ദുബായിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പദ്ധതി അഹമ്മദ് ബിന്‍ സുലായം ഉദ്ഘാടനം ചെയ്തു
ദുബായ്: ദുബായിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയായ ഡാന്യൂബ് ‘വ്യൂസ്’ ദുബായ് ഗവണ്‍മെന്റ് സംരംഭമായ മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഹമ്മദ് ബിന്‍ സുലായം ഉദ്ഘാടനം ചെയ്തു. ശൈഖ് സായിദ് റോഡിനും ഡിഎംസിസി മെട്രോ സ്റ്റേഷനും സമീപത്ത് ജുമൈറ ലെയ്ക്‌സ് ടവേഴ്‌സിന്റെ (ജെഎല്‍ടി) ക്‌ളസ്റ്റര്‍ കെ.യിലിലാണ് ജെഎല്‍ടി മാസ്റ്റര്‍ ഡെവലപറായ ഡിഎംസിസിയുടെ പങ്കാളിത്തത്തോടെ വ്യൂസ് യാഥാര്‍ഥ്യമാവുക. ജെഎല്‍ടിയിലെ ഡാന്യൂബ് പ്രോപര്‍ടീസിന്റെ ആദ്യ പദ്ധതിയാണിത്. ബിസിനസുകള്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായതെല്ലാം ദുബായ് ഗവണ്‍മെന്റ് നല്‍കുന്നതിനാല്‍ യുഎഇയിലെ ഏറ്റവും ജനപ്രിയമായ മിക്‌സഡ് യൂസ് കമ്യൂണിറ്റിയായി ജെഎല്‍ടി വളര്‍ന്നതായും ബിന്‍ സുലായം വ്യക്തമാക്കി. ‘വ്യൂസു’ം അതിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഫര്‍ണിഷ്ഡ് ഇന്റീരിയറുകളും ജെഎല്‍ടിയുടെ മൂല്യം വര്‍ധിപ്പിക്കും. ഈ ഐതിഹാസിക പ്രൊജക്ട് സമൂഹത്തിന് നല്‍കാന്‍ ഡാന്യൂബ് പ്രോപര്‍ടീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര ജീവിതത്തെ പുനര്‍നിര്‍വചിക്കുക മാത്രമല്ല, ഗള്‍ഫിലെ ആദ്യ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഫര്‍ണിഷ്ഡ് പ്രൊജക്ട് എന്ന നിലയിലും ‘വ്യൂസ്’ ഓര്‍മിക്കപ്പെടുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഡാന്യൂബ് ഗ്രൂപ് സ്ഥാപക ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ അനീസ് സാജന്‍, എംഡി ആദില്‍ സാജന്‍ എന്നിവരും സന്നിഹിതരായിരുന്നു.
‘വ്യൂസ്’ പദ്ധതി പൂര്‍ത്തിയായാല്‍ 1.4 ബില്യന്‍ ദിര്‍ഹമിലേറെ മൂല്യമുള്ള അപാര്‍ട്‌മെന്റുകളും സ്‌കൈ വില്ലകളും ആവശ്യക്കാര്‍ക്ക് കൈമാറുന്നതാണ്.
ഉപയോക്താക്കള്‍ക്ക് അവരുടെ വീടിനായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഫര്‍ണിഷ് ചെയ്ത ഇന്റീരിയറുകള്‍ തെരഞ്ഞെടുക്കാനും കഴിയും. ഉയര്‍ന്ന നിലവാരമുള്ള റിയല്‍ എസ്റ്റേറ്റ് വികസന വിപണിയിലേക്കുള്ള ഡെവലപറുടെ നീക്കത്തെ അടയാളപ്പെടുത്തുന്ന ഡാന്യൂബ് പ്രോപര്‍ടീസിന്റെ ആദ്യ ആഡംബര റെസിഡന്‍ഷ്യല്‍ സംരംഭമാണിത്.
ദുബായുടെ നഗര ദൃശ്യത്തിന്റെ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന സ്റ്റുഡിയോകള്‍, സിംഗ്ള്‍ ബെഡ്‌റൂം അപാര്‍ട്‌മെന്റുകള്‍, 2-3 ബെഡ്‌റൂം ഫ്‌ളാറ്റുകള്‍, സ്‌കൈ വില്ലകള്‍ (ഡ്യൂപ്‌ളെക്‌സ് ഹോമുകള്‍) എന്നിവ വ്യൂസ് വിതരണം ചെയ്യും. എല്ലാ 2-3 ബെഡ്‌റൂം അപാര്‍ട്‌മെന്റുകളിലും സ്‌കൈ വില്ലകളിലും സ്വകാര്യ സ്വിമ്മിംഗ് പൂളുകളുണ്ടാകും. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഫര്‍ണിഷ് ചെയ്ത ഇന്റീരിയറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനോടു കൂടിയ സ്റ്റുഡിയോ അപാര്‍ട്‌മെന്റിന്റെ വില 950,000 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു. ഹെല്‍ത് ക്‌ളബ്, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, കിഡ്‌സ് പൂള്‍, ഓപണ്‍ എയര്‍ ബാര്‍ബിക്യൂ ഏരിയ, ജോഗിംഗ് ട്രാക്ക്, ടെന്നീസ് കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, കിഡ്‌സ് ഏരിയ, കിഡ്‌സ് ഡേ കെയര്‍ തുടങ്ങി 40ലേറെ സൗകര്യങ്ങളുമായാണ് ‘വ്യൂസ്’ ഹോമുകള്‍ വരുന്നത്.
‘വ്യൂസി’നൊപ്പം, ഡാന്യൂബ് പ്രോപര്‍ടീസിന്റെ നിലവിലെ വികസന പോര്‍ട്‌ഫോളിയോയില്‍ 21 പ്രൊജക്ടുകളും 10,021 യൂണിറ്റുകളും ഉള്‍പ്പെടുന്നു. സംയോജിത വില്‍പന മൂല്യം 8.15 ബില്യണ്‍ ദിര്‍ഹം കവിയും. ഇതിനകം ആരംഭിച്ച 21 പദ്ധതികളില്‍ ഇതു വരെ 11 എണ്ണം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ, വര്‍ഷം പകുതിയോടെ 3 പ്രൊജക്ടുകള്‍ കൂടി വിതരണം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.