ടെത്തണം. അവരോട് കൂട്ടു കൂടി സുഹൃത്തെന്ന പ്രതീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും അഭിപ്രായങ്ങള്‍ ആരായുകയും വേണം. ഇടയ്ക്കിടെ കഥകളും അനുഭവങ്ങളും വിവരിച്ചു കൊടുക്കണം. അവരുടെ സന്തോഷങ്ങളില്‍ പങ്കാളിയാവുകയും ആഗ്രഹങ്ങള്‍ നല്ലതാണെങ്കില്‍ സഫലീകരിച്ചു കൊടുക്കുകയും വേണം. പ്രശ്‌നങ്ങള്‍ക്ക് രമ്യമായും യുക്തിപൂര്‍ണമായും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യണം. മക്കളോട് ഇടപെടുമ്പോള്‍ മയം കാണിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാഹു ഒരു വീട്ടില്‍ നന്മയുണ്ടാവാനുദ്ദേശിച്ചാല്‍ അവരില്‍ മയഭാവം ഉണ്ടാക്കിക്കൊടുക്കുമെന്നാണ് ഹദീസ് (അഹ്മദ് 24427). അനുകമ്പ ഏതൊരു കാര്യത്തെയും നന്നാക്കുകയേയുള്ളൂ. എന്നാല്‍, അതില്ലെങ്കില്‍ കാര്യം ഏറെ മോശമാവുകയും ചെയ്യും (ഹദീസ് മുസ്‌ലി 2594). ഇത്തരം സുതാര്യ നടപടിക്രമങ്ങള്‍ മക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ നല്ലൊരു ആശയവിനിമയ മാധ്യമം നിലവില്‍ വരുത്തും. അത് കാരണം പരസ്പരം മനസ്സിലാക്കാനും കൂടുതല്‍ അടുക്കാനുമാകും. വീടുകളില്‍ സ്‌നേഹവും സമാധാനവും കിട്ടാതിരിക്കുമ്പോഴാണ് മക്കള്‍ സുഹൃത്തുക്കളില്‍ അഭയം പ്രാപിച്ച് നല്ലതും ചീത്തതുമായ പല തരം മാതൃകകള്‍ തേടുന്നത്. മനുഷ്യര്‍ അവരുടെ സുഹൃത്തിന്റെ സഞ്ചാരപഥ പ്രകാരമായിരിക്കും നടപ്പ്. അതിനാല്‍ ആരോട് കൂട്ടു കൂടുന്നതെന്ന് നോക്കിക്കാണണമെന്നാണ് നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നത് (ഹദീസ് അബൂ ദാവൂദ് 4833, തുര്‍മുദി 2378). രക്ഷിതാക്കള്‍ മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയെന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. നന്മയിലേക്കാനയിക്കുന്ന, തിന്മയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്ന അനുയോജ്യനായ സുഹൃത്തിനെ കണ്ടെത്തി കൊടുക്കുകയും വേണം.
പിതാക്കള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മക്കളുടെ വ്യക്തിത്വ രൂപീകരണമാണ്. അതിനായി ഊര്‍ജവും സമയവും വിനിയോഗിക്കണം. എല്ലാവിധ പിന്തുണയുമേകി അവരുടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുകയും നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും വേണം. ദുര്‍ബലതകള്‍ കണ്ടറിഞ്ഞ് പരിഹരിക്കുകയും ചെയ്യണം. നൂതന വിദ്യകളും ഉപകാരപ്രദമായ സാങ്കേതികതകളും മക്കള്‍ക്ക് പഠിപ്പിക്കണം. സ്വയം സന്നദ്ധ സേവനത്തിന് പരിശീപ്പിക്കുകയും കായികാഭ്യാസം നല്‍കുകയും ചെയ്യണം. എല്ലാറ്റിലും നന്മയുണ്ട്. ഉപ്പമാര്‍ ചെറുപ്പത്തില്‍ തന്നെ മക്കളില്‍ ഉത്തരവാദിത്ത ബോധമുണ്ടാക്കിയെടുക്കണം. മത വിജ്ഞാന സദസ്സുകളിലും പഠന ക്‌ളാസ്സുകളിലും പങ്കെടുപ്പിച്ച് ഹൃദയശുദ്ധി വരുത്തണം. അവരുടെ മനസ്സുകളില്‍ കാര്യക്ഷമതയും കാര്യ ഗൗരവവും നട്ടു വളര്‍ത്തണം. എന്നാല്‍ മാത്രമേ പുതുതലമുറയെ മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉല്‍പന്നങ്ങളുടെയും കരാള ഹസ്തങ്ങളില്‍ നിന്നും രക്ഷിക്കാനാവുകയുള്ളൂ. തങ്ങളില്‍പ്പെട്ട ഒരാള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മനോരോഗ ചികിത്സാ കേന്ദ്രങ്ങളെ സമീപിച്ച് പുരധിവാസത്തിനും ആരോഗ്യ വീണ്ടെടുപ്പിനും മാര്‍ഗങ്ങള്‍ തേടണം. സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തരുത്. കൂടെ ചേര്‍ത്തു നിര്‍ത്തി ശരികള്‍ കാണിച്ചു കൊടുക്കുകയാണ് വേണ്ടത്.